ഒരര്‍ദ്ധശതാബ്ദിയും ശതാബ്ദിയും

Saturday 27 October 2012 6:50 pm IST

നാലുപതിറ്റാണ്ടിലേറെയായി ഏറ്റവും അടുപ്പം പുലര്‍ത്തി വന്ന തിരൂരിലെ പ്രമുഖ അഭിഭാഷകന്‍ ശ്രീ.കെ.കെ.രാധാകൃഷ്ണന്‍ തന്റെ അഭിഭാഷക വൃത്തിയുടെ അരനൂറ്റാണ്ടുപൂര്‍ത്തിയാക്കിയത്‌ സംബന്ധിച്ച്‌ നടക്കുന്ന അഭിനന്ദന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയുണ്ടായി. ക്ഷണം തന്റെ സഹപ്രവര്‍ത്തകനായ അരവിന്ദന്‍ എന്ന യുവ അഭിഭാഷകന്‍ മുഖാന്തിരമാണ്‌ നടത്തിയത്‌. അവസരത്തിനനുസരിച്ച ഒരു അഭിനന്ദന ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ വേണ്ടി എന്റെ സ്മരണകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന്‌ ശ്രീ.രാധാകൃഷ്ണന്‍ താല്‍പ്പര്യപ്പെട്ടതനുസരിച്ച്‌ ഒന്നയച്ചു കൊടുത്തിരുന്നു. പരിപാടിയില്‍ ഹൈക്കോടതിയിലെ ന്യായാധിപന്മാരും മന്ത്രിമാരും നീതിന്യായ രംഗത്ത്‌ വിളങ്ങുന്ന അഭിഭാഷകരും ഒ.രാജഗോപാലനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളും സഹപ്രവര്‍ത്തകരുമൊക്കെ ഒരുമിച്ചു കൂടിയിരുന്നുവെന്നറിയാന്‍ കഴിഞ്ഞു. അത്‌ സംബന്ധമായ വാര്‍ത്തകള്‍ പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും കാണാന്‍ കഴിഞ്ഞില്ല. മാധ്യമങ്ങള്‍ക്ക്‌ താല്‍പ്പര്യമുണ്ടാവാന്‍ തക്ക ഒരു വ്യക്തിയല്ല കെ.കെ.രാധാകൃഷ്ണന്‍ എന്നു വന്നിരിക്കുകയാണോ എന്നറിയില്ല.
അത്യന്തം മസൃണവും ഊഷ്മളവുമായ ഓര്‍മകളാണ്‌ എന്നെ സംബന്ധിച്ചിടത്തോളം രാധാകൃഷ്ണന്റേത്‌. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകാലത്ത്‌ അദ്ദേഹത്തെപ്പോലെ ദൃഢതയോടെ ഹിന്ദുസമുദായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട മറ്റാളുകള്‍ ചുരുക്കമായിരിക്കും. കേരളത്തിലെ തന്നെ ആദ്യ സ്വയംസേവകരില്‍ പെടുന്ന പരേതരായ ടി.എന്‍.ഭരതന്‍, സി.പി.ജനാര്‍ദ്ദനന്‍ മുതലായവരോടൊപ്പം രാധാകൃഷ്ണന്‍ വക്കീലും ഹിന്ദുഹൃദയങ്ങളെ കീഴടക്കി. പൊതുസമര രംഗത്തെക്കാള്‍ നീതിപീഠങ്ങളിലായിരുന്നു അദ്ദേഹം പൊരുതിയതെന്ന്‌ പറയാം.
