സംസ്ഥാനത്തുള്ളത് പീസ് സ്‌കൂളുകള്‍ പത്ത്: പൂട്ടാന്‍ ഉത്തരവ് ഒന്നിനുമാത്രം

Sunday 7 January 2018 2:45 am IST

കൊച്ചി: ഇളംമനസ്സുകളില്‍ ഭീകരതയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന പത്ത് സ്‌കൂളുകള്‍ പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ പൂട്ടാനുള്ള ഉത്തരവ് ഒന്നിനുമാത്രം. എറണാകുളം ചക്കരപറമ്പിലെ സ്‌കൂള്‍ മാത്രം പൂട്ടാനാണ്  ഉത്തരവ്. മംഗലാപുരം, മിനിക്കോയ് കൂടാതെ  കാസര്‍കോട്, തൃക്കരിപ്പൂര്‍, പഴയങ്ങാടി, കോഴിക്കോട്, വേങ്ങര, കോട്ടക്കല്‍, മഞ്ചേരി, മതിലകം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലാണ് പീസ് സ്‌കൂളുകള്‍. ചക്കരപറമ്പിലെ സ്‌കൂളിനെ കുറിച്ചുമാത്രമായിരുന്നു പരാതിയെന്നും, അതിന്മേല്‍ മാത്രമാണ് അന്വേഷണം നടന്നതെന്നുമാണ്  സര്‍ക്കാര്‍ വിശദീകരണം.

പീസ് ഫൗണ്ടേഷന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ഒരേ സിലബസാണ്. മറ്റ് സ്‌കൂളുകളില്‍ പരിശോധന നടത്താനോ അന്വേഷണത്തിനോ വിദ്യാഭാസ വകുപ്പ് മുതിര്‍ന്നിട്ടില്ല. ദേശവിരുദ്ധവും മതസ്പര്‍ധവളര്‍ത്തുന്നതുമായ കാര്യങ്ങള്‍ കുരുന്നുകളെ പഠിപ്പിച്ചതിനാണ്  ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടിക്കുന്നത്. സിലബസുകള്‍ മുഴുവന്‍ മതപരമായ ചട്ടക്കൂട്ടില്‍ തയ്യാറാക്കിയതാണ്. ലൈംഗിക വിഷയം ഉള്ളതിനാല്‍ ബയോളജിക്ക് പുസ്തകം പോലും ഇല്ല. ഒരു പേപ്പറില്‍ പ്രത്യേകം മതത്തിന് മാത്രമാണ്  പ്രാധാന്യം.

ജില്ലയിലെ  മൂന്ന് വ്യവസായികളാണ് സ്‌കൂളിന്റെ