പാട്ടുപാടി നൃത്തം ചവിട്ടി മറഡോണ

Wednesday 24 October 2012 11:03 pm IST

കണ്ണൂര്‍: 'ബേ സാമേ മൂചൊ.... കോമിസി ഫുയറസ്താ....' എന്നു തുടങ്ങുന്ന സ്പാനിഷ്‌ ഗീതം പാടി നൃത്തച്ചുവടു വച്ച്‌ ഫുട്ബോള്‍ ഇതിഹാസം മറഡോണ കണ്ണൂരില്‍. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒത്തുചേര്‍ന്ന പതിനായിരങ്ങളും ലാറ്റിനമേരിക്കന്‍ ഗീതത്തിന്റെ താളത്തിനൊത്ത്‌ നൃത്തം ചെയ്തു. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ കണ്ണൂര്‍ ഷോറൂം ഉദ്ഘാടനത്തിന്‌ ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ മറഡോണ സ്റ്റേഡിയത്തിലെത്തിയത്‌. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ഹെലികോപ്റ്ററില്‍ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിങ്ങ്‌ ഡയറക്ടറുമായ ബോബി ചെമ്മണ്ണൂരിനൊപ്പം പോലീസ്‌ പരേഡ്‌ ഗ്രൗണ്ടിലിറങ്ങിയ മറഡോണ കാര്‍ മാര്‍ഗ്ഗമാണ്‌ സ്റ്റേഡിയത്തിലെത്തിയത്‌. ആവേശത്തോടെയും ആരവത്തോടെയുമാണ്‌ ആരാധകര്‍ മറഡോണയെ വരവേറ്റത്‌. ഈ മാസം 30 ന്‌ 52-ാ‍ം പിറന്നാള്‍ ആഘോഷിക്കുന്ന മറഡോണക്കുവേണ്ടി 52 കിലോഗ്രാം തൂക്കം വരുന്ന ഭീമന്‍ കേക്ക്‌ വേദിയില്‍ ഒരുക്കിയിരുന്നു. മറഡോണയുടെ പിറന്നാളാഘോഷവും വേദിയില്‍ വെച്ച്‌ നടന്നു.
തന്റെ ഫുട്ബോള്‍ പ്രതിഭക്ക്‌ അല്‍പ്പം പോലും മങ്ങലേറ്റിട്ടില്ലെന്ന്‌ ആരാധകരെ ബോധ്യപ്പെടുത്തുന്ന മാസ്മരിക പ്രകടനവും മറഡോണ നടത്തി. ദീര്‍ഘനേരം പന്ത്‌ നിലത്തിടാതെ കാലുകൊണ്ടും തലകൊണ്ടും നിയന്ത്രിച്ച്‌ മറഡോണ ആരാധകര്‍ക്കടിച്ചുകൊടുത്തു. അര്‍ജന്റീനയുടെ നിരവധി ജേഴ്സികളും അദ്ദേഹം ആരാധകര്‍ക്കെറിഞ്ഞുകൊടുത്തു.
കനത്ത സുരക്ഷാ വലയത്തിലാണ്‌ മറഡോണ ഗ്രൗണ്ടിലെത്തിയത്‌. എന്നാല്‍ സ്റ്റേജിലെത്തിയ അദ്ദേഹം സുരക്ഷാവലയം മറികടന്ന്‌ ആരാധകരുടെ ആവേശത്തിനൊപ്പം ചേര്‍ന്നു. ഞാന്‍ ഇന്ത്യയെയും കേരളത്തെയും സ്നേഹിക്കുന്നുവെന്ന്‌ അദ്ദേഹം ആരാധകരോട്‌ പറഞ്ഞു. തങ്ങള്‍ ആരാധിക്കുന്ന ഫുട്ബോള്‍ ഇതിഹാസത്തെ നേരില്‍ക്കണ്ട ആവേശത്തിമിര്‍പ്പിലായിരുന്നു ആരാധകര്‍. നേരത്തെ കല്‍ക്കത്തയില്‍ വന്ന മറഡോണയുടെ രണ്ടാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു കണ്ണൂരിലേത്‌. സുവര്‍ണ താരത്തെ കാണാന്‍ ലഭിച്ച അവസരം ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണെന്നായിരുന്നു ആരാധകരുടെ അഭിപ്രായം.
രാവിലെ 8 മണിയോടെ തന്നെ സ്റ്റേഡിയത്തില്‍ ജനങ്ങളെത്തിത്തുടങ്ങിയിരുന്നു. സ്റ്റേഡിയത്തിലെത്തുന്നവര്‍ക്കുവേണ്ടി നിരവധി കലാപരിപാടികളും ഒരുക്കിയിരുന്നു. 40 മണിക്കൂര്‍ തുടര്‍ച്ചയായി മൗത്ത്‌ ഓര്‍ഗണ്‍ വായിച്ച്‌ ഗിന്നസ്‌ റിക്കാഡ്‌ നേടിയ തൃശൂര്‍ നസീര്‍ ആണ്‌ കലാപരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. തുടര്‍ന്ന്‌ മേഘ്ന, സലീഷ്‌, രാകേഷ്‌ കണ്ണൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു. എറണാകുളം സ്വദേശി ചാള്‍സ്‌ സ്പാനിഷ്‌ ഗീതങ്ങള്‍ ആലപിച്ചു.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെമ്മണ്ണൂര്‍ എയര്‍ സര്‍വീസ്‌ ഉദ്ഘാടനം ചെയ്തു. നിര്‍ധനര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം വനംവകുപ്പ്മന്ത്രി കെ.ബി.ഗണേഷ്‌ കുമാര്‍ നിര്‍വഹിച്ചു. വികലാംഗര്‍ക്കുള്ള വീല്‍ ചെയര്‍ വിതരണവും നടന്നു.
കെ.സതീശന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.