കാലിത്തീറ്റ കുംഭകോണ കേസ് : ലാലുവിന് മൂന്നര വര്‍ഷം തടവ്

Saturday 6 January 2018 4:41 pm IST

റാഞ്ചി:കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് അടക്കം 11 പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചു. ലാലുവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.പ്രതികള്‍ കുറ്റക്കാരാണെന്ന് ഡിസംബര്‍ 23നു വിധിച്ചിരുന്നു. ലാലു അടക്കമുള്ളവര്‍ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലാണിപ്പോള്‍. ശിക്ഷ സംബന്ധിച്ച് ഇന്നലെ നടന്ന വാദത്തില്‍ ലാലു വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായി. പ്രായാധിക്യവും അസുഖങ്ങളും കണക്കിലെടുത്ത് ദയവുണ്ടാകണമെന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.  

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണിത്. ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കേ 1990നും 94നും ഇടയ്ക്ക് ദേവഗഡ് ട്രഷറിയില്‍നിന്ന് 89.27 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഈ കേസ്. ചെയ്ബാസ ട്രഷറിയില്‍നിന്ന് 37.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ ലാലു അടക്കമുള്ളവര്‍ 2013ല്‍ ശിക്ഷിക്കപ്പെട്ടു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു മൂന്നു കേസുകള്‍കൂടി ലാലുവിനെതിരേ ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.