അനിശ്ചിതത്വം തുടരുന്നു

Monday 22 October 2012 10:44 pm IST

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതി അട്ടിമറിക്കാന്‍ നടത്തിയ നീക്കം മന്ത്രിസഭയിലും ചൂടേറിയ ചര്‍ച്ചയ്ക്കും എതിര്‍പ്പിനും വഴിവച്ചതോടെ പദ്ധതി സംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീളുന്നു. സര്‍ക്കാര്‍ നയത്തിന്‌ വിരുദ്ധമായ കത്തിടപാടുകള്‍ നടത്തിയ ഐഎഎസുകാരന്‍ ടോം ജോസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ആവശ്യപ്പെട്ടു. ടോം ജോസിനെ പിന്തുണയ്ക്കാന്‍ മന്ത്രിസഭയില്‍ ആളുണ്ടായില്ലെങ്കിലും ബാഹ്യശക്തികളുടെ ഇടപെടലുകള്‍ അദ്ദേഹത്തിന്‌ തുണയാകുമെന്ന സൂചനയുണ്ട്‌. സര്‍ക്കാരിന്റെ നിലപാട്‌ വ്യക്തമാണെന്നാണ്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്‌. അതനുസരിച്ച്‌ അനന്തര നടപടികള്‍ സുഗമമാക്കാന്‍ പ്രധാനമന്ത്രിക്ക്‌ കത്തയക്കാനും മന്ത്രിസഭ തീരുമാനിച്ചു. ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) ചുമതലയുള്ള നഗരവികസന മന്ത്രി കമല്‍നാഥിനും കത്തയക്കും. കൊച്ചി മെട്രോ റെയില്‍ പദ്ധതി ഡിഎംആര്‍സിയെ തന്നെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ടാണ്‌ മുഖ്യമന്ത്രി കത്തയക്കുന്നത്‌. ഇതോടൊപ്പം ശ്രീധരനുമായി നാളെ ചര്‍ച്ച നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്‌. മെട്രോ റെയില്‍ നടത്തിപ്പില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഇ. ശ്രീധരന്റെ പങ്ക്‌ സംബന്ധിച്ച്‌ വിശദീകരണം തേടി ഏത്‌ സാഹചര്യത്തിലാണ്‌ കത്തയച്ചതെന്ന്‌ ടോം ജോസിനോട്‌ വിശദീകരണം തേടും. വിശദീകരണം കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി ആര്യാടന്‍ മുഹമ്മദാണ്‌ ഇന്ന്‌ തലസ്ഥാനത്തെത്തുന്ന ശ്രീധരനുമായി ചര്‍ച്ച നടത്തുക. ആവശ്യമെങ്കില്‍ പിന്നീട്‌ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തും. കൊച്ചി മെട്രോയുടെ നിര്‍മാണം ഡിഎംആര്‍സിക്ക്‌ നല്‍കണമെന്ന സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ മാറുന്നതല്ല സര്‍ക്കാര്‍ നിലപാടെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ക്ലിയറന്‍സ്‌ ലഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ക്ലിയറന്‍സ്‌ ലഭിക്കുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ അനുബന്ധ ജോലികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതെല്ലാം ശ്രീധരനുമായി ആലോചിച്ചിട്ടാണ്‌ സര്‍ക്കാര്‍ ചെയ്തത്‌. ശ്രീധരനെ വിശ്വാസത്തിലെടുത്തുകൊണ്ടാണ്‌ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ മുന്നോട്ട്‌ നീങ്ങിയത്‌. എന്നാല്‍ കഴിഞ്ഞ കെഎംആര്‍എല്‍ ബോര്‍ഡ്‌ മീറ്റിംഗില്‍, ദല്‍ഹിക്ക്‌ പുറത്തെ ജോലികള്‍ സ്വീകരിക്കുന്നതിന്‌ ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്യണമെന്ന പുതിയ നിലപാട്‌ ഡിഎംആര്‍സി സ്വീകരിച്ചു. ഡിഎംആര്‍സിയുടെ ഈ നിലപാട്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രിക്കും നഗരവികസന മന്ത്രിക്കും കത്തയക്കും. ഇതിന്‌ പുറമെ 28ന്‌ ഡല്‍ഹിക്ക്‌ പോകുമ്പോള്‍ നഗരവികസന മന്ത്രിയെ നേരില്‍ കണ്ടും ഇക്കാര്യം അറിയിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോയുടെ കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാട്‌ സര്‍ക്കാരിനുണ്ട്‌. പദ്ധതിക്ക്‌ ആരെങ്കിലും തുരങ്കം വെക്കുന്നതായി സര്‍ക്കാറിന്‌ അഭിപ്രായമില്ല. എന്നാല്‍ വിവാദമുണ്ടാക്കി വീണ്ടും കാലതാമസമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. സംസ്ഥാനത്തെ വന്‍കിട പദ്ധതി എന്ന നിലയിലാകാം കൊച്ചി മെട്രോ പദ്ധതി എമെര്‍ജിംഗ്‌ കേരളയില്‍ ഇടംപിടിച്ചത്‌. കൊച്ചി മെട്രോ പദ്ധതിക്കായി മറ്റ്‌ ഏതെങ്കിലും കമ്പനികളുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി അറിയില്ല. കൊച്ചി മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചതാണ്‌ ഇതുവരെ നടന്നിട്ടുള്ളത്‌. ഇനി അങ്ങോട്ടും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതേ നടക്കൂ. പദ്ധതിക്ക്‌ സ്പീഡ്‌ കുറവാണെന്ന്‌ ആക്ഷേപിക്കുന്നവര്‍, കഴിഞ്ഞ ഇടത്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഇതേക്കുറിച്ച്‌ പരാതിപ്പെടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.