ആസ്സാം: മാധ്യമങ്ങള്‍ കാണാത്തത്‌

Saturday 20 October 2012 7:14 pm IST

ആസാം ഇപ്പോള്‍ വാര്‍ത്തകളിലില്ല. ഒരിടവേളയുടെ ശാന്തതയിലാകാം. പക്ഷേ, അരക്ഷിതാവസ്ഥയുടെ അശാന്തിയിലാണ്‌ ഓരോ കുടുംബവും. അവര്‍ക്കറിയാം ഒന്നും അവസാനിച്ചിട്ടില്ലെന്ന്‌. തീവെയ്പും കൊലപാതകങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മാത്രം ചര്‍ച്ചചെയ്യപ്പെടേണ്ടതല്ല ആസാം പ്രശ്നം. അതിജീവനത്തിന്റെ ബാലപാഠങ്ങള്‍ തെറ്റിപ്പോയവന്റെ തിക്താനുഭവങ്ങളുടെ കഥയാണ്‌ ആസാമിലെ തനത്‌ വംശജരായ ബോഡോകളുടേത്‌. കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന ചരിത്രാതീത പ്രമാണത്തിന്റെ നേര്‍സാക്ഷികള്‍ കൂടിയാണ്‌ ഇവര്‍. തലമുറകളായി കാത്തുസൂക്ഷിച്ച വീടും കൃഷിസ്ഥലങ്ങളും അന്യാധീനപ്പെടുന്നതിന്റെ ആത്മരോഷം അടങ്ങിയിട്ടില്ല ആര്‍ക്കും. തനത്‌ സംസ്കാരവും ജീവിതശൈലിയും നഷ്ടമായി തങ്ങള്‍ ന്യൂനപക്ഷമാകുന്നതിന്റെ അമ്പരപ്പും തീര്‍ന്നിട്ടില്ല. സഹിച്ചു മടുത്തവന്റെ പ്രതികരണങ്ങളാവും രാജ്യം നടുക്കത്തോടെ കണ്ട ആസാം കലാപം.
അക്രമം ക്ഷമിക്കപ്പെടുന്ന കാലത്തോളം കലാപമുണ്ടാകില്ല. ഉണ്ടായാല്‍ രക്തച്ചൊരിച്ചിലും നിലവിളികളുമായി നഷ്ടങ്ങളുടെ വലിയ കണക്കുമായാണ്‌ അത്‌ അവസാനിക്കുന്നത്‌. വെറുമൊരു വാക്കുതര്‍ക്കമോ, നിമിഷനേരത്തെ പ്രകോപനമോ ആയിരുന്നില്ല ആസാം കലാപത്തിന്‌ പിന്നില്‍. ആസാം പ്രശ്നത്തെ സത്യസന്ധമായി സമീപിച്ചില്ലെങ്കില്‍, ജനാധിപത്യവ്യവസ്ഥക്ക്‌ അനുയോജ്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും സ്വതന്ത്രപരമാധികാര രാഷ്ട്രത്തിന്‌.
മനസ്സിലാക്കേണ്ടത്‌ ഇതാണ്‌. ആസാമിലെ ബോഡോ വിഭാഗം പതിറ്റാണ്ടുകളായി പ്രതിഷേധിക്കുന്നത്‌ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലീങ്ങളോടല്ല. അതങ്ങനെയാണെന്ന്‌ ആരൊക്കെയോ വരുത്തിത്തീര്‍ക്കുകയാണ്‌. ബംഗ്ലാദേശില്‍ നിന്ന്‌ കടന്നുകയറി ഇന്ത്യയുടെ മണ്ണ്‌ അപഹരിക്കുന്ന നുഴഞ്ഞുകയറ്റക്കാരന്റെ ധാര്‍ഷ്ട്യത്തെയാണ്‌ അവര്‍ ചോദ്യം ചെയ്യുന്നത്‌. നുഴഞ്ഞുകയറ്റക്കാര്‍ക്ക്‌ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നവരോടും ഒക്കെയും കണ്ട്‌ കണ്ണടക്കുന്ന ഭരണനേതൃത്വത്തോടുമാണ്‌ സ്വന്തം മണ്ണില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെടുന്ന ഈ ഗോത്രവര്‍ഗക്കാരുടെ പ്രതിഷേധം. ഈ വസ്തുത മറച്ചുവച്ച്‌ ബോഡോ വംശജരുടെ പ്രതിഷേധം തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്‌. മുസ്ലീംവിരുദ്ധവികാരമായി അതിനെ വളര്‍ത്തുകയാണ്‌. നുഴഞ്ഞുകയറ്റക്കാരായ മുസ്ലീങ്ങളുടെ ശക്തമായ ആയുധം ന്യൂനപക്ഷവിഭാഗമെന്ന ലേബലാണ്‌. ഇതിനിടെ യഥാര്‍ത്ഥ പ്രശ്നം തമസ്ക്കരിക്കപ്പെടുമ്പോള്‍ പാവം പൊതുജനം സത്യം മനസ്സിലാക്കുന്നില്ല.
ആസാമില്‍ രണ്ട്‌ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വന്‍കലാപമായി വളര്‍ന്നെന്ന്‌ മാധ്യമങ്ങള്‍ വിവരിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണവും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനവും വന്‍വാര്‍ത്തയാക്കി അവതരിപ്പിച്ചു. കലാപത്തിന്‌ പിന്നിലെ യഥാര്‍ത്ഥ കാരണം ആരും അന്വേഷിച്ചില്ല. കലാപം ആളിപ്പടരുന്നതിനിടെ എരിതീയില്‍ എണ്ണയൊഴിക്കുന്നതു പോലെ മുസ്ലിം ന്യൂനപക്ഷമെന്ന വാക്ക്‌ എല്ലാ മാധ്യമങ്ങളും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ആസാമിന്റെ കലാപങ്ങളുടെ ചരിത്രവും കുടിയേറ്റ ജനതയുടെ ധാര്‍ഷ്ട്യവും സ്വന്തം മണ്ണില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെടുന്ന ബോഡോ വംശജരുടെ നിസ്സഹായതയും ലോകത്തോട്‌ പറയാതെ മാധ്യമങ്ങള്‍ ആസാം ഉപേക്ഷിച്ച്‌ അടുത്ത ബ്രേക്കിംഗ്‌ ന്യൂസിലേക്ക്‌ ചാടി.
വ്യക്തികളും സംഘടനകളും എന്തിന്‌ പരമോന്നത നിതിന്യായപീഠം വരെ അസന്ദിഗ്ദ്ധം ഉറപ്പിച്ചു പറയുന്നു ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം നുഴഞ്ഞുകയറ്റം തടയണമെന്ന്‌. ജനസംഖ്യാകണക്കെടുപ്പുകളില്‍ അധികൃതരെപ്പോലും അമ്പരപ്പിച്ച്‌ അതിര്‍ത്തി ഗ്രാമങ്ങളിലെ മുസ്ലീംജനസംഖ്യ കുത്തനെ വര്‍ദ്ധിക്കുകയാണ്‌. അതിര്‍ത്തി കടന്ന്‌ അനധികൃതമായി കടന്നുവരുന്ന ഒരു വിഭാഗം കയ്യൂക്കും ആയുധവുമുപയോഗിച്ച്‌ രാജ്യത്തെ കാടിന്റെയും നദികളുടെയും കൃഷിസ്ഥലങ്ങളുടെയും അധിപരാകുമ്പോള്‍ ഇവയൊക്കെ സംരക്ഷിക്കേണ്ട സര്‍ക്കാരുകള്‍ മൗനം തുടരുന്നതും കണ്ടില്ലെന്ന്‌ നടിക്കുന്നതും ആര്‍ക്കുവേണ്ടി.
