കൊച്ചി മെട്രോ ഡിഎംആര്‍സിക്ക്‌ തന്നെ: മുഖ്യമന്ത്രി ദല്‍ഹിക്ക്‌

Wednesday 24 October 2012 11:05 pm IST

തിരുവനന്തപുരം : കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സിക്ക്‌ തന്നെ നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ദല്‍ഹിക്ക്‌. 28ന്‌ വൈകുന്നേരം ദല്‍ഹിക്ക്‌ പോകുന്ന മുഖ്യമന്ത്രി കേന്ദ്രമന്ത്രി കമല്‍നാഥിനെ കൂടാതെ ദല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തുമായും ചര്‍ച്ചയ്ക്ക്‌ ശ്രമിക്കും. കൊച്ചി മെട്രോ, ഡിഎംആര്‍സി ഏറ്റെടുത്ത്‌ ചെയ്യാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. ദല്‍ഹിക്കു പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഡിഎംആര്‍സിക്ക്‌ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനും കേന്ദ്രമന്ത്രി കമല്‍നാഥിനും മുഖ്യമന്ത്രി കത്തയച്ചു. ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കൊച്ചിമെട്രോയുടെ നിര്‍മ്മാണച്ചുമതല ഡിഎംആര്‍സിക്ക്‌ തന്നെയെന്നും ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തന്നെയാകും പദ്ധതിപൂര്‍ത്തിയാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരാര്‍ ഒപ്പിട്ടാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന്‌ ശ്രീധരന്‍ ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ദല്‍ഹിയില്‍ നിന്നു തിരികെയെത്തി 31നു തിരുവനന്തപുരത്ത്‌ കൊച്ചി മെട്രോയുടെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീധരനുമായി താനും വകുപ്പ്‌ മന്ത്രി ആര്യാടനും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്‌. സമയബന്ധിതമായി പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ്‌ സര്‍ക്കാരിന്റെ പ്രധാന അജണ്ട. ഒന്‍പതുമാസം മുന്‍പു തന്നെ ഡിഎംആര്‍സി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പദ്ധതി നടത്തിപ്പ്‌ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍, കേന്ദ്രാനുമതി ലഭിക്കുന്നതിനു മുന്‍പേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശ്രീധരന്റെ നേതൃത്വത്തിലാണ്‌ പദ്ധതിയുടെ പേപ്പര്‍ വര്‍ക്കുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്‌. അത്‌ തടരണമെന്നു തന്നെയാണ്‌ സര്‍ക്കാരിന്റെ ആദ്യത്തെയും അവസാനത്തെയും നിലപാട്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊച്ചി മെട്രൊ ഡയറക്റ്റര്‍ ബോര്‍ഡ്‌ യോഗത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായി. ദല്‍ഹിക്ക്‌ പുറത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സിക്ക്‌ ഏറ്റെടുക്കണമെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം വേണമെന്ന്‌ ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. പക്ഷെ, ഈ തീരുമാനം എടുക്കുന്നതിനു വളരെ മുന്‍പുതന്നെ കൊച്ചി മെട്രൊയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആവശ്യമുള്ള സജ്ജീകരണങ്ങളെല്ലാമായി. എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ റിക്രൂട്ട്‌ ചെയ്തു. അനുമതി ലഭിച്ച ഉടന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങളായി. പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം ഇനി പിറകോട്ടുപോകില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാണ്‌ മുഖ്യപരിഗണന. നാലുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ്‌ ശ്രീധരന്‍ ആദ്യം അറിയിച്ചത്‌. അതേസമയം, ഗതാഗതക്കുരുക്കും ജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത്‌ മൂന്നു വര്‍ഷംകൊണ്ട്‌ പൂര്‍ത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ടു. വര്‍ക്ക്‌ എഗ്രിമെന്റ്‌ വച്ച്‌ കഴിഞ്ഞാല്‍ മൂന്നു വര്‍ഷം കൊണ്ട്‌ നിര്‍മാണം പൂര്‍ത്തീകരിക്കാമെന്ന്‌ ശ്രീധരന്‍ ഉറപ്പുനല്‍കി. ഈ ഉറപ്പാണ്‌ കേരളത്തിനു പ്രതീക്ഷ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രൊ മാത്രമല്ല, തിരുവനന്തപുരം, കോഴിക്കോട്‌ മോണോറെയില്‍ പദ്ധതികളുടെ ചുമതലയും ഡിഎംആര്‍സിക്കാണ്‌ നല്‍കുക. ഈ പദ്ധതികളും ശ്രീധരന്റെയും ഡിഎംആര്‍സിയുടെയും നേതൃത്വത്തിലാണ്‌ നടക്കുക. സംസ്ഥാന സര്‍ക്കാരുമായി യോജിച്ച്‌ മുന്നോട്ടുപോകുമെന്ന്‌ ചര്‍ച്ചക്കുശേഷം ശ്രീധരന്‍ അറിയിച്ചു. താനും ഡിഎംആര്‍സിയുമായി പ്രശ്നമൊന്നുമില്ല. പ്രൊജക്റ്റിന്റെ ഓരോഘട്ടത്തിലും കെഎംആര്‍എല്ലും ഡിഎംആര്‍സിയും തമ്മില്‍ ആശയവിനിമയം നടത്തിയാകും മുന്നോട്ടുപോവുക. ഡിഎംആര്‍സി ഒറ്റയ്ക്ക്‌ പദ്ധതി കൊണ്ടുപോകില്ലെന്നും ശ്രീധരന്‍ പറഞ്ഞു.
ഇതിനിടെ, കൊച്ചി മെട്രോ നിര്‍മ്മാണം ഡിഎംആര്‍സിയെയും ഇ. ശ്രീധരനെയും ഏല്‍പ്പിക്കണമെന്നും കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട്‌ 27 ന്‌ മനുഷ്യമെട്രോ സംഘടിപ്പിക്കാന്‍ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യരും കൂട്ടരും തീരുമാനിച്ചു.
ആലുവ പുളിഞ്ചോട്‌ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണ്‌ മനുഷ്യ മെട്രോ തീര്‍ക്കുന്നത്‌. യോഗത്തില്‍ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷത വഹിച്ചു. പി. രാജീവ്‌ എംപി പരിപാടി വിശദീകരിച്ചു. ജസ്റ്റിസ്‌ കൃഷ്ണയ്യരുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.