പഞ്ചായത്തു റോഡുകള്‍ മാസങ്ങള്‍ക്കകം കുഴികളായി

Tuesday 19 July 2011 11:38 pm IST

കുമരകം: കുമരകം പഞ്ചായത്തിലെ മിക്ക റോഡുകളും തകര്‍ന്ന്‌ വെള്ളക്കെട്ടായി മാറിയ നിലയില്‍. പഞ്ചായത്ത്‌ ഭരണാധികാരികള്‍ കരാറുകാരനെ ഏല്‍പിച്ച റോഡുകളാണ്‌ ഇത്തരത്തില്‍ തകര്‍ന്നിരിക്കുന്നത്‌. പല ഭാഗങ്ങളിലും മാനദണ്ഡം പാലിക്കാതെ നടന്നുവന്നിരുന്ന പല റോഡുപണികളും നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്നു കരാറുകാരന്‌ നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. ഇതേകാരണത്താല്‍ ടാറിംഗ്‌ നടത്തിയ പല റോഡുകളും മാസങ്ങള്‍ക്കുള്ളില്‍ ത്തന്നെ താറുമാറായിരിക്കുകയാണ്‌. ഇതിനെതിരെ കുമരകത്ത്‌ ജനങ്ങള്‍ക്കിടയില്‍ വാന്‍ പ്രതിഷേധമാണുയരുന്നത്‌. പണി കഴിഞ്ഞ്‌ മാസങ്ങള്‍ ക്കകം വാഹനഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും പറ്റാത്ത വിധത്തില്‍ റോഡുതകര്‍ന്ന്‌ വെള്ളക്കെട്ടായി മാറിയതാണ്‌ ജനങ്ങളെ ക്ഷുഭിതരാക്കിയിരിക്കുന്നത്‌. റോഡുപണിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ക്കും പഞ്ചായത്ത്‌ വാര്‍ഡുമെമ്പര്‍മാര്‍ക്കുമൊക്കെ മടക്കു കൊടുക്കേണ്ടിവരുന്നതുകൊണ്ട്‌ റോഡുപണി മാനദണ്ഡങ്ങള്‍ പാലിച്ച്‌ പണിതീര്‍ക്കാന്‍ കഴിയാറില്ലെന്നാണ്‌ കരാറുകാരന്‍ പറയുന്നത്‌. ജനങ്ങളുടെ നികുതിപ്പണം കൊണ്ട്‌ ജനങ്ങളുടെ ആവശ്യത്തിനായി പണിതീര്‍ക്കുന്ന പഞ്ചായത്തിലെ റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ തകര്‍ന്നടിയുമ്പോള്‍ പണിയുടെ മികവ്‌ വിലയിരുത്തി പണിക്കുറ്റം കണ്ടെത്തി നടപടിയെടുക്കേണ്ടവര്‍തന്നെ റോഡു തകര്‍ച്ചക്കുത്തരവാദികളായി മാറുന്ന അവസ്ഥ ഗുരുതരമായ അഴിമതിക്ക്‌ വളം വയ്ക്കുമെന്നുള്ളതിനാല്‍ ബന്ധപ്പെട്ടവര്‍ പണിതീര്‍ത്ത്‌ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ തകര്‍ന്ന റോഡുകള്‍ പരിശോധിച്ച്‌ ഇതിനുത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കേണ്ടത്‌ അനിവാര്യവും മാറിവന്ന സര്‍ക്കാരിണ്റ്റെ ചുമതലയുമാണ്‌.