ഗുരുവായൂര്‍ ഏകാദശി വിളക്കിന്‌ തുടക്കം

Thursday 25 October 2012 11:08 pm IST

ഗുരുവായൂര്‍: ഏകാദശി വിളക്കിന്‌ തുടക്കമായി. പുരാതന കുടുംബമായ പറമ്പോട്ട്‌ അമ്മിണിഅമ്മയുടെ വകയായിരുന്നു ഇന്നലെ. ഇന്ന്‌ പാരമ്പര്യ അവകാശികളായ ക്ഷേത്രം പത്തുകാരുടെ വിളക്കിന്‌ ക്ഷേത്രത്തിനകത്ത്‌ മൂന്ന്‌ നേരവും മേളത്തോടെയുള്ള കാഴ്ച്ചശീവേലിയുണ്ടാകും.
നാളെ ആഘോഷിക്കുന്ന സമ്പൂര്‍ണ്ണ നെയ്‌ വിളക്ക്‌ ചാവക്കാട്‌ മുന്‍സിഫ്‌ കോടതിയുടേതാണ്‌. ക്ഷേത്രത്തിനകത്ത്‌ വിശേഷാല്‍ പൂജകള്‍, അലങ്കാരങ്ങള്‍, ആന തറവാട്ടിലെ തലയെടുപ്പുള്ള ഗജ കേസരികള്‍ അണിനിരക്കുന്ന മേളത്തോടേയുള്ള കാഴ്ച്ചശീവിലി, പുറത്ത്‌ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അഷ്ടപദി, ചാക്യാര്‍ക്കൂത്ത്‌, കുച്ചുപ്പുഡി, നങ്ങ്യാര്‍ക്കൂത്ത്‌, മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിരക്കളി, അഷ്ടപദി നൃത്തം, ഗിത്താര്‍, സിനിമ പിന്നണിഗായകര്‍ അണിനിരക്കുന്ന ഭക്തിഗാനമേള എന്നിവയുണ്ടാകും.
ഹൈക്കോടതി ജസ്റ്റീസുമാര്‍, വിവിധ കോടതികളിലെ ന്യായാധിപന്‍മാര്‍, പ്രമുഖ അഭിഭാഷകര്‍ എന്നിവര്‍ വിളക്കാഘോഷത്തിന്‌ എത്തിചേരും. ഞായറാഴ്ച്ച കനറാ ബാങ്കിന്റെ വിളക്കാണ്‌. തുടര്‍ന്ന്‌ ഓരോദിവസവും വ്യക്തികളുടേയും, സ്ഥാപനങ്ങളുടേയും വിളക്കാഘോഷങ്ങള്‍, വിവിധ കലാപരിപാടികളോടെ നടക്കും. നവംബര്‍ 9-ന്‌ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന്‌ തിരിതെളിയും. തുടര്‍ന്നുള്ള 15-ദിനരാത്രങ്ങള്‍ പാടിപതിഞ്ഞവരും, തുടക്കക്കാരുമായ മൂവ്വായിരത്തിലേറെ സംഗീതജ്ഞര്‍ സംഗീതാര്‍ച്ചന നടത്തുന്നതോടെ ഗുരുപവനപുരി സംഗീത സാഗരത്തിലാറാടും. 23-നാണ്‌ ഇന്ത്യന്‍ സംഗീത സാമ്രാട്ടുകള്‍ അണിനിരക്കുന്ന പ്രസിദ്ധമായ പഞ്ചരത്ന കീര്‍ത്തന ആലാപനം. ഏകാദശി ദിനമായ 25-ന്‌ അര്‍ദ്ധരാത്രി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇഷ്ടകീര്‍ത്തനമായ " കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ" എന്നകീര്‍ത്തനത്തോടെ ചെമ്പൈ സംഗീതോത്സവത്തിന്റെ തിരശ്ശീല താഴുമ്പോള്‍, ഈ വര്‍ഷത്തെ ഏകാദശി മഹോത്സവത്തിന്റെ ആഘോഷ പരിപാടികള്‍ക്ക്‌ പരിസമാപ്തിയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.