ഒബാമ വോട്ട്‌ ചെയ്തു

Friday 26 October 2012 8:16 pm IST

വാഷിംഗ്ടണ്‍: യുഎസ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌ രണ്ടാം വട്ടവും ജനവിധി തേടുന്ന ബരാക്‌ ഒബാമ മുന്‍കൂറായി വോട്ട്‌ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വോട്ട്‌ രേഖപ്പെടുത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ്‌ ബരാക്‌ ഒബാമ. നവംബര്‍ ആറിനാണ്‌ അമേരിക്കയില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌. അമേരിക്കന്‍ നിയമം അനുസരിച്ച്‌ പൗരന്മാര്‍ക്ക്‌ നേരത്തെ വോട്ട്‌ രേഖപ്പെടുത്താനുള്ള അവകാശമുണ്ട്‌. സജീവമായ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്കിടെ ജന്മനാടായ ചിക്കാഗോയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ കമ്മ്യൂണിറ്റി സെന്ററിലാണ്‌ ഒബാമ വോട്ട്‌ രേഖപ്പെടുത്തിയത്‌. മുന്‍കൂറായി വോട്ട്‌ രേഖപ്പെടുത്താന്‍ കഴിഞ്ഞത്‌ തന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നുവെന്ന്‌ ഒബാമ പറഞ്ഞു. പോളിംഗ്‌ സ്റ്റേഷനിലെത്തിയ അദ്ദേഹത്തിന്‌ തെരഞ്ഞെടുപ്പ്‌ ജോലിയിലേര്‍പ്പെട്ടിരുന്നവര്‍ വിജയാശംസ നേര്‍ന്നു. എല്ലാവര്‍ക്കും ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കിയശേഷമാണ്‌ വോട്ട്‌ രേഖപ്പെടുത്താനുള്ള ഫോം ഒബാമ വാങ്ങിയത്‌.
പോളിംഗ്‌ ബൂത്തിലുണ്ടായിരുന്ന മുതിര്‍ന്ന തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥയാണ്‌ ഒബാമയ്ക്ക്‌ ഫോം നല്‍കിയത്‌. തിരിച്ചറിയലിനായി ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ആവശ്യപ്പെട്ട ഇവര്‍ക്ക്‌ ഒബാമ പോക്കറ്റില്‍ കരുതിയിരുന്ന ലൈസന്‍സ്‌ നല്‍കി. ലൈസന്‍സില്‍ പതിച്ചിരുന്ന തന്റെ പഴയ ഫോട്ടോയില്‍ മുടി നരച്ചിട്ടില്ലെന്ന കാര്യം കണക്കിലെടുക്കേണ്ടെന്നായിരുന്നു ഒബാമയുടെ കമന്റ്‌.
ലൈസന്‍സ്‌ സൂക്ഷ്മമായി പരിശോധിച്ച ഉദ്യോഗസ്ഥയെ തമാശ രൂപേണ അനുകരിക്കാനും പ്രസിഡന്റ്‌ തയ്യാറായി. വോട്ട്‌ രേഖപ്പെടുത്തിയശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ഒബാമയെ തെരഞ്ഞെടുപ്പ്‌ ഏജന്റുമാര്‍ സഹായിച്ചു. പോളിംഗ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന്‌ ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്ത ശേഷമാണ്‌ ഒബാമ മടങ്ങിയത്‌. തെരഞ്ഞെടുപ്പിന്‌ 11 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബരാക്‌ ഒബാമയും മീറ്റ്‌ റോമ്മ്നിയും തമ്മിലുള്ള മത്സരം കടുത്തതാകുമെന്ന സൂചനകളാണ്‌ അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്നത്‌. മുന്‍കൂര്‍ വോട്ട്‌ രേഖപ്പെടുത്തുന്നവരില്‍ മൂന്നില്‍ രണ്ടുഭാഗവും ഒബാമയ്ക്ക്‌ ഒപ്പമാണെന്ന അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ വോട്ടിങ്ങിനെ പ്രോത്സാഹിപ്പിച്ച്‌ ഒബാമയുടെ ജയം ഉറപ്പാക്കാനാണ്‌ ഡെമോക്രാറ്റിക്‌ പക്ഷത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പിന്‌ മുമ്പായി 80 ശതമാനം വോട്ടര്‍മാരും വോട്ട്‌ രേഖപ്പെടുത്തുമെന്നാണ്‌ വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.