ആസാമിലെ ജനസംഖ്യ 1901 ല്‍ 33 ലക്ഷത്തോളമായിരുന്നത്‌ 1971 ല്‍ ഒന്നരക്കോടിയിലെത്തി. 71 ന്‌ ശേഷം ആസാമില്‍ ബംഗാളി സംസാരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയായിരുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യ 150 ശതമാനം വര്‍ദ്ധിച്ചിടത്ത്‌ ആസാമിലിത്‌ 343.7 ശതമാനമാണ്‌ കൂടിയത്‌. കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷനംഗമായ എച്ച്‌.എസ്‌.ബ്രഹ്മ അടുത്തിടെ എഴുതിയ ലേഖനത്തില്‍ 2011 ലെ സെന്‍സസ്‌ പ്രകാരം ആസാമിലെ മൊത്തം 27 ജില്ലകളില്‍ 11 ഉം മുസ്ലീം ഭൂരിപക്ഷമാകുമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. മുസ്ലീംസമുദായത്തിലെ നിരക്ഷരതയാണ്‌ ക്രമാതീതമായി ജനസംഖ്യ ഉയരാന്‍ കാരണമെന്നാണ്‌ മുഖ്യമന്ത്രി തരുണ്‍ ഗഗോയ്‌ കണ്ടെത്തിയിരിക്കുന്നത്‌. പക്ഷേ ഇതിന്‌ കടക വിരുദ്ധമായ നിരീക്ഷണങ്ങളാണ്‌ കോടതികള്‍ നടത്തിയത്‌.
കോടതികള്‍ നിരീക്ഷിച്ചത്‌ -രാജ്യത്തിന്‌ സുരക്ഷാഭീഷണി തീര്‍ത്ത ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ തിന്നുതീര്‍ക്കുകയാണ്‌. അനധികൃത കടന്നുകയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകും. -2001 ഫെബ്രുവരി ആറിനാണ്‌ സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്‌. ചീഫ്‌ ജസ്റ്റിസ്‌ എ.എസ്‌. ആനന്ദ്‌, ജസ്റ്റിസുമാരായ ആര്‍.സി. ലാഹിറി, ബ്രജേഷ്‌ കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. 2005 ജൂലൈയില്‍ കോടതി വീണ്ടും പ്രശ്നത്തില്‍ ഇടപെട്ടു. നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരെ എത്രയും പെട്ടെന്ന്‌ തിരിച്ചയക്കണമെന്ന്‌ ജസ്റ്റിസുമാരായ ലഹോട്ടി, മാത്തൂര്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച്‌ നിര്‍ദ്ദേശിച്ചു. ഇതനുസരിക്കാത്ത സര്‍ക്കാരിന്‌ 2006 ഡിസംബര്‍ അഞ്ചിന്‌ എസ്‌.പി. സിന്‍ഹ, പി.കെ.ബാലസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച്‌ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ ആസാമിലെ കിംഗ്‌ മേക്കര്‍മാരാകുന്നു എന്ന്‌ 2008 ജൂലൈ 23 ന്‌ പുറപ്പെടുവിച്ച്‌ ഉത്തരവില്‍ ഗുവാഹത്തി ഹൈക്കോടതിയും നിരീക്ഷിച്ചു.
