'ആതി'യില്‍ കഥനമുണ്ടായിരുന്നു

Tuesday 19 July 2011 10:26 pm IST

ലീലാമേനോന്‍ സാറാ ജോസഫ്‌ രചിച്ച "ആതി" എന്ന നോവല്‍ എനിക്ക്‌ അവാച്യമായ ഒരനുഭവമായിരുന്നു. എന്നെ വിടാതെ പിന്തുടരുന്ന എന്റെ സ്വപ്നങ്ങളില്‍പോലും കടന്നുവന്ന അനിര്‍വചനീയമായ അനുഭൂതി. ആതി എന്നുപറഞ്ഞാല്‍ എന്താണ്‌? "ആതി" എന്നാല്‍ ആദി, (ഏറ്റവും ആദ്യത്തേത്‌)യും ആധിയും കൂടിയതാണ്‌" എന്ന്‌ സാറ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്ക്‌ മനസ്സിലായത്‌ "ആതി" വായിച്ചശേഷമാണ്‌. എനിക്ക്‌ അത്‌ ആദിയായി മാറി. അതിന്‌ കാരണം വളന്തക്കാട്ട്‌ ദ്വീപിലേയ്ക്കുള്ള എന്റെ യാത്രയാണ്‌.ആതിയുടെ പശ്ചാത്തലം വളന്തക്കാടാണ്‌. സാറയുടെ രചനാവൈഭവവും ഭാവനയും വളന്തക്കാടിനെ ആതിയാക്കിയപ്പോള്‍ ആതി എന്ന പുസ്തകത്തിന്റെ ആദ്യത്തെ പരസ്യ വായന വളന്തക്കാട്ടില്‍ ആയി. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ സാറ എന്നെ വിളിച്ചപ്പോള്‍ എന്റെ ശാരീരികാസ്വാസ്ഥ്യം അവഗണിച്ചും ഞാന്‍ സമ്മതിച്ചത്‌ സാറാ ജോസഫ്‌ എന്ന എഴുത്തുകാരിയോടുള്ള ആരാധനകൊണ്ടു മാത്രമല്ല, "നിലയ്ക്കാത്ത സിംഫണി" എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ അധ്യക്ഷയായി എത്തിയതിനുള്ള നന്ദികൊണ്ട്‌ കൂടിയായിരുന്നു. പക്ഷെ ആ യാത്ര എന്നെ എന്റെ ആദിയിലേയ്ക്കും കൊണ്ടുപോകും എന്നു ഞാന്‍ സ്വപ്നത്തില്‍ വിചാരിച്ചില്ല. വളന്തക്കാട്ടേയ്ക്ക്‌ എന്നെ കൂട്ടിക്കൊണ്ടുപോയത്‌ പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍.നീലകണ്ഠനും കുടുംബവും ആയിരുന്നു. കാര്‍ പാര്‍ക്ക്‌ ചെയ്തു നടന്നടുത്തപ്പോഴാണ്‌ വഞ്ചിയില്‍ കയറിപ്പോകണമെന്നെനിയ്ക്കും മനസ്സിലായത്‌. ആകാശവാണിയില്‍ ജോലി ചെയ്യുന്ന വളന്തക്കാട്‌ നിവാസിനിയായ സ്മിതയാണ്‌ വഞ്ചി തുഴഞ്ഞ്‌ ഞങ്ങളെ കൊണ്ടുപോകാന്‍ വന്നത്‌. ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ തിരുവാതിര ഞാറ്റുവേലയില്‍ "പാത്തിത്തോട്‌" എന്ന ചെറിയ തോട്ടില്‍ വെള്ളം കയറി റോഡ്‌ മുങ്ങുമായിരുന്നു. അന്ന്‌ പെരുമ്പാവൂരില്‍നിന്നും വെങ്ങോലയിലേയ്ക്ക്‌ പോകുന്ന കുട്ടികളും മുതിര്‍ന്നവരും ഈ തരം വള്ളങ്ങളിലാണ്‌ അക്കരെ എത്തിയിരുന്നത്‌. വഞ്ചിയില്‍ കയറുമ്പോള്‍ ഞാന്‍ വഞ്ചി മുങ്ങണേ! എന്ന്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ ബന്ധുവായ സരസു ചേച്ചി എന്നെ ചീത്ത പറയുമായിരുന്നു. വള്ളം മുങ്ങി മലവെള്ളത്തില്‍ നീന്തുന്നത്‌ എന്റെ ഭാവനയില്‍ വലിയ സാഹസികത ആയിരുന്നു. വഞ്ചിയില്‍ കയറുമ്പോള്‍ മഴ പെയ്ത്‌ നനഞ്ഞു കുളിക്കുന്നതും എനിക്ക്‌ ആഹ്ലാദകരമായിരുന്നു. പാത്തിത്തോട്‌ എന്നും മലവെള്ളത്തില്‍ മുങ്ങിക്കിടക്കണമേ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ആ അനുഭവം പുനര്‍ജനിച്ചത്‌ വളന്തക്കാട്ടേയ്ക്കുള്ള യാത്രയിലായിരുന്നു. വഞ്ചിയില്‍ കയറിയതും മഴ തുടങ്ങി. വളന്തക്കാട്ട്‌ മഴ പെയ്യുന്നത്‌ കാണാന്‍ എന്തൊരു ഭംഗിയാണെന്നോ എന്ന്‌ സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയായി എനിയ്ക്കനുഭവപ്പെട്ടു. വളന്തക്കാട്‌ ഒരു ദ്വീപാണ്‌. വൈപ്പിനില്‍നിന്നും മൂലമ്പിള്ളിയില്‍നിന്നുമൊക്കെ വ്യത്യസ്തമായ പൊക്കാളിപ്പാടങ്ങളും കണ്ടല്‍ക്കാടുകളും പക്ഷികളും പച്ച ഞണ്ടുകളും നീലശംഖുകളുമൊക്കെക്കൊണ്ട്‌ നിറഞ്ഞ ദ്വീപ്‌. കണ്ടല്‍ക്കാടുകള്‍കൊണ്ട്‌ മൂടിയ ഒരു ഗുഹപോലും അവിടെയുണ്ട്‌. വളന്തക്കാട്‌ ദ്വീപില്‍ 400 ഏക്കര്‍ ശോഭാ സിറ്റി വിലയ്ക്ക്‌ വാങ്ങി വികസിപ്പിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ സി.ആര്‍.നീലകണ്ഠനും സാറാ ജോസഫും മറ്റു പരിസ്ഥിതി പ്രവര്‍ത്തകരും അതിനെതിരെ രംഗത്തുവന്നു. വളന്തക്കാട്ടിലും മറ്റ്‌ പലയിടങ്ങളിലും വ്യാപകമായി പ്രതിഷേധം വന്നപ്പോള്‍ അത്‌ വികസിപ്പിക്കാനുള്ള നീക്കം താല്‍ക്കാലികമായി സ്തംഭിച്ചിരിക്കുകയാണ്‌. "ഞ്ഞാന്‍ രണ്ട്‌ പ്രാവശ്യമേ വളന്തക്കാട്ടില്‍ പോയിട്ടുള്ളൂ. പക്ഷേ അത്‌ എന്നെ വല്ലാതെ സ്പര്‍ശിച്ചു. അതിന്റെ ഫലമാണ്‌ ആതി. വളന്തക്കാട്ടില്‍നിന്ന്‌ വന്നശേഷം എന്റെ മനസ്സില്‍ വെള്ളത്തിന്റെ വേലിയേറ്റം