സൈന്യത്തിന്റെ ആത്മവീര്യം കെടുത്തരുത്‌: സര്‍സംഘചാലക്‌

Thursday 25 October 2012 12:50 pm IST

നാഗ്പൂര്‍: സേവനകാലാവധി, പിരിച്ചുവിടല്‍ മുതലായ നിസ്സാരപ്രശ്നങ്ങള്‍ വിവാദമാക്കി മാറ്റി സൈന്യത്തിന്റെ ആത്മവീര്യം കെടുത്തരുതെന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ജി ഭാഗവത്‌. നമ്മുടെ സൈനിക വിഭാഗങ്ങള്‍ക്ക്‌ അത്യാധുനികമായ ആയുധങ്ങളും വാര്‍ത്താവിനിമയ സംവിധാനവും നല്‍കുകയും അതിര്‍ത്തിയിലേക്കുള്ള റോഡുകളും സന്ദേശവാഹക ശൃംഖലയും മെച്ചപ്പെടുത്തുകയും വേണം, നാഗ്പൂരിലെ വിജയദശമി പരിപാടിയില്‍ മാര്‍ഗദര്‍ശനം നല്‍കുകയായിരുന്നു അദ്ദേഹം.
ഭരണാധികാരികളുടെ കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലത്തെ അലംഭാവം ജമ്മു-കാശ്മീരിലെ ഭീകരതയ്ക്ക്‌ ആക്കം കൂട്ടിയിരിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയ സര്‍സംഘചാലക്‌ പാക്കിസ്ഥാന്റെ കൈവശമുള്ള കാശ്മീര്‍ താഴ്‌വര, ജമ്മു-ലേ-ലഡാക്ക്‌ മേഖലഎന്നിവയെ ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളുമായി കോര്‍ത്തിണക്കണമെന്ന്‌ നിര്‍ദ്ദേശിച്ചു. താഴ്‌വരയില്‍ ആട്ടിയോടിക്കപ്പെടുന്ന ഹൈന്ദവസമൂഹത്തെ പുനരധിവസിപ്പിക്കാനും സ്വന്തം ഭൂമിയില്‍ തുടരാനും അവസരമൊരുക്കണം. വിഭജനകാലത്ത്‌ ഭാരതത്തിലേയ്ക്ക്‌ പലായനം ചെയ്യപ്പെട്ടവര്‍ക്ക്‌ പൗരത്വം നല്‍കുന്നതില്‍ കാണിക്കുന്ന അലംഭാവം വേദനാജനകമാണ്‌.
ആസാം, ബംഗാള്‍ എന്നിവിടങ്ങളിലെ നുഴഞ്ഞുകയറ്റം ശക്തമായിരിക്കുന്നു. ആയുധക്കടത്ത്‌, മയക്കുമരുന്ന്‌, കള്ളനോട്ട്‌ എന്നിവയെപ്പറ്റിയുള്ള മുന്നറിയിപ്പുകള്‍ ഭരണകൂടം ചെവിക്കൊള്ളുന്നില്ല. സുപ്രീം കോടതി നിര്‍ദ്ദേശം പോലും പാലിക്കുന്നില്ല. വിഘടനവാദത്തോടൊപ്പം അതിര്‍ത്തിയില്‍ ചൈനയുടെ സാമ്രാജ്യത്വ താല്‍പ്പര്യം വലവിരിയ്ക്കുകയാണ്‌. ശക്തമായ സൈനികസാന്നിദ്ധ്യവും ജനങ്ങളില്‍ രാഷ്ട്രസുരക്ഷയെപ്പറ്റി മാനസികാവസ്ഥയും സൃഷ്ടിക്കുക മാത്രമാണ്‌ ഇതിനുള്ള ഏക പരിഹാരം.
