ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല ഡി.എം.ആര്.സി ഏറ്റെടുക്കുന്നതിനെതിരെ കേന്ദ്ര നഗരവികസന മന്ത്രാലയം രംഗത്ത്. കൊച്ചി മെട്രോയില്‍ പരിമിതമായ പങ്ക് മാത്രം മതിയെന്ന് മന്ത്രാലയം ഡി.എം.ആര്.സിക്ക് നിര്‍ദേശം നല്കി.
ദല്‍ഹി മെട്രോയുടെ വിപുലീകരണത്തില്‍ ശ്രദ്ധയൂന്നാനും നഗരവികസന മന്ത്രാലയം ആവശ്യപ്പെട്ടു. നിലവില്‍ തന്നെ ധാരാളം പദ്ധതികള്‍ ഡി.എം.ആര്.സി ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് ബാദ്ധ്യത കൂട്ടേണ്ടെന്നാണ് നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദേശം.
പുതിയ നിര്‍ദേശം സംബന്ധിച്ച് അടുത്ത കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കുറിപ്പ് അവതരിപ്പിക്കും. തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കും. കൊച്ചി മെട്രോ ഡി.എം.ആര്.സി ഏറ്റെടുക്കാതിരിക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് പുതിയ നീക്കങ്ങള്‍.
എന്നാല്‍ ഡി.എം.ആര്.സിക്ക് ദല്‍ഹിക്കു പുറത്ത് പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് വിലക്കില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: