ബേക്കറി ജീവനക്കാരനെ പോലീസ്‌ മര്‍ദ്ദിച്ചതായി പരാതി

Thursday 18 October 2012 10:58 pm IST

അങ്കമാലി : ചോദിച്ച സാധനം കൊടുക്കാന്‍ മറന്നു. പോലീസ്‌ ബേക്കറി ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ യുവാവ്‌ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അങ്കമാലി പോലീസ്‌ സ്റ്റേഷന്‌ മുന്‍വശത്തുള്ള ബെസ്റ്റ്‌ ബേക്കറിയില്‍ ജീവനക്കാരനായ ചിറ്റൂര്‍ പട്ടാഞ്ചേരി മുട്ടുച്ചിറ വീട്ടില്‍ ശിവരാമന്റെ മകന്‍ ശിവദാസനാണ്‌ അങ്കമാലി പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന്‌ ഇരയായി ആശുപത്രിയില്‍ കഴിയുന്നത്‌.
അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഓഫീസിലെ ജീവനക്കാരനായ ജോഷി ബെസ്റ്റ്‌ ബേക്കറിയില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ച രാത്രി സിനിമ കാണുവാന്‍ പോകുന്നതിന്‌ മുമ്പായി ബേക്കറി സാധനങ്ങള്‍ വാങ്ങിയിരുന്നു. ഈ സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ഗുലാംജാം കൂടി ആവശ്യപ്പെട്ടിരുന്നു. മറ്റു സാധനങ്ങള്‍ തൂക്കി നല്‍കിയപ്പോള്‍ ഗുലാംജാം മാത്രം നല്‍കുവാന്‍ ജീവനക്കാരന്‍ മറന്നതാണ്‌ മര്‍ദ്ദനത്തിന്‌ കാരണമായത്‌. ഗുലാം ജാം ഒഴിച്ചുള്ള മറ്റു ബേക്കറി സാധനങ്ങളുടെ വിലയായ 97 രൂപ ബേക്കറിയില്‍ കൊടുത്ത്‌ സമീപത്തെ തീയ്യറ്റില്‍ എത്തിയപ്പോളാണ്‌ ഗുലാം ജാം പായ്ക്കറ്റില്‍ ഇല്ലാ എന്നകാര്യം ജോഷി അറിയുന്നത്‌.
തുടര്‍ന്ന്‌ സിനിമയുടെ ഇടവേളയുടെ സമയത്ത്‌ ഷട്ടര്‍ താഴ്ത്തിയിട്ടിരുന്ന ബേക്കറി ബലമായി തുറന്ന്‌ അകത്ത്‌ കയറി ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന്‌ മര്‍ദ്ദനമേറ്റ ശിവദാസനെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ പിടിച്ചുകൊണ്ടുപോയി. പോലീസ്‌ സ്റ്റേഷനില്‍ എത്തിയ ശേഷവും അങ്കമാലി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളം പോലീസുകാര്‍ ഞായറാഴ്ച വൈകിട്ട്‌ നാല്‌ മണി വരെ ക്രൂരമായി മര്‍ദ്ദിച്ചതായും ശിവദാസ്‌ പറഞ്ഞു. തുടര്‍ന്ന്‌ ശിവദാസിന്റെ പേരില്‍ 2139/12 നമ്പര്‍ പ്രകാരം 341, 323, 506 (1) എന്നീ വകുപ്പകള്‍ പ്രകാരം പോലീസ്‌ കള്ളകേസെടുക്കുകയും ചെയ്തു. ഗുലാം ജാമിന്റെ പണം എടുത്തില്ലായെന്നും മറന്നുപോയതില്‍ ക്ഷമ ചോദിച്ചിട്ടും പഴയ പരിചയം പറഞ്ഞിട്ടും പോലീസ്‌ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ ജോഷിയുടെ കൈ ഉളുക്കുകയും ചെയ്തിട്ടുണ്ട്‌. മര്‍ദ്ദനമേറ്റ്‌ അവശനായ ശിവദാസിനെ വിട്ടയയ്ക്കുന്നതിന്‌ മുമ്പ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ശരീരത്തില്‍ കേടുപാടുകള്‍ പറ്റിയിട്ടില്ലായെന്ന്‌ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ശിവദാസിന്‌ അങ്കമാലി എല്‍.എഫ്‌. ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ്‌ ശരീരത്തില്‍ പറ്റിയ പരുക്കുകള്‍ പുറംലോകം അറിയുന്നത്‌.
പോലീസുകാരനായ ജോഷി മദ്യപിച്ചാണ്‌ കടയില്‍ എത്തിയത്‌. ജോഷിയെയും മര്‍ദ്ദനത്തിന്‌ നേതൃത്വം നല്‍കിയവരെയും മാതൃകപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ മര്‍ദ്ദനമേറ്റ യുവാവ്‌ മുഖ്യമന്ത്രിയുള്‍പ്പെടെ ഉന്നത പോലീസ്‌ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയിരിക്കുകയാണ്‌. യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്‌ നേതൃത്വം നല്‍കിയ പോലീസുകാരെയും മര്‍ദ്ദിച്ച പോലീസുകാരെയും തിരിച്ചറിയല്‍ പരേഡിന്‌ വിധേയരാക്കി ശിക്ഷിക്കണമെന്നാണ്‌ അവശ്യം ശക്തമായിട്ടുള്ളത്‌


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.