കിഴക്കന്‍ മേഖലകളിലെ നുഴഞ്ഞു കയറ്റക്കാരെ ഉടന്‍ കണ്ടെത്തി തുരത്തണം. തിരിച്ചറിയല്‍ കാര്‍ഡും വോട്ടര്‍ പട്ടികയും കൃത്യമാക്കണം. വിദേശ നുഴഞ്ഞു കയറ്റക്കാരെ നാടു കടത്തണം. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കണം. സംശയം തോന്നുന്ന വോട്ടര്‍മാരെ കണ്ടെത്തുന്ന കാര്യത്തിലെ അനാസ്ഥയും ബംഗ്ലാദേശികളെ മനഃപൂര്‍വം കണ്ടില്ലെന്ന്‌ നടിക്കുന്നതും വിനയായത്‌ നിരുപദ്രവകാരികളായ ഹിന്ദുപൗരന്മാര്‍ക്കാണ്‌, സര്‍സംഘചാലക്‌ പറഞ്ഞു. മുംബൈ ആസാദ്‌ മൈതാനത്തെ പ്രശ്നം പോലും മ്യാന്‍മറിലെ ഭരണകൂടത്തിനെതിരായ പോരാട്ടമായിരുന്നു. ആ ദേഷ്യം അമര്‍ജവാന്‍ ജ്യോതിയോടും അവര്‍ കാട്ടി. ഇത്തരക്കാര്‍ക്കും ഈ നാട്ടില്‍ നിന്ന്‌ പിന്തുണ കിട്ടുന്നു. ഇത്‌ ഏറെ രോഷംകൊള്ളിക്കുന്ന അവസ്ഥയാണ്‌.
ഹിന്ദുസമൂഹത്തെ അടച്ചാക്ഷേപിക്കുന്ന നയം തുടരുകയാണ്‌. പ്രമുഖ ആദ്ധ്യാത്മിക ആചാര്യന്മാരെ അപകീര്‍ത്തിപ്പെടുത്തല്‍, സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വധത്തെപ്പറ്റിയുള്ള അന്വേഷണം മരവിപ്പിക്കല്‍, ഹൈന്ദവക്ഷേത്ര-മഠ സ്വത്തുക്കള്‍ കൈക്കലാക്കല്‍, തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രസ്വത്തിനെപ്പറ്റിയുള്ള അനാവശ്യ വിവാദം എല്ലാം ഹൈന്ദവ നിന്ദയാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും മുന്‍നിര്‍ത്തി പ്രതിജ്ഞ എടുത്തവര്‍ തികഞ്ഞ മതമൗലികവാദികളാവുന്നു. ലൗജിഹാദും-മതംമാറ്റവും നടത്തുന്നവര്‍ തമ്മില്‍ രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നു.
ശ്രീരാമജന്മഭൂമി പ്രദേശത്ത്‌ വലിയൊരു ഭൂപ്രദേശം പിടിച്ചെടുത്ത്‌ ഇസ്ലാമികമായ നിര്‍മാണത്തിന്‌ ചിലര്‍ കോപ്പുകൂട്ടുകയാണ്‌. രാമജന്മഭൂമി വിഷയം നിലവില്‍ കോടതിയില്‍ തന്നെയാണെന്ന്‌ ഇക്കൂട്ടര്‍ മറക്കുന്നു. അലഹബാദ്‌ ഹൈക്കോടതിയുടെ തീരുമാനപ്രകാരം രാമക്ഷേത്ര നിര്‍മാണത്തിനുള്ള അധികാരം രാമജന്മഭൂമി ന്യാസിന്‌ നല്‍കിയതാണ്‌. അയോദ്ധ്യയുടെ അതിര്‍ത്തിയ്ക്കപ്പുറം മാത്രമേ മുസ്ലീങ്ങളെ ആരാധനാലയം നിര്‍മ്മിക്കാന്‍ അനുമതിക്കാവൂ. ഇതിലൂടെ മാത്രമേ വിവാദം കെട്ടടങ്ങൂ.
എല്ലാ മേഖലയിലും വിദേശനിക്ഷേപം എന്നത്‌ അപകടകരമായ അവസ്ഥയാണ്‌. നിലവിലെ തെരഞ്ഞെടുപ്പ്‌ രീതി, നികുതിപിരിവ്‌, സാമ്പത്തിക ആസൂത്രണം, വിദ്യാഭ്യാസം, വിവരാവകാശ നിയമം എന്നിവ പരിഷ്ക്കരിക്കേണ്ടതുണ്ട്‌. നവോത്ഥാന നായകനായ സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടുകളാണ്‌ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക്‌ പ്രതിവിധി. വിവേകാനന്ദന്റെ 150-ാ‍ം ജയന്തി ആഘോഷവേളയില്‍ മികച്ച പൗരന്മാരെ വാര്‍ത്തെടുക്കാനുള്ള ആര്‍എസ്‌എസ്‌ ദൗത്യം തുടരുകയാണ്‌, സര്‍സംഘചാലക്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.