കുട്ടനാട്ടിലെ സമ്മിശ്ര കൃഷി

Sunday 7 January 2018 2:45 am IST

കാര്‍ഷിക ചെലവുകളുടെ വര്‍ദ്ധനവും തൊഴിലാളി ക്ഷാമവും കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതുമെല്ലാം കൃഷി ചുരുങ്ങുന്നതിനും കാര്‍ഷിക മേഖലയില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്കിനും വഴിവെച്ചിട്ടുണ്ട്. നഷ്ടലാഭ കണക്കുകള്‍ നിരത്തി കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ നിന്നും കര്‍ഷകര്‍ കൊഴിഞ്ഞു പോകുന്ന വേളയിലാണ് ചില പൊടിക്കൈകളിലൂടെ മികച്ച ലാഭം നേടി ഒരു കര്‍ഷക കുടുംബം മാതൃകയാവുന്നത്. നെല്ലും മീനും ഫാമും ഒരേ രീതിയില്‍ നടത്തിയാണ് വെളിയനാട് ചെന്നക്കാട് മണിമന്ദിരത്തില്‍ സുനിലും ഭാര്യ രാജി സുനിലും കാര്‍ഷിക മേഖലയില്‍ സജീവമായത്. ഫാമില്‍ നിന്നുള്ള ചാണകവും ഗോമൂത്രവും മീന്‍ കുളത്തില്‍ നിന്നുള്ള വെള്ളവും ഉപയോഗിച്ച് നെല്‍കൃഷി ചെയ്യുന്നു. വീടിന് സമീപത്തെ വെള്ളിസ്രാക്ക പാടശേഖരത്ത് അഞ്ചേക്കര്‍ നിലത്തിലാണ് ഫാമില്‍ നിന്നുള്ള ചാണകവും മറ്റും ഉപയോഗിച്ച് നെല്‍ക്കൃഷി നടത്തുന്നത്. കൃഷി ആവശ്യത്തിനായി ചാണകം ഉപയോഗിക്കുന്നതിനാല്‍ മറ്റ് വളങ്ങള്‍ അധികമായി വാങ്ങേണ്ടി വരുന്നില്ല. 

ആദ്യ നെല്‍ക്കൃഷിയില്‍ തന്നെ മികച്ച വരുമാനം ലഭിച്ചു. കാര്‍ഷിക ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പാടശേഖരത്തെ പണികള്‍ക്കെല്ലാം നേതൃത്വം നല്‍കിയതും ഇരുവരും തന്നെയാണ്.  നെല്ലിനൊപ്പം അനുബന്ധ കൃഷിയായിട്ടാണ് മത്സ്യക്കൃഷി നടത്തുന്നത്. വാള, സിലോപ്പിയ നാടന്‍ ഇനങ്ങളായ വരാലും ചേറുവാളയും ഒരേക്കറോളം വരുന്ന കുളത്തില്‍ വളരുന്നു. മീന്‍ കുളത്തില്‍ നിന്നുള്ള വെള്ളം പാടശേഖരത്തേക്ക് ഒഴുക്കാന്‍ പ്രത്യേക പൈപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യ വിസര്‍ജ്യമടക്കം പാടശേഖരത്തേയ്ക്ക് കൃത്യമായ ഇടവേളകളില്‍ എത്തിക്കുക വഴി നെല്ലിന് മികച്ച വളമാണ് ലഭിക്കുന്നത്. ആഴ്ചയില്‍ മൂന്ന് തവണ മീന്‍ കുളത്തില്‍ നിന്നുള്ള വെള്ളം പാടശേഖരത്ത് എത്തിക്കാറുണ്ട്. രാജി സുനിലാണ് ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വീടിനോട് ചേര്‍ന്നു തന്നെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്. നാടന്‍, ജേഴ്‌സി ഇനങ്ങളിലുള്ള 25ല്‍ അധികം കറവ പശുക്കളാണ് ഫാമിലുള്ളത്. വെളിയനാട് പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തും ഫാമില്‍ നിന്നുള്ള ശുദ്ധമായ പാല്‍ എത്താറുണ്ട്. മില്‍മ പാലിന്റെ ലഭ്യത കുറഞ്ഞതോടെ പാലിന്  ആവശ്യക്കാര്‍ കൂടിവരികയാണ്. മുന്‍കൂര്‍ ഓഡര്‍ നല്‍കി പാല്‍ വാങ്ങുന്നവരും ഉണ്ട്. ഫാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പാല്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് പകരം ആവശ്യക്കാര്‍ ഫാമില്‍ നേരിട്ടെത്തി വാങ്ങുകയാണ് ചെയ്യുന്നത്. പുലര്‍ച്ചെ 5.30 മുതല്‍ പാലിന്റെ വില്‍പ്പന ആരംഭിക്കും. പാലില്‍ നിന്നുള്ള ശുദ്ധമായ തൈരും വെണ്ണയും ഇവിടെ ലഭിക്കും. സ്വന്തം കൃഷിയിടത്തിലെ ആവശ്യത്തിന് ശേഷം മിച്ചം വരുന്ന ചാണകം ഉണക്കി വില്‍പ്പനയും നടത്തുന്നുണ്ട്. 

പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കൃഷികള്‍ ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ മികച്ച വരുമാനം നേടാന്‍ സാധിക്കുമെന്ന് സുനിലും രാജി സുനിലും പറഞ്ഞു. ഇരുവരെയും സഹായിക്കാന്‍ മക്കളായ ശ്രീലക്ഷ്മിയും നന്ദഗോപനും കൂടെയുണ്ട്. വിവിധ ജില്ലകളില്‍ നിന്നായുള്ള നിരവധി കര്‍ഷകര്‍ സുനിലിന്റെ കൃഷി കണ്ട് പഠിക്കാന്‍ എത്തുന്നുണ്ട്. ഫോണ്‍ 7510937132.

 സാനു .കെ. സജീവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.