കൗണ്‍സിലര്‍മാരുടെ ദല്‍ഹി ടൂര്‍ കരാറുകാരുടെ ചെലവില്‍

Monday 22 October 2012 10:54 pm IST

പള്ളുരുത്തി: കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍ മാരുടെ ടൂറിന്‌ നഗരസഭയിലെ കരാറുകാര്‍ ലക്ഷങ്ങള്‍ മുടക്കിയതായി ആരോപണം. മുപ്പതോളം നഗരസഭാംഗങ്ങളാണ്‌ ദല്‍ഹി ടൂര്‍ നടത്തുന്നത്‌. ഇവരുടെ യാത്രചിലവിന്റേയും, പര്‍ച്ചേസിങ്ങിന്റെ വരെ ചുമതല ടൂര്‍സംഘത്തിലുള്ള വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ആര്‍.ത്യാഗരാജനാണ്‌. നഗരസഭാംഗങ്ങള്‍ ട്രിപ്പ്‌ പ്ലാന്‍ ചെയ്തപ്പോള്‍തന്നെ നഗരസഭയിലെ കരാറുകാര്‍ ചിലവുവഹിക്കാമെന്ന്‌ ഏറ്റതായാണ്‌ വിവരം. ഒരാള്‍ക്ക്‌ ഏകദേശം ഒരു ലക്ഷം രൂപയാണ്‌ ചിലവുചെയ്യാനുള്ള പരിധി നിശ്ചയിച്ചിരിക്കുന്നത്‌. ഏതാനും മാസങ്ങള്‍ മുമ്പ്‌ മേയറുടെ നേതൃത്വത്തില്‍ നഗരസഭ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരും പ്രതിപക്ഷകക്ഷിയിലെ ചില കൗണ്‍സിലര്‍മാരും റഷ്യന്‍യാത്ര നടത്തിയിരുന്നു. ഇതിനു തൊട്ടുപുറകെ നടന്ന ഡെ.മേയറുടെ വിദേശയാത്രയും ഏറെവിവാദമായിരുന്നു. അധികാരസ്ഥാനത്തുള്ളവര്‍ നടത്തിയ യാത്രയെക്കുറിച്ച്‌ ഭരണപക്ഷത്തെ ചില അംഗങ്ങള്‍ അന്നുതന്നെ മുറുമുറുപ്പും, ഒച്ചപ്പാടും ഉണ്ടാക്കിയിരുന്നു. ഇത്‌ ഒതുത്തീര്‍ക്കുന്നതിനുവേണ്ടിയാണ്‌ നഗരസഭാംഗങ്ങളെ രണ്ടു സംഘങ്ങളാക്കി തിരിച്ച്‌ ദല്‍ഹി ട്രിപ്പ്‌ സംഘടിപ്പിച്ചത്‌. ഒത്തുതീര്‍പ്പുഫോര്‍മുല വ്യവസ്ഥ ഉണ്ടാക്കിയത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ആര്‍.ത്യാഗരാജനാണ്‌. ആനിലക്ക്‌ അദ്ദേഹം തന്നെ ട്രിപ്പ്‌ നയിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നതായാണ്‌ പറഞ്ഞുകേള്‍ക്കുന്നത്‌. യാത്രക്കായി കെഎസ്‌യുഡിപി ഫണ്ട്‌ ഉപയോഗിക്കാമെന്ന്‌ ആദ്യം തീരുമാനം വന്നുവെങ്കിലും വിവരാവകാശ നിയമപ്രകാരം ആരെങ്കിലും എഴുതിചോദിച്ചാല്‍ അത്‌ തലവേദന സൃഷ്ടിക്കുമെന്നുള്ളതുകൊണ്ട്‌ നഗരസഭ കരാറുകാരും, ചില വന്‍കിട കമ്പനിക്കാരെക്കൊണ്ടും ട്രിപ്പ്‌ സ്പോണ്‍സര്‍ ചെയ്യിക്കുകയായിരുന്നു. ഖദര്‍ധരിച്ച്‌ യാത്രചെയ്തവര്‍ ദല്‍ഹിയിലെ ചില കേന്ദ്രങ്ങളില്‍ വെച്ച്‌ അത്‌ അഴിച്ചുമാറ്റി ജീന്‍സും നിക്കറും അണിഞ്ഞ്‌ കസര്‍ത്തുനടത്തുകയായിരുന്നുവെന്നും ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ പരിഹസിച്ചു. മേയറും ഒരു സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാനും സിപിഎമ്മിലെ ഒരു യുവകൗണ്‍സിലറും ചേര്‍ന്നാണ്‌ ഇപ്പോള്‍ നഗരഭരണം നടത്തുന്നതെന്ന്‌ ഇടതു പക്ഷത്തെ ചില അംഗങ്ങള്‍ അടക്കം പറയുന്നുണ്ട്‌. കൗണ്‍സിലില്‍ ഭരണപക്ഷം കൊണ്ടുവരുന്ന ഒരു കാര്യത്തിനും എതിരഭിപ്രായമില്ല. പ്രതിപക്ഷം തത്വത്തില്‍ ഭരണപക്ഷമായകാഴ്ചയാണ്‌ നഗരസഭയില്‍ കാണാന്‍ കഴിയുന്നതെന്നും ഒരു നഗരസഭാംഗം കുറ്റപ്പെടുത്തി. മേയറും സംഘവും നടത്തിയ റഷ്യന്‍ യാത്രയെക്കുറിച്ച്‌ വിവരാവകാശ നിയമപ്രകാരം ചിലര്‍ എഴുതിചോദിച്ചതും പുലവാലായി മാറിയിരിക്കയാണ്‌. മേയറുടെ റഷ്യന്‍യാത്രയും കൗണ്‍സിലര്‍മാരുടെ ദല്‍ഹിയാത്രയും വിവാദമായ സാഹചര്യത്തില്‍ രണ്ടാംഘട്ട ദല്‍ഹിട്രിപ്പിന്‌ ഒരുങ്ങിയിരിക്കുന്ന കൗണ്‍സിലര്‍മാര്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.