ടെലിവിഷന്‍ ക്യാമറകള്‍ തകര്‍ക്കുമെന്ന്‌ വീരഭദ്രസിംഗ്‌

Wednesday 24 October 2012 9:26 pm IST

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ ഹിമാചല്‍പ്രദേശ്‌ മുഖ്യമന്ത്രിയുമായ വീര്‍ഭദ്രസിങ്ങിന്റെ ഭീഷണി. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ തകര്‍ക്കുമെന്നാണ്‌ ഭീഷണി മുഴക്കിയത്‌. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഭീഷണി. ഞാന്‍ നിങ്ങളുടെ ക്യാമറകള്‍ തകര്‍ക്കും. നിങ്ങള്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ? എനിക്കെതിരായ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണ്‌ വീര്‍ഭദ്രസിങ്‌ പറഞ്ഞു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന്‌ ജൂണിലാണ്‌ വീര്‍ഭദ്രസിങ്‌ കേന്ദ്ര ഉരുക്കുമന്ത്രി സ്ഥാനം രാജിവെച്ചത്‌. മാധ്യമങ്ങള്‍ ആരോപണങ്ങളുന്നയിക്കുന്നതിന്‌ പകരം അന്വേഷണ ഏജന്‍സികള്‍ക്ക്‌ പരാതി നല്‍കുകയാണ്‌ ചെയ്യേണ്ടതെന്ന്‌ വീര്‍ഭദ്ര സിങ്‌ പറഞ്ഞു.
ഇസ്പാറ്റ്‌ കമ്പനിയുടെ ഓഫീസ്‌ റെയ്ഡ്‌ ചെയ്തപ്പോള്‍ അന്ന്‌ ഉരുക്കുമന്ത്രിയായിരുന്ന വീര്‍ഭദ്രസിങ്ങിന്‌ പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെടുത്തിരുന്നുവെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ യുപിഎ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ബിജെപി നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയേയും ജെയ്റ്റ്ലി രൂക്ഷമായി വിമര്‍ശിച്ചു. മാണ്ഡിയിലെ തന്റെ പൊതുപരിപാടിയില്‍ സദസ്സിലിരുന്നിരുന്ന വീര്‍ഭദ്ര സിംഗിന്റെ അഴിമതികളെക്കുറിച്ച്‌ അറിയാമായിരുന്നെങ്കില്‍ സോണിയ അഴിമതിക്കെതിരെ പ്രസംഗിക്കില്ലായിരുന്നുവെന്ന്‌ ജെയ്റ്റ്ലി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.