മാത്രമായി" സാറ എന്നോട്‌ പറഞ്ഞു. ആതിയുടെ ആമുഖത്തിലും സാറ പറയുന്നത്‌ മനസ്സിലും ശരീരത്തിലും മാരകമായി അണുവികരണമേറ്റുകൊണ്ടിരിക്കുന്ന ഈ ലോകത്തുനിന്നും ഓടിപ്പോയി മുങ്ങിക്കിടക്കാന്‍ എനിക്കൊരു കയം വേണം. അതാണ്‌ ആതി എന്നാണ്‌. ആതിയിലെ ഒരു കഥാപാത്രവും പറയുന്നുണ്ട്‌; ഒരാള്‍ ഉച്ചയാവോളം പണിയെടുത്താല്‍ മതി കുടുംബം കഴിയാനുള്ളത്‌ ആതിയിലെ വെള്ളത്തില്‍നിന്ന്‌ കിട്ടും. മീനായിട്ടും കക്കയായിട്ടും. എല്ലാവരുംകൂടി ഒന്നിച്ച്‌ ചെയ്യുന്ന പൊക്കാളി കൃഷിയില്‍നിന്ന്‌ ഉണ്ണാനും വില്‍ക്കാനും നെല്ല്‌ കിട്ടും. ഉണ്ണുന്നത്‌ ഏറ്റവും നല്ല ചോറാണ്‌. പിന്നെന്തിന്‌ മറ്റൊരു ജീവിതശൈലി? "അവിടെ കണ്ടല്‍ ചെടികള്‍ ഉണ്ടാക്കിയ ഒരു ഗുഹയുണ്ട്‌. ഞാന്‍ ഒരുദിവസം ലീലയെ അത്‌ കാണിച്ചുതരാം" എന്ന്‌ സാറ എന്നോട്‌ പറഞ്ഞു. "ആതി"യില്‍ ആ ഗുഹയ്ക്ക്‌ സാറ ഇട്ടിരിക്കുന്ന പേര്‌ പച്ചവള എന്നാണ്‌. കണ്ടല്‍മരങ്ങളുടെ കൊമ്പുകള്‍ കൂട്ടിമുട്ടിയ പച്ചിലഗുഹകള്‍ പടുത്തുയര്‍ത്തിയ ഇരുട്ടും കുളിരുമുള്ള ജലപാതം, ഇലകള്‍ക്കിടയിലൂടെ ഊര്‍ന്നുവീഴുന്ന നിലാവിന്റെ വെള്ളിനാണയങ്ങളും പക്ഷികളുടെ കലപിലയും ഇലകളുടെ ഇണക്കവും കാറ്റും എല്ലാം സാറയുടെ പേന നമുക്ക്‌ കാണിച്ചുതരുന്നു. ആതി എന്ന നോവലിന്റെ നായികാ-നായികന്മാരില്ല. പ്രേമമില്ല. നായിക പ്രകൃതിയാണ്‌, പരിസ്ഥിതിയാണ്‌, വെള്ളമാണ്‌. പക്ഷേ വില്ലന്‍ കഥാപാത്രമുണ്ട്‌. വില്ലന്‌ വേണ്ടത്‌ പെണ്ണിനെയല്ല, പണത്തെയാണ്‌. ലോകത്തില്‍ ദൈവം സൃഷ്ടിച്ച ഏറ്റവും പ്രകൃതിമനോഹരമായ ദ്വീപ്‌ വികസനത്തിന്റെ പേരില്‍ എങ്ങനെ നശിപ്പിക്കാമെന്നും അവിടുത്തെ ആവാസവ്യവസ്ഥ നശിപ്പിച്ച്‌ ആതിവാസികളെ എങ്ങനെ പുറത്താക്കാമെന്നും ആലോചിച്ച്‌ പതിനായിരം കോടി മുടക്കി അമ്പതിനായിരം തൊഴില്‍ വാഗ്ദാനം ചെയ്യുന്നവന്‍. കുമാരന്‍ ആതിയില്‍ ജനിച്ചയാളാണ്‌. ആതിയുടെ സവിശേഷ വരദാനങ്ങള്‍ അനുഭവിച്ചയാളും ആണ്‌. പക്ഷേ ആതിക്ക്‌ പുറത്തുള്ള നവലോകത്തിന്റെ വശീകരണത്തില്‍ കുടുങ്ങി, അതിന്റെ പര്യായങ്ങളായ ക്രൂരതയും