കലോത്സവം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല

Saturday 6 January 2018 9:56 am IST

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഉദ്ഘാടനത്തിന് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചു.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്യും. ഇത്തവണ ഘോഷയാത്രയില്ലാതെയാണ് കലോല്‍സം നടത്തുന്നത്.

ഇന്നു മുതല്‍ പത്തുവരെ അഞ്ചു ദിവസമാണ് കലോല്‍സവം നടക്കുന്നത്. 2008നു ശേഷം ആദ്യമായി പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണ നടത്തുന്നത് എന്ന പ്രത്യേകതയുണ്ട്. 24 വേദികളിലായി 234 ഇനങ്ങളില്‍ 8954 മത്സരാര്‍ഥികള്‍ പങ്കെടുക്കും. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ മത്സരാര്‍ഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന. 

ഉദ്ഘാടനത്തിന് ശേഷം 9.30 വരെ തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അരങ്ങേറും. പ്രധാന വേദിക്കു മുന്‍പില്‍ 1000 കുട്ടികളുടെ മെഗാ തിരുവാതിര നടക്കും.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും കലോത്സവ നടത്തിപ്പ്. വെള്ളപ്പാത്രം, സഞ്ചികള്‍, ബാഡ്ജുകള്‍ തുടങ്ങി പേന വരെ പ്ലാസ്റ്റിക് വിമുക്തം. നഗരത്തിനു ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണു മത്സരാര്‍ഥികള്‍ക്കു താമസം ഒരുക്കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.