കോഴിക്കോട്ട്‌ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായി 1967 ല്‍ പോയപ്പോള്‍ (അന്ന്‌ മലപ്പുറം ജില്ലാ രൂപീകൃതമായിട്ടില്ല) കെ.രാമന്‍പിള്ളക്കൊപ്പമാണ്‌ ആദ്യമായി ഞാന്‍ തിരൂര്‍ പോയത്‌. അദ്ദേഹത്തോടൊപ്പം തൃക്കണ്ടിയൂര്‍ മഹാക്ഷേത്രത്തിന്‌ പടിഞ്ഞാറുള്ള പുന്നക്കല്‍ വീട്ടില്‍ അഡ്വക്കേറ്റ്‌ കുട്ടിശങ്കരന്‍ നായരെ പരിചയപ്പെടാന്‍ പോയി. കേളപ്പജിയുടെ അനുയായിയും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ച സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു കുട്ടിശങ്കരന്‍ നായര്‍. അദ്ദേഹത്തിന്‌ സംഘവുമായി നല്ല അടുപ്പമുണ്ടായിരുന്നു. കുട്ടിശങ്കരന്‍ നായര്‍ വക്കീലിന്റെ മകന്‍ രാധാകൃഷ്ണനെ അന്നാണ്‌ പരിചയപ്പെട്ടത്‌. ആ തറവാട്ടിലെ തന്നെ അംഗമായിരുന്ന ബാലകൃഷ്ണനും അഭിഭാഷക വൃത്തി ആരംഭിച്ചിരുന്നു. ബാലകൃഷ്ണന്‍ 1963 ലെ തൃശ്ശിനാപ്പള്ളി സംഘശിക്ഷാ വര്‍ഗില്‍ വന്നിരുന്നതിനാല്‍ നേരത്തെ അറിയുമായിരുന്നു. ബാലകൃഷ്ണനും രാധാകൃഷ്ണനുമൊരുമിച്ച്‌ സംസാരിച്ചിരിക്കുന്നതിനിടയിലാണ്‌ ഞങ്ങള്‍ ചെന്നത്‌. പിന്നീട്‌ തിരൂരില്‍ ചെന്നാല്‍ രാധാകൃഷ്ണനെ കാണാതെയിരുന്നിട്ടില്ല. പലപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ താമസിച്ചു. കോടതി സംബന്ധമായ കാര്യങ്ങള്‍ക്കായി വന്നിരുന്ന കക്ഷികളോടുള്ള പെരുമാറ്റം നോക്കി നില്‍ക്കാന്‍ തോന്നുമായിരുന്നു.
1967 ല്‍ സപ്തകക്ഷി മുന്നണി ഭരണം സ്ഥാപിതമായപ്പോള്‍ അതിലെ നിര്‍ണായക ഘടകം മുസ്ലീം ലീഗായി. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത്‌ ചെകുത്താനുമായും കൂട്ടുചേരുമെന്ന ഇ.എം.എസ്‌.നമ്പൂതിരിപ്പാടിന്റെ നയപ്രഖ്യാപനത്തെ തുടര്‍ന്ന്‌, അവര്‍ പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഭരണകക്ഷിയായി മാറി. ഏതാനും മാസങ്ങള്‍ക്കകം തന്നെ മലബാറിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത്‌ ഒരു ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാലക്കാട്ടും കോഴിക്കോട്ടും ജില്ലാ ലീഗ്‌ കമ്മറ്റികള്‍ പാസ്സാക്കി. സപ്തംബര്‍ ആകുമ്പോഴേക്കും മലപ്പുറം ജില്ല രൂപീകരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ പിന്നിലെ വിപത്തുകള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ ജാഗരൂകരാക്കാന്‍ 1967 സപ്തംബര്‍ 6 ന്‌ മഞ്ചേരിയില്‍ ടി.എന്‍.ഭരതനും കെ.ഗോപാലകൃഷ്ണനും ചേര്‍ന്ന്‌ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രാധാകൃഷ്ണന്‍ സുപ്രധാന പങ്കുവഹിച്ചു. അതിനിടെ കോഴിക്കോട്‌ ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം നടക്കാനിരുന്നതിനാല്‍ തുടര്‍ നടപടികള്‍ അതിനുശേഷമാകാമെന്നും അതിനിടെ വ്യാപകമായ ജനസമ്പര്‍ക്കം നടത്തണമെന്നും തീരുമാനിക്കപ്പെട്ടു. പിന്നീട്‌ കുട്ടിശങ്കരന്‍ നായരുടെ അധ്യക്ഷതയില്‍ വിപുലമായൊരു യോഗം ചേരുകയും അതില്‍ രൂപീകരിക്കപ്പെട്ട സമിതിയില്‍ കെ.കെ.രാധാകൃഷ്ണന്‍ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു. ജില്ലാ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത്‌ നിയമനടപടികള്‍ നേരിടേണ്ടിവന്നവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു.
1972 ല്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ അദ്ദേഹം മഞ്ചേരി മണ്ഡലത്തില്‍ മത്സരിച്ചു. സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍പ്പെട്ട്‌ വലയുമ്പോഴും രാധാകൃഷ്ണനും സഹപ്രവര്‍ത്തകരും മണ്ഡലം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. യോഗങ്ങളില്‍ നല്ല രാഷ്ട്രീയ ഗാനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അദ്ദേഹം മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ നേടിയത്‌ മറ്റ്‌ രാഷ്ട്രീയക്കാരെ വിസ്മയിപ്പിച്ചു. രാഷ്ട്രീയ വിഷയങ്ങളെ രസകരമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം പുകഴ്ത്തപ്പെട്ടു. മഹമ്മദ്‌ ഇസ്മെയിലായിരുന്നു ലീഗ്‌ സ്ഥാനാര്‍ത്ഥി. നാമനിര്‍ദ്ദേശം കൊടുക്കാനും തെരഞ്ഞെടുപ്പ്‌ ഫലം ഏറ്റുവാങ്ങാനും മാത്രമേ ഇസ്മെയില്‍ മഞ്ചേരിയില്‍ വരേണ്ടതുള്ളൂ എന്നായിരുന്നു ലീഗുകാര്‍ ഊറ്റം കൊണ്ടത്‌.
തെരഞ്ഞെടുപ്പടുത്തപ്പോള്‍ എംപിയായി വേഷം കെട്ടാന്‍ ഇസ്മെയില്‍ മഞ്ചേരിയില്‍ പറന്നെത്തി എന്നു തുടങ്ങുന്ന അന്നത്തെ പ്രസിദ്ധമായ സിനിമാ ഗാനപ്പാരഡി ജനസംഘ വേദികളില്‍ മാറ്റൊലി കൊണ്ടു.
നല്ലൊരു വായനക്കാരനായ പുസ്തകപ്രേമിയാണ്‌ രാധാകൃഷ്ണന്‍. പുസ്തകങ്ങള്‍ സ്വന്തമാക്കുന്ന ശീലം നിലനിര്‍ത്തുന്നുമുണ്ട്‌. ഒട്ടേറെ പ്രസിദ്ധമായ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തില്‍നിന്നാണ്‌ ഞാന്‍ വായിച്ചത്‌. ഒരിക്കല്‍ ചെഗുവേരയുടെ ബൊളിവിയന്‍ ഡയറിയുടെ മലയാള വിവര്‍ത്തനം എന്റെ കയ്യില്‍ കണ്ട അദ്ദേഹം അതു വാങ്ങി. തിരിച്ചുതരില്ലെന്ന്‌ പറഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശേഖരത്തിലെ മാതൃഭൂമിയുടെ ചരിത്രം വായിച്ചാണ്‌ പഴയ മലബാര്‍ രാഷ്ട്രീയത്തിന്റെ പല അടിയൊഴുക്കുകളും മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഗോവിന്ദന്‍ കുട്ടി തയ്യാറാക്കിയ ടി.എന്‍.ശേഷന്റെ ജീവചരിത്രം ഞാന്‍ വായിക്കാനെടുത്തു. പിന്നീട്‌ എന്റെ ആരോഗ്യപ്രശ്നങ്ങളും ജന്മഭൂമിയില്‍ നിന്ന്‌ വിരമിച്ചതു മൂലം അത്‌ തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പഴയകാല സംഘ, ജനസംഘ നേതാക്കള്‍ക്കൊക്കെ അദ്ദേഹം ആതിഥേയത്വം വഹിച്ചിട്ടുണ്ട്‌.
കെ.കെ.രാധാകൃഷ്ണന്‍ അഭിഭാഷക വൃത്തിയുടെ അന്‍പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ വര്‍ഷം മറ്റൊരു തിരൂര്‍ക്കാരന്റെ ജന്മശതാബ്ദിയാണെന്ന്‌ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനത്തില്‍ നിന്ന്‌ മനസ്സിലാക്കുന്നു. ഭാരതത്തിലെ മുന്‍നിര കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികനായിരുന്ന കീഴേടത്ത്‌ ദാമോദരന്റെ ജീവിത ദുരന്തത്തെപ്പറ്റിയുള്ള വിലാപ ലേഖനമായിരുന്നു അത്‌. കീഴേടത്ത്‌ വാസുദേവന്‍ നായര്‍ എന്ന പ്രശസ്ത എഴുത്തുകാരനെ പരിചയപ്പെടാന്‍ ഒരിക്കല്‍ ആ വീട്ടില്‍ പോകാന്‍ അവസരം കിട്ടിയിട്ടുണ്ട്‌.
കേരളത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അംഗത്വമെടുത്തതദ്ദേഹമായിരുന്നത്രേ. ജയില്‍ വാസക്കാലത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ സ്റ്റഡീ ക്ലാസ്‌ നടത്താന്‍ തയ്യാറാക്കിയ പത്ത്‌ പുസ്തകങ്ങളടങ്ങുന്ന എന്താണ്‌ മാര്‍ക്സിസം? എന്ന പുസ്തകമാണ്‌ ആ പ്രത്യയശാസ്ത്രത്തെക്കുറിച്ച്‌ പഠിക്കാന്‍ എന്നെ സഹായിച്ചത്‌. സ്റ്റാലിന്റെ അഭിപ്രായങ്ങളെ സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ഒരുറച്ച സ്റ്റാലിനിസ്റ്റിന്‍ നമുക്ക്‌ കാണാന്‍ കഴിയും. ക്രൂശ്ചേവിന്റെ കാലത്തെ ഡീസ്റ്റാലിനൈസേഷന്‍ പ്രക്രിയ അദ്ദേഹത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ക്രമേണ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര മര്‍ക്കട മുഷ്ടികള്‍ അയഞ്ഞുതുടങ്ങി.
