പാദപൂജ സ്വീകരിച്ച്‌ ഗുരുശ്രേഷ്ഠന്‍ യാത്രയായി

Tuesday 19 July 2011 11:11 pm IST

കോതമംഗലം: വ്യാസപൂര്‍ണിമയോടനുബന്ധിച്ച്‌ കോതമംഗലം തങ്കളം വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന ഗുരുപൂജ പരിപാടിയിലാണ്‌ പ്രൊഫ.എം.പി.വര്‍ഗീസ്‌ അവസാനമായി പങ്കെടുത്ത പൊതുപരിപാടിയില്‍ വിവേകാനന്ദ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പാദപൂജ സ്വീകരിച്ച്‌ അവസാന അനുഗ്രഹവര്‍ഷവും ചൊരിഞ്ഞാണ്‌ കോതമംഗലത്തിന്റെ ഗുരുശ്രേഷ്ഠനായ പ്രൊഫ.എം.പി.വര്‍ഗീസ്‌ ജീവിതത്തില്‍നിന്നു വിടവാങ്ങിയത്‌. ജന്മംകൊണ്ടും കര്‍മംകൊണ്ടും ശ്രേഷ്ഠമായ ഗുരുവന്ദ്യന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതിയാഘോഷങ്ങള്‍ നടക്കുന്നവേളയിലാണ്‌ വേര്‍പിരിഞ്ഞത്‌. അറിവിന്റെ വാതായനങ്ങള്‍ അനന്തമായി തുറന്നുകൊടുത്ത്‌ കോതമംഗലത്തെ വിദ്യാഭ്യാസ മേഖലയെ കൈപിടിച്ചുയര്‍ത്തിയ ആഗുരുവര്യന്റെ നവതിയാഘോഷത്തിന്റെ അവസാനസ്വീകരണവും തങ്കളം വിവേകാനന്ദ വിദ്യാലയ സെക്രട്ടറി അനില്‍ഞ്ഞാളുമഠത്തിന്റേതായിരുന്നു. ചിന്തയിലും, വാക്കിലും പ്രവൃത്തിയിലും താന്‍ വിത്തുപാകിയ മാര്‍ അത്തനേഷ്യസ്‌ കോളേജ്‌ എന്ന വടവൃക്ഷത്തിന്റെയും, അതുമായിബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളുടെയും ഉന്നതിക്കുവേണ്ടിയും നിലകൊണ്ടു. വിവിധമേഖലകളിലെ നിസ്വാര്‍ത്ഥ സേവനത്തിനുവേണ്ടിയും അവസാനനിമിഷംവരെ കര്‍മ നിരതനായിരുന്ന ആഗുരുശ്രേഷ്ഠന്റെ ധന്യമായ ജീവിതം ഇനി ഓര്‍മ്മകള്‍ മാത്രം. കോതമംഗലം മാര്‍അത്തനേഷ്യസ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറിയും, മുന്‍പ്രിന്‍സിപ്പലും, വിവിധരംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ളയാളുമായ കോതമംഗലത്തിന്റെ ഗുരുവര്യന്‍ പ്രൊഫ.എം.പി.വര്‍ഗീസിന്റെ നിര്യാണത്തില്‍ ബിജെപി കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കോതമംഗലത്തെ വിദ്യാഭ്യാസമേഖലയുടെ ശില്‍പിയായ അദ്ദേഹത്തിന്റെ വിയോഗം മൂലം സമൂഹത്തിന്‌ ഒരു തീരാനഷ്ടമാണുണ്ടായിട്ടുള്ളതെന്നും അനുശോചനപ്രമേയത്തില്‍ അറിയിച്ചു. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.ആര്‍.രഞ്ജിത്‌ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതിയംഗം എം.എന്‍.ഗംഗാധരന്‍, ജനറല്‍ സെക്രട്ടറിമാരായ പി.കെ.ബാബു, സന്തോഷ്‌ പത്മനാഭന്‍, മറ്റ്‌ നേതാക്കളായ അനില്‍ ആനന്ദ്‌, എന്‍.എന്‍.ഇളയത്‌ അനില്‍ ഞാളു മഠം, ടി.എസ്‌.സുനീഷ്‌, എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.