ബോഡോ വംശജരുടെ നിരന്തരമായ ആവശ്യപ്രകാരം 2003 ഫെബ്രുവരി പത്തിനാണ്‌ കൊക്രജാര്‍ തലസ്ഥാനമാക്കി ബോഡോ ലാന്‍ഡ്‌ ടെറിറ്റോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചത്‌. കൊക്രജാര്‍, ബക്സ, ചിരാംഗ്‌, ഉദല്‍ഗരി എന്നീ ജില്ലകള്‍ ചേര്‍ന്നതാണ്‌ ബോഡോലാന്‍ഡ്‌. എന്നാല്‍ ബോഡോ വംശജര്‍ക്ക്‌ ഭൂരിപക്ഷമുള്ള പ്രദേശമെന്ന നിലയില്‍ രൂപീകരിച്ച ബോഡോ ലാന്‍ഡില്‍ മുസ്ലീം ജനസംഖ്യ ക്രമാതീതമായി ഉയരുകയും ബോഡോ വിഭാഗം ന്യൂനപക്ഷമാകുകയും ചെയ്യുന്ന കാഴ്ചയാണ്‌ ഇപ്പോള്‍. ജനസംഖ്യയുടെ 30 ശതമാനത്തോളം മുസ്ലീംങ്ങളാണ്‌ ഇവിടെയുള്ളത്‌. അവശേഷിക്കുന്നവര്‍ ബോഡോ വിഭാഗീയരല്ലാത്ത തദ്ദേശീയവാസികളാണ്‌. ആസാമിലെ മുസ്ലീം പ്രാതിനിധ്യമുള്ള 13 ജില്ലകള്‍ ചേര്‍ത്ത്‌ മുസ്ലിം ലാന്‍ഡ്‌ രൂപീകരിക്കണമെന്നാണ്‌ ആസാമിലെ മുസ്ലീംസംഘടനയായ യുണൈറ്റഡ്‌ മുസ്ലീം നാഷണല്‍ ആര്‍മിയുടെ ആവശ്യം.
ഇതാദ്യമായല്ല ആസാമില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത്‌. കാല്‍ക്കീഴില്‍ നിന്ന്‌ മണ്ണൊലിച്ചുപോകുന്നതറിഞ്ഞ്‌ ആദിമസംസ്ക്കാരവും ജീവിതശൈലിയും തുടച്ചുമാറ്റപ്പെടുന്നതറിഞ്ഞ്‌ ബോഡോ വിഭാഗം സ്വതന്ത്രാധികാരാവകാശത്തിനായി വാദിച്ചു തുടങ്ങിയത്‌ 60കളിലാണ്‌. എണ്‍പതിലും തൊണ്ണൂറുകളിലും സംഘര്‍ഷങ്ങള്‍ പതിവായി. സമാധാനമാര്‍ഗങ്ങളിലൂടെ നിലനില്‍പ്പിനായി പോരാടിയവര്‍ക്കൊപ്പം സായുധപോരാട്ടക്കാരും ചേര്‍ന്നു. ബോഡോ ലിബറേഷന്‍ ടൈഗേഴ്സ്‌, നാഷണല്‍ ഡമോക്രറ്റിക്‌ ഫ്രണ്ട്‌ ഓഫ്‌ ആസാം, മുസ്ലീം ലിബറേഷന്‍ ടൈഗേഴ്സ്‌ ഓഫ്‌ ആസാം, ആള്‍ മൈനോറിറ്റി സ്റ്റുഡന്‍സ്‌ യൂണിയന്‍ എന്നിവയാണ്‌ തീവ്രനിലപാട്‌ സ്വീകരിക്കുന്ന സംഘടനകള്‍. ബോഡോലാന്‍ഡിലെ മുസ്ലീങ്ങള്‍ക്കായി ആള്‍ ബോഡോലാന്‍ഡ്‌ മൈനോറിറ്റി സ്റ്റുഡന്‍സ്‌ യൂണിയന്‍ എന്നൊരു സംഘടന വേറെയുമുണ്ട്‌.
ഈ വര്‍ഷം നടന്നത്‌ നിരപരാധികളുടെ ജീവനും സ്വത്തും കവര്‍ന്നെടുത്ത, ലക്ഷങ്ങളെ അഭയാര്‍ത്ഥികളാക്കിയ കലാപത്തിന്റെ തുടക്കം ഇക്കഴിഞ്ഞ ജൂലൈ ആറിനായിരുന്നു. കൊക്രജാര്‍ ജില്ലയില്‍ ബോഡോ വംശജരായ നാലുപേര്‍ ആക്രമിക്കപ്പെട്ടത്‌ ചോദ്യം ചെയ്തത്‌ രണ്ട്‌ പേരുടെ കൊലപാതകത്തില്‍ കലാശിച്ചു. തുടര്‍ന്ന്‌ ബോഡോവിഭാഗം തിരിച്ചടിക്കുകയും സംഘര്‍ഷം കലാപത്തിലെത്തുകയുമായിരുന്നു. കൊക്രജാര്‍ ധൂബ്രി, ചിരാഗ്‌, ബക്സാം എന്നീ നാല്‌ ജില്ലകളിലേക്ക്‌ കലാപം പടര്‍ന്നു കയറി. നൂറുകണക്കിന്‌ വീടുകള്‍ കത്തിച്ചാമ്പലായി. രണ്ട്‌ ലക്ഷത്തിലേറെ പേര്‍ക്ക്‌ വീട്‌ നഷ്ടപ്പെട്ടു. 270 അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറക്കപ്പെട്ടു.
ബോഡോ- നുഴഞ്ഞുകയറ്റമുസ്ലീം കലാപത്തിന്‌ മതപരിവേഷം നല്‍കി രാജ്യമൊട്ടാകെ നടന്ന കുപ്രചാരണമാണ്‌ ആസാം കലാപത്തിലെ ഏറ്റവും ക്രൂരമായ തമാശ. മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും തിരിച്ചടിക്കണമെന്നും ആഹ്വാനം ചെയ്ത്‌ ദൃശ്യങ്ങള്‍ സഹിതം വ്യാജസന്ദേശങ്ങള്‍ പ്രവഹിച്ചു. വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ പഠനത്തിനും ജോലിയ്ക്കുമായി മറ്റ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടിയേറിയവരുടെ മനസ്സില്‍ തീ കോരിയിടുന്നതായിരുന്നു ഇത്‌. ആഗസ്റ്റ്‌ 8, 9 തീയതികളില്‍ മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പൂനെയില്‍ ആക്രമിക്കപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും ആളുകളും ഭയന്ന്‌ തിരികെ സ്വന്തം നാട്ടിലേക്ക്‌ പോകാനായി ഋല്‍വേസ്റ്റേഷനുകളില്‍ കാത്തുകിടക്കുന്ന കാഴ്ചയായിരുന്നു പിന്നീട്‌. ബംഗളൂരു ഉള്‍പ്പെടെയുള്ള റെയില്‍വേസ്റ്റേഷനുകള്‍ ഇവരെക്കൊണ്ട്‌ നിറഞ്ഞു. മുംബൈയിലും ദല്‍ഹിയിലും ആസാം കലാപത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടപ്പെട്ടു. സംസ്ഥാനസര്‍ക്കാരുകള്‍ തമ്മില്‍പ്പോലും അഭിപ്രായവ്യത്യാസത്തിലെത്തുന്ന തരത്തില്‍ കാര്യങ്ങളെത്തി. ഇന്റര്‍നെറ്റ്‌ നിയന്ത്രണമെന്ന കടുത്ത നടപടിയിലേക്ക്‌ കടക്കേണ്ടി വന്നു കേന്ദ്രസര്‍ക്കാരിന്‌. ഒരു രാജ്യമൊന്നാകെ കത്തിക്കാനുള്ള തീ നിറച്ചാണ്‌ മുസ്ലീം തീവ്രവാദ സംഘടനകള്‍ ബോഡോ-നുഴഞ്ഞുകയറ്റ കലാപത്തെ വര്‍ഗീയവത്ക്കരിച്ചതെന്ന്‌ ചുരുക്കം.
കലാപത്തിന്‌ പിന്നില്‍ അനധികൃത കുടിയേറ്റക്കാരാണ്‌ കലാപത്തിന്റെ പിന്നിലെ മുഖ്യകാരണമെന്ന്‌ പ്രദേശം സന്ദര്‍ശിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കുടിയേറ്റക്കാരുടെ കയ്യേറ്റം തദ്ദേശീയരായ ജനങ്ങളെ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതാണെന്ന്‌ നാഷണല്‍ ക്രിസ്റ്റ്യന്‍ കൗണ്‍്സില്‍ ഓഫ്‌ ഇന്ത്യ ജനറല്‍ സെക്രട്ടറി റോജര്‍ ഗയക്‌വാഡ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്‌ നേരിട്ടെഴുതിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നുഴഞ്ഞുകയറ്റം തടയാന്‍ നടപടിയെടുക്കാത്ത കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളാണ്‌ കലാപത്തിന്റെ ഉത്തരവാദികളെന്നും ക്രിസ്റ്റ്യന്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചു. പരമോന്നത നീതിപീഠത്തില്‍ നിന്ന്‌ പലതവണ കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ താക്കീതുണ്ടായിട്ടും ഈ വിഷയത്തില്‍ യാതോരു മുന്നറിവും ഇല്ലാത്തതുപോലെയാണ്‌ ആസാം സര്‍ക്കാരും കേന്ദ്രവും പ്രതികരിക്കുന്നത്‌. സാസ്ക്കാരികമായ ചില ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത്‌ മറന്ന്‌ ഏവരും സമാധാനമായി കഴിയണമെന്നുമാണ്‌ കലാപ പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു പി.ചിദംബരം അന്ന്‌ പറഞ്ഞത്‌.
കൊക്രാജര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബോഡോ വംശജര്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതും സ്വന്തം മണ്ണില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെടുന്നതും അറിയാഞ്ഞിട്ടല്ല ആഭ്യന്തരമന്ത്രി ഇതേക്കുറിച്ച്‌ ഒരക്ഷരം മിണ്ടാന്‍ കൂട്ടാക്കാത്തത്‌. അതിര്‍ത്തി ഗ്രാമങ്ങളില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നെന്ന റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും തള്ളുകയാണ്‌ മുഖ്യമന്ത്രി ഗഗോയ്‌ ചെയ്തത്‌. എന്നാല്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി ആസാം കലാപത്തിന്റെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രവഹിച്ചതോടെ കലാപത്തിലെ വിദേശ ഇടപെടല്‍ അന്വേഷിക്കാമെന്ന്‌ മുഖ്യമന്ത്രി നിലപാട്‌ മാറ്റുകയും ചെയ്തു.
വോട്ടുബാങ്കെന്ന അപ്പക്കഷണത്തിന്റെ പ്രലോഭനത്തിന്റെ കണ്ണുടക്കിയ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും തങ്ങള്‍ക്ക്‌ നീതി ലഭിക്കില്ലെന്ന്‌ ഉറപ്പിച്ചു പറയുന്നു ബോഡോവിഭാഗം. ആകെ 24 ജില്ലകളില്‍ പതിനൊന്നും മുസ്ലീംഭൂരിപക്ഷപ്രദേശങ്ങളാണ്‌. മറ്റ്‌ ജില്ലകളിലും മുസ്ലീംജനസംഖ്യ മുപ്പത്‌ ശതമാനത്തിലേറെയാണ്‌. തെരഞ്ഞെടുപ്പില്‍ മുസ്ലീംവോട്ടുകള്‍ നിര്‍ണ്ണായകമാകുമ്പോള്‍ മുസ്ലീംപ്രീണനത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ സര്‍ക്കാരിന്‌ കഴിയില്ല. തരുണ്‍ ഗഗോയ്‌ അത്‌ സമര്‍ത്ഥമായി നിര്‍വഹിക്കുന്നുമുണ്ട്‌. 50 ലക്ഷം നിയമവിരുദ്ധ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ ആസാമിലുണ്ടെന്ന്‌ 2004 ല്‍ യുപിഎ സര്‍ക്കാര്‍ തന്നെ പാര്‍ലമെന്‍രില്‍ പറഞ്ഞതാണ്‌. ബംഗ്ലാദേശില്‍ നിന്ന്‌ നുഴഞ്ഞുകയറിയ നാലുകോടിയോളമാളുകളാണ്‌ ഇന്ത്യയിലുള്ളത്‌. ആസാം നാളെ പശ്ചിമബംഗാളില്‍ പോലും ആവര്‍ത്തിക്കപ്പെട്ടേക്കാം.