ചതിയും വഞ്ചനയും സ്വായത്തമാക്കി സ്വന്തം ദ്വീപുകാരെ ഒറ്റുകൊടുക്കുന്ന കുമാരന്‍ ഇന്നത്തെ ആധുനിക ലോകത്തിലെ വികസന സംസ്ക്കാരത്തിന്റെ പ്രതീകമായി മാറുന്നു. ധനാര്‍ത്തിയുടെയും പ്രതീകം. ആതിയിലെ സ്ത്രീകള്‍ വ്യത്യസ്തരാണ്‌, ശക്തരാണ്‌, പ്രകൃതിയെ പോറ്റമ്മയായി കാണുന്നവരാണ്‌. അല്ലലില്ലാതെ സംഘര്‍ഷമില്ലാതെ ജീവിതവ്യവഹാരംപോലും ഒരു ആകര്‍ഷകമായ വിനോദമായി മാറ്റുന്ന ആതിയിലെ ജീവിത ശൈലിയോ ആവാസവ്യവസ്ഥയോ നശിപ്പിക്കാന്‍ കുമാരന്റെ പ്രലോഭനങ്ങള്‍ക്കാകുന്നില്ല. പക്ഷേ ആതിയിലെ പുതിയ തലമുറയിലുള്ള പല പുരുഷന്മാരും പണവും അത്‌ കുമാരന്‌ നല്‍കുന്ന അംഗീകാരത്തെയും കണ്ട്‌ ഭ്രമിച്ച്‌ ആ പാത പിന്തുടരാന്‍ തയ്യാറാകുമ്പോഴും അവരുടെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ നേതാവായ ദിനകരനൊപ്പം സ്ത്രീകള്‍ നിരക്കുന്നു. ഒടുവില്‍ കുമാരന്‍ ദ്വീപിലേക്ക്‌ പാലം പണിതു. ജെസിബികള്‍ ദ്വീപിലെത്തി. കണ്ടല്‍ക്കാടിനെയും അതിനുള്ളില്‍ മുട്ടയിട്ട്‌ വളരുന്ന ചെമ്മീനുകളെയും സുഗന്ധം പെയ്യുന്ന ചോറ്‌ നല്‍കുന്ന പൊക്കാളിപ്പാടങ്ങളെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ജെസിബികളുടെയും അനുയായികളുടെയും മുന്നില്‍ മണ്ണെണ്ണ പാത്രവുമായി നിന്ന്‌ ആത്മഹത്യാ ഭീഷണി മുഴക്കി ഉറഞ്ഞുതുള്ളുന്ന ഷൈലജ എന്ന കഥാപാത്രം സ്ത്രീകള്‍ക്ക്‌ അഭിമാനവും ആവേശവും നല്‍കുന്നതോടൊപ്പം കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്നു. "ഒരു നുള്ള്‌ മണ്ണ്‌ നീര്‍ത്തടങ്ങളില്‍ വീഴാന്‍ സമ്മതിക്കില്ല" എന്ന്‌ ആണയിടുന്നവള്‍. "എടാ പട്ടികളെ നിര്‍ത്തടാ" എന്ന്‌ അലറി മണ്ണെണ്ണപ്പാട്ട സ്വന്തം തലയിലേക്ക്‌ കമഴ്ത്തി തീപ്പെട്ടി ഉയര്‍ത്തി "ഇനി ഒരെണ്ണത്തിനെ തൊട്ടാല്‍ കത്തിക്കും ഞാന്‍" എന്നലറുന്ന ഷൈലജ. വളന്തക്കാട്ടില്‍ പണിതുയര്‍ത്തുന്ന ശോഭാസിറ്റി ഫ്ലാറ്റുകളിലും വില്ലകളിലും ഒരു വര്‍ഗം വളരുമ്പോള്‍ മറ്റൊരു വര്‍ഗം നാമാവശേഷമാകുന്നുവെന്നാണ്‌ സാറ പറയുന്നത്‌. കോള്‍ കര്‍ഷകരുടെ ജീവിതം, സംസ്ക്കാരം, ജന്തുജീവജാലങ്ങള്‍, സസ്യ ആവാസ വ്യവസ്ഥ എല്ലാം നശിപ്പിച്ച്‌ കൊണ്ടുവരുന്നതിനാണ്‌ വികസനം എന്ന്‌ പേരിട്ടിരിക്കുന്നത്‌. പാരിസ്ഥിതിക അവബോധമുള്ളവര്‍ ഇതിനെതിരെ രോഷാകുലരാകുന്നത്‌ തിരിച്ചെടുക്കാന്‍ പറ്റാത്ത വരദാനത്തെ നശിപ്പിക്കുന്നതിനാലാണ്‌. "വളന്തക്കാട്‌ സന്ദര്‍ശനം എന്നെ അടിമുടി മാറ്റിമറിച്ചു. പൊക്കാളി കൃഷി കണ്ടിട്ടില്ലാത്ത, പൊക്കാളി അരി വേവുമ്പോള്‍ ഉയരുന്ന സുഗന്ധം അനുഭവിക്കാത്തവര്‍ക്ക്‌ മനസ്സിലാകില്ല ഇതൊന്നും. ആതിയിലെ ആളുകള്‍ ആവശ്യത്തിന്‌ മാത്രം കക്കവാരും. അത്‌ അവരുടെ സ്ഥിരനിക്ഷേപം ആണ്‌. കക്ക വാരിയാല്‍ പൊടി കക്കകളെ അരിച്ചുമാറ്റി കായലിലേക്കിടും. അതുകൊണ്ടുതന്നെ "ആതി"യില്‍ ജെസിബി കക്കകളെ ഞെരിച്ചു കൊല്ലുന്ന വര്‍ണന വിവരിച്ച്‌ വായനക്കാരെ ഞെട്ടിപ്പിക്കുന്നു. വെള്ളം എത്ര കലങ്ങിയാലും തെളിയും. വെള്ളം ഒരു മടിത്തട്ടാണ്‌ എന്നുപറയുന്ന സാറ ആതിയുടെ നാഡീ ഞരമ്പുകളായി വിശേഷിപ്പിക്കുന്നത്‌ തലങ്ങും വിലങ്ങുമുള്ള തോടുകളെയും കുളങ്ങളെയും ഉറവകളെയും കിണറുകളെയും വെള്ളം തുളുമ്പിത്തെറിക്കുന്ന വയലുകളെയും ഏറ്റമിറക്കങ്ങളില്‍ മുറുകുകയും അഴിയുകയും ചെയ്യുന്ന തണ്ണീര്‍ത്തടങ്ങളെയുമാണ്‌. ഇവയെല്ലാം വികസനം നശിപ്പിക്കുമ്പോള്‍, ഉണ്ണാനും ഉടുക്കാനും പാര്‍ക്കാനും ഇല്ലാതെ വരുമ്പോള്‍ തണ്ണീര്‍ ഒരു മഹാത്ഭുതംപോലെ ജീവന്റെ നിലയ്ക്കാത്ത വിതുമ്പലായി നിലനില്‍ക്കും. ഈ വെള്ളം മലിനമാകുന്നതും അഴുക്ക്‌ നിറഞ്ഞ്‌ അന്തരീക്ഷം ദുര്‍ഗന്ധപൂരിതമാകുന്നതും വര്‍ണിക്കുന്ന സാറ പറയുന്നത്‌ വെള്ളത്തിന്‌ മീതെ ദൈവത്തിന്റെ വിരലുകള്‍ താളം പിടിക്കുമ്പോഴാണ്‌ ഓളം ഉണ്ടാകുന്നതെന്നാണ്‌. "കാറ്റ്‌ ദുഷിച്ച മണംപേറി കനമുള്ളതാകുന്നതും അടുത്തുള്ള പഞ്ചനക്ഷത്ര ആശുപത്രിയില്‍നിന്നും കായലിലെത്തുന്ന മൃതദേഹങ്ങളും മറുപിള്ളകളും പഴുപ്പും ജീര്‍ണതയും അറ്റുപോയ അവയവങ്ങളും ചലമൊഴുകുന്ന തുണികളും കെട്ട രക്തവും ദുഷിച്ച കഫവും പ്ലാസ്റ്റിക്‌ കുപ്പികളും കവറുകളും മലിനമാക്കാന്‍ പോകുന്ന ആതി