ബാങ്കില്‍ നിന്നും തിരിച്ചെടുത്ത 16 പവന്‍ വഴിയില്‍ വീണു; ആജ്ഞാതന്‍ ആഭരണങ്ങളുമായി മുങ്ങി

Tuesday 19 July 2011 11:26 pm IST

മുള്ളേരിയ: മുള്ളേരിയ സിണ്ടിക്കേറ്റ്‌ ബാങ്ക്‌ ശാഖയില്‍ നിന്നും തിരിച്ചെടുത്ത 16 പവന്‍ പണയ പണ്ടം വഴിയില്‍ വീണത്‌ അന്വേഷിച്ച്‌ നടക്കുന്നതിനിടയില്‍ അജ്ഞാതനായ ഒരാള്‍ വീണ ആഭരണങ്ങളുമായി മുങ്ങി. കഴിഞ്ഞ ദിവസം ഉച്ചക്ക്‌ 11.30ന്‌ മുള്ളേരിയ ടൌണില്‍ നാട്ടക്കല്‍ റോഡ്‌ ജംഗ്ഷനിലാണ്‌ സംഭവം നടന്നത്‌. കൊടിവളപ്പ്‌ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ ഹാജിയുടെ ആഭരണങ്ങളാണ്‌ നഷ്ടപ്പെട്ടത്‌. മടിക്കെട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണ പൊതി നടക്കുന്നതിനിടയില്‍ വീണത്‌ ഹാജി അറിഞ്ഞില്ല. കുറച്ചുദൂരം നടന്നതിനുശേഷം ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്‌ അറിഞ്ഞ്‌ തിരിഞ്ഞ്‌ നടന്നെങ്കിലും ആഭരണങ്ങള്‍ തിരിച്ചുകിട്ടിയില്ല. ചുവന്ന ടീ ഷര്‍ട്ടിട്ട ഒരാള്‍ റോഡില്‍ നിന്നും പൊതി എടുത്ത്‌ നടന്നുപോകുന്നതായി ഒരു വ്യാപാരി കണ്ടിരുന്നു. എന്താണ്‌ പൊതിയിലെന്ന്‌ വ്യാപാരി അദ്ദേഹത്തോട്‌ അന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്ന്‌ പറഞ്ഞ്‌ ഇയാള്‍ പോവുകയായിരുന്നുവത്രെ. അബ്ദുള്ള ഹാജിയുടെ പരാതിയില്‍ പോലീസ്‌ കേസെടുത്ത്‌ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.