ഭീകരര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ 'എല്ലാ വഴികളും' പരിഗണിക്കും

Saturday 6 January 2018 3:07 pm IST

വാഷിങ്ടന്‍: ഭീകരസംഘടനകളും അവരുടെ സുരക്ഷിത താവളങ്ങളും ഇല്ലായ്മ ചെയ്യാന്‍ പാക്കിസ്ഥാനോട് യുഎസ് നിര്‍ദേശം. താലിബാന്‍ പോലുള്ള ഭീകര സംഘടനകള്‍ക്കെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ ഭീകരതയെ തുടച്ച് നീക്കാന്‍ 'എല്ലാ വഴികളും' പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പു നല്‍കി.

സുരക്ഷാ സഹായമായി പാകിസ്ഥാന് അമേരിക്ക വര്‍ഷം തോറും നല്‍കി വരുന്ന രണ്ട് ബില്യണിലധികം യുഎസ് ഡോളറിന്റെ സഹായം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. 33 ബില്യണ്‍ ഡോളര്‍ സഹായം കൈപ്പറ്റി 15 വര്‍ഷമായി പാക്കിസ്ഥാന്‍ യുഎസിനെ വിഡ്ഢികളാക്കി കൊണ്ടിരിക്കുകയാണ്. ഭീകരരുടെ സുരക്ഷിത താവളമായി മാറിയ പാകിസ്താനെ ഇനിയും സഹായിക്കുന്നതു തുടരാനാവില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ഗുരുതരമായ വിധത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരില്‍ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിയിരുന്നു. യുഎസിന്റെ സാമ്പത്തിക സഹായം മുടങ്ങാതിരിക്കാന്‍ മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്‌കര്‍ ഇ തയ്ബ സ്ഥാപകനേതാവുമായ ഹാഫിസ് സയ്യിദിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നീക്കം തുടങ്ങിയിരുന്നു. പക്ഷേ, ചെപ്പടിവിദ്യകളല്ല ആവശ്യമെന്ന സന്ദേശമാണ് ട്രംപ് ഭരണകൂടം നല്‍കുന്നത്. 'ഭീകരതയുടെയും അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ഏജന്റുമാരായ ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന' രാജ്യമായാണ് പാക്കിസ്ഥാന് ട്രംപ് വിശേഷിപ്പിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.