ഭാവനയില്‍പ്പോലും നമ്മെ ഞെട്ടിപ്പിക്കുന്നു. സുഗന്ധപൂരിതമായ തെളിവെള്ളമുള്ള പച്ചയായ ആതിയില്‍നിന്നും ഷൈലജ വിവാഹിതയായി ചക്കം കണ്ടത്തെത്തിയപ്പോള്‍ ജലപാനം കഴിക്കാനോ, നിലത്ത്‌ കാല്‍വയ്ക്കാനോ സാധിക്കാതെ കരഞ്ഞ്‌ തിരിച്ചുവന്നു. ചക്കം കണ്ടത്തെ നീര്‍ച്ചാലില്‍, കുളത്തില്‍, കൈത്തോട്ടില്‍, കായലില്‍ ഒക്കെ തീട്ടമാണ്‌. കാറ്റടിച്ചാല്‍ നാറ്റം. എങ്ങനെ കുളിക്കും, എങ്ങനെ വെള്ളം കുടിക്കും. എങ്ങനെ ഭക്ഷണം കഴിക്കും. ഇഷ്ടല്ലാഞ്ഞിട്ടല്ലാ, സ്നേഹല്ലാഞ്ഞിട്ടല്ല, പക്ഷേ എനിക്ക്‌ തിരിച്ചുപോണം എന്നുപറഞ്ഞ്‌ ആതിയിലേക്ക്‌ തിരിച്ചുപോയി. ചക്കംകണ്ടത്തെക്കുറിച്ചുള്ള ആതിയിലെ പരാമര്‍ശത്തിനെതിരെ ഒരു ചക്കംകണ്ടക്കാരന്‍ കേസ്‌ കൊടുത്തിട്ടുണ്ട്‌. ഒടുവില്‍ ആതി വാങ്ങിയവര്‍ പാലം പണിത്‌ ജെസിബി ഇറക്കി കണ്ടല്‍ക്കാടുകള്‍ തീവച്ച്‌ നശിപ്പിച്ച്‌, പൊക്കാളി കളങ്ങളില്‍ വിഷം കലക്കി അവിടെ സ്വപ്നം കണ്ടുനിന്നിരുന്ന പക്ഷികളെ കൊന്ന്‌ പകര്‍ച്ചവ്യാധി മൂലം കുട്ടികള്‍ മരിച്ച്‌ ജീവിതം ദുസ്സഹമായപ്പോള്‍ ചക്കംകണ്ടവും ആതിയും ഒരുപോലെ ആയപ്പോള്‍ ഷൈലജ തിരിച്ച്‌ ചക്കംകണ്ടത്തേക്ക്‌ പോകുന്നു. ചക്കംകണ്ടം ആതി ആയില്ല പക്ഷ ആതി ചക്കംകണ്ടമായി. വികസനം എന്നാല്‍ റോഡ്‌, പാലം, ഫ്ലാറ്റുകള്‍. പാലത്തില്‍ക്കൂടി നന്മയും തിന്മയും വരുമെന്ന്‌ സാറ പറയുന്നു. വെള്ളം സാറയ്ക്ക്‌ നിത്യസഞ്ചാരിയാണ്‌. ഇപ്പോള്‍ കണ്ട നദിയല്ലല്ലോ കുറച്ചുകഴിയുമ്പോള്‍ കാണുന്നത്‌. കോപിച്ചാലും പ്രസാദിച്ചാലും എങ്ങനെ എന്ന്‌ വളന്തക്കാടുള്ളവര്‍ക്കറിയാം. ആതിയുടെ കഥയില്‍ ഒരു തമ്പുരാന്‍ പായയില്‍ പൊതിഞ്ഞ്‌ ദ്വീപിലെത്തി മരിച്ച്‌ അവരുടെ തമ്പുരാനായി മാറി അമ്പലത്തില്‍ പ്രതിഷ്ഠയില്ലാത്ത പ്രതിഷ്ഠയായിരിക്കുന്ന ഐതിഹ്യം മനോഹരമായി മെടഞ്ഞുചേര്‍ത്തിരിക്കുന്നു. ആതിയില്‍ ഒരു കഥപറച്ചിലുകാരന്‍ വന്ന്‌ കഥ പറയുന്നത്‌ ഒരു ചടങ്ങാണ്‌. പറയുന്ന കഥകള്‍ ബൈബളിലേതോ മഹാഭാരതത്തിലേയോ ആകാം. ഏഴ്‌ കഥകളാണ്‌ ഇതില്‍ പറഞ്ഞുതരുക. ആതി വായിക്കുമ്പോള്‍ നമുക്ക്‌ യാഥാര്‍ത്ഥ്യവും ഭാവനയും വേര്‍തിരിക്കാനാകുന്നില്ല. ആതിയിലെ പ്രധാന കഥാപാത്രം വെള്ളം തന്നെയാണ്‌. "തടയപ്പെടാന്‍ ഇഷ്ടമില്ലാത്ത, ഒഴുകിക്കൊണ്ടേ ഇരിക്കുക എന്ന ശീലമുള്ള അവള്‍ മണ്ണിലും മരത്തിലും യുഗത്തിലും മനുഷ്യരിലും ഇളവില്ലാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു, മഴയായി, പുഴയായി, കടലായി". സത്യത്തിലേക്കുള്ള വഴി മണ്ണാണ്‌, വെള്ളമാണ്‌, വെയിലാണ്‌, വിയര്‍പ്പാണ്‌, വിത്താണ്‌ എന്ന്‌ "ആതി" പറഞ്ഞുതരുന്നു. വിത്തും പ്രഹേളികയും വസ്തുതകളും കോര്‍ത്തിണക്കി മനോഹരമായ രീതിയില്‍ എഴുതിയിരിക്കുന്ന സാറാ ജോസഫിന്റെ ഈ നോവല്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ പ്രിന്‍സിപ്പലും മൈനോറിറ്റി കമ്മീഷന്‍ ചെയര്‍പേഴ്സനുമായിരുന്ന ഫാദര്‍ ഡോ. വത്സന്‍ തമ്പുവാണ്‌. "കഠ കട അ ഘഅചഉങ്ങഅഞ്ഞഗ ആഛഛഗ" എന്നാണ്‌ വത്സന്‍ തമ്പു ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്‌. 'ആതി' സാറ എഴുതിയപ്പോള്‍ അതോടൊപ്പം തന്നെ ഓരോ അധ്യായവും ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്ത രീതിയും അസാധാരണമാണ്‌. ഞാന്‍ ഈ ബുക്കിനെ പ്രശംസിച്ച്‌ സംസാരിച്ചപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്നത്തെ തലമുറയിലെ ചെറുപ്പക്കാര്‍ ചോദിക്കുന്നത്‌ ജനസംഖ്യ വര്‍ധിക്കുമ്പോള്‍ വികസനം വരാതെ എങ്ങനെ എന്നാണ്‌. എന്തിന്‌ കൃഷി? കേരളം ഉപഭോഗ സംസ്ഥാനമല്ലെ? പണമുണ്ടെങ്കില്‍ വാങ്ങാന്‍ കിട്ടാത്തതെന്താണ്‌ എന്നാണ്‌? മറ്റു സംസ്ഥാനങ്ങളും ഇതേവിധം ചിന്തിച്ചാല്‍ കൃഷിയും പരിസ്ഥിതിയും നാമാവശേഷമായാല്‍ മനുഷ്യര്‍ എങ്ങനെ ജീവിക്കും? ഒരു സംസ്ക്കാരം എങ്ങനെ നിലനില്‍ക്കും? അവര്‍ പറയുന്നത്‌ കേട്ടപ്പോള്‍ എനിക്ക്‌ തോന്നിയത്‌ ഗൃഹാതുരത്വം എന്ന വാക്കുപോലും ഒരു അധികപ്പറ്റാകുന്നു എന്നാണ്‌. "ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്താന്‍" മോഹിക്കുന്നവര്‍ ഇന്ന്‌ അപ്രത്യക്ഷമാകുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.