കോട്ടയ്ക്കല്‍ ചന്ദ്രശേഖരന് കലാമണ്ഡലം ഫെല്ലോഷിപ്പ്

Saturday 20 October 2012 5:33 pm IST

കഴിഞ്ഞ വര്‍ഷത്തെ കലാമണ്ഡലം ഫെല്ലോഷിപ്പിന് കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യരെ തെരഞ്ഞെടുത്തു. വൈസ് ചാന്‍സലര്‍ ഡോ. പി. എന്‍, സുരേഷ് , നിര്‍വ്വാഹക സമിതി അംഗങ്ങളായ പന്തളം സുധാകരന്‍ , വാസന്തി മേനോന്‍ , രജിസ്ട്രാര്‍ കെ.കെ. സുന്ദരേശന്‍ എന്നിവര്‍ തൃശൂരില്‍ പത്രസമ്മേളനത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രശസ്തി പത്രവും പൊന്നാടയും 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള കലാകാരനാണ് ചന്ദ്രശേഖര വാര്യര്‍. പ്രശസ്ത മോഹിനിയാട്ടം കലാകാരി ഭാരതി ശിവജിക്കാണ് കലാരത്നം അവാര്‍ഡ്. പ്രശസ്തി പത്രവും 20,000 രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് കലാരത്നം അവാര്‍ഡ്. കഥകളി വേഷത്തിനുള്ള കഴിഞ്ഞ വര്‍ഷത്ത അവാര്‍ഡിന് മയ്യനാട് കേശവന്‍ നമ്പൂതിരി യും കഥകളി സംഗീതത്തിനുള്ള അവാര്‍ഡിന് കലാമണ്ഡലം സുരേന്ദ്രനും അര്‍ഹനായി. കഥകളി , ചെണ്ട അവാര്‍ഡിന് കലാമണ്ഡലം ബലരാമനേയും കഥകളി, മദ്ദളം അവാര്‍ഡിന് സദനം ശ്രീധരനേയും കഥകളി ,ചുട്ടി , ചമയം അവാര്‍ഡിന് കലാനിലയം പരമേശ്വരനേയും തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ കൂടിയാട്ടം അവാര്‍ഡ് കലാമണ്ഡലം ഷൈലജക്കാണ്. കലാമണ്ഡലം സുമതിയെ നൃത്തത്തിനുള്ള അവാര്‍ഡിനും ചെമ്പൈ കോദണ്ഡ രാമയ്യരെ കര്‍ണാടക സംഗീതത്തിനുള്ള അവാര്‍ഡിനും തെരഞ്ഞെടുത്തു. തുള്ളലിനുള്ള കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് പ്രഭാകരന്‍ പുന്നശ്ശേരിക്കാണ്. മികച്ച കലാഗ്രന്ഥമായി വെള്ളിനേഴി അച്യുതന്‍ കുട്ടിയുടെ കഥകളിപ്പദങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്തി പത്രവും ഫലകവും 15,000 രൂപ യുടെ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് ഈ അവാര്‍ഡുകളെല്ലാം. ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ പുരസ്ക്കാരം കലാമണ്ഡലം ബാബു നമ്പൂതിരിക്കും ഡോ. വി.എസ്. ശര്‍മ്മ എന്‍ഡോവ്മെന്റ് അവാര്‍ഡ് കലാമണ്ഡലം മോഹന കൃഷ്ണനുമാണ് നല്‍കുക. മന്നക്കുളം മുകുന്ദരാജ സ്തുതി പുരസ്ക്കാരത്തിന് ഭാഷാപണ്ഡിതനും ഗ്രന്ഥകാരനും കലാരസികനുമായ ഡോ. വി.എസ്. ശര്‍മ്മയും അര്‍ഹനായി. വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ പന്തളം സുധാകരന്‍ വൈസ് ചെയര്‍മാനും മടവൂര്‍ വാസുദേവന്‍ നായര്‍ , പി.കെ. നാരായണന്‍ നമ്പ്യാര്‍ , മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി , കലാമണ്ഡലം സത്യഭാമ , വാസന്തി മേനോന്‍ , കലാമണ്ഡലം ഗോപിനാഥ പ്രഭ , പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡുകളും എന്‍ഡോവ്മെന്റുകളും നിര്‍ണ്ണയിച്ചത്. കലാമണ്ഡലം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 9 ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.