നഷ്ടമായതൊക്കെ തിരികെ പിടിക്കാന്‍ കൊല്ലും കൊലയും തീവയ്പുമാണ്‌ ഉചിതമാര്‍ഗമെന്ന്‌ ബോഡോ ചെറുപ്പക്കാര്‍ ചിന്തിച്ചുതുടങ്ങിയെന്നാണ്‌ അനുഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്‌. ക്ഷമയും സഹനവും ഒന്നും നേടിത്തരുന്നില്ല എന്ന വലിയ പാഠമാണ്‌ മുന്‍തലമുറ തങ്ങളെ പഠിപ്പിച്ചതെന്ന്‌ ചെറുപ്പക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രോത്സാഹിപ്പിക്കേണ്ടതല്ല. തീര്‍ത്തും അപകടകരമായ മനോഗതിയാണിത്‌. ന്യായമായ ആവശ്യങ്ങള്‍ക്ക്‌ ന്യായമായ പരിഹാരം എന്ന മറുമരുന്നല്ലാതെ മറ്റൊന്നിനും ഇവരുടെ മനസ്സിലെ തീയണക്കാന്‍ കഴിഞ്ഞേക്കില്ല.
ആഗ്രഹിക്കാം, ഇനിയൊരു കലാപം ആസാമിലുണ്ടാകരുതെന്ന്‌. പര്‍സപരം വിശ്വസിക്കാതെ സ്നേഹിക്കാതെ പകയോടെ മാത്രം കഴിയുന്ന രണ്ട്‌ വിഭാഗങ്ങള്‍ക്കിടയില്‍ സമാധാനശ്രമങ്ങള്‍ക്ക്‌ പ്രസക്തിയില്ല. വ്രണപ്പെട്ട വംശീയമുറിവുകള്‍ക്ക്‌ സര്‍ക്കാര്‍ നടപടികളിലൂടെ പരിഹാരമുണ്ടാകണം.
നിയമവിരുദ്ധമായി അതിര്‍ത്തി ഗ്രാമങ്ങളില്‍ കഴിയുന്നവരെ തിരിച്ചയക്കാനും നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ്‌ ചെയ്യാനും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചില്ലെങ്കില്‍ ആസാമെന്ന ചെറു സംസ്ഥാനത്തിന്റെ സമാധാനം കെടുത്തുന്ന ആഭ്യന്തരയുദ്ധങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും. രാജ്യസുരക്ഷയെക്കാള്‍ മതത്തിനും സംഘടനകള്‍ക്കും വിലകല്‍പ്പിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ ആസാമിലെ കുടിയേറ്റക്കാര്‍ സുരക്ഷിതരാണ്‌. ന്യൂനപക്ഷ മുസ്ലീമെന്ന ആയുധം നുഴഞ്ഞുകയറ്റക്കാരന്റെ ശക്തിയാകുമ്പോള്‍ അപമാനിക്കപ്പെടുന്നത്‌ രാജ്യത്തെ നിരപരാധികളായ ആയിരക്കണക്കിന്‌ മുസ്ലീങ്ങളാണെന്ന്‌ കൂടി തിരിച്ചറിയണം.
രതി എ.കുറുപ്പ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.