1962 മുതല്‍ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ഭാരതീയ സംസ്ക്കാരത്തിന്റെ സവിശേഷതകള്‍ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ മനസ്സിലാക്കണമെന്ന്‌ വിശദീകരിക്കുന്നതിന്‌ ഇന്ത്യയുടെ ആത്മാവ്‌ എന്നൊരു പുസ്തകം ഇംഗ്ലീഷില്‍ എഴുതി ആത്മീയതയെപ്പോലെതന്നെ ഭൗതികതയും ആ പാരമ്പര്യത്തില്‍പ്പെടുമെന്ന്‌ സ്ഥാപിക്കുകയാണതില്‍ കെ.ദാമോദരന്‍. ഏതായാലും ഭാരതീയ സംസ്ക്കാരത്തേയും തത്വചിന്തയേയും കൂടുതല്‍ ഗഹനമായി പഠിക്കാന്‍ അദ്ദേഹം ശ്രമിച്ചത്‌ ജീവിതത്തില്‍ തന്നെ വഴിത്തിരിവായി. കെ.ദാമോദരനും ദത്തോപന്ത്‌ ഠേംഗ്ഡിയും ഒരേ സമയത്ത്‌ രാജ്യസഭാംഗങ്ങളായിരുന്നു. ഠേംഗ്ഡിക്ക്‌ കേരളവുമായുള്ള ബന്ധം ഇവിടത്തെ പാര്‍ലമെന്റംഗങ്ങളെ സമ്പര്‍ക്കം ചെയ്യാന്‍ അദ്ദേഹം ഭംഗിയായി ഉപയോഗിച്ചു. ഭാരതീയ തത്വചിന്തയെ ആഴത്തില്‍ പഠിക്കാന്‍ ദാമോദരനെ ഠേംഗ്ഡിജി പ്രോത്സാഹിപ്പിച്ചു. ആ പഠനത്തിന്റെ ഫലം ഇന്ത്യന്‍ തോട്ട്‌-ഭാരതീയ ചിന്ത-എന്ന ബൃഹദ്‌ ഗ്രന്ഥമായി പുറത്തുവന്നു. കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവുമായി ഏതാണ്ട്‌ വിടപറഞ്ഞ മട്ടിലാണ്‌ ആ പുസ്തകത്തിന്റെ പ്രതിപാദനം. 1964 ലെ പിളര്‍പ്പിനെത്തുടര്‍ന്ന്‌ സിപിഐയിലായിരുന്ന അദ്ദേഹത്തെ ക്രമേണ അവരും വെറുത്തു. വിവിധ സമിതികളില്‍ നിന്ന്‌ തരംതാഴ്ത്തപ്പെട്ട്‌ കേവലം സാധാരണ അംഗമായി അദ്ദേഹത്തിന്‌ നിരാലംബനായി കഴിയേണ്ടി വന്നു.
ജെ.എന്‍.യുവിടെ ഒരു ഫെല്ലോഷിപ്പ്‌ മാത്രമായിരുന്നു അന്ത്യകാലത്തെ അവലംബം. സര്‍വകലാശാല വളപ്പില്‍ പ്രജ്ഞയറ്റ്‌ വീണ കെ.ദാമോദരനെ സഫ്ദര്‍ജംഗ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും 1976 ജൂലൈയില്‍ അദ്ദേഹം അന്തരിച്ചു.
കെ.ദാമോദരന്റെതുപോലത്തെ മേധയും ധീഷണയും വളരെ അപൂര്‍വമാണ്‌. ജന്മനാ തന്നെ വിപ്ലവകാരിയായിരുന്ന അദ്ദേഹം താന്‍ പിറന്ന വീട്ടില്‍നിന്ന്‌ എന്നതുപോലെ താന്‍ കെട്ടിപ്പടുത്ത പ്രസ്ഥാനത്തില്‍നിന്നും ബഹിഷ്കൃതനായി. വിപുലമായൊരു സാഹിത്യം തന്നെ അദ്ദേഹം സൃഷ്ടിച്ചു. അവ വായിക്കപ്പെടാതെ കിടക്കുന്നു. ജന്മശതാബ്ദിയില്‍ മാതൃഭൂമിയിലെ വിലാപമല്ലാതെ മറ്റൊന്നും കാണാന്‍ കിട്ടുന്നില്ല.
പി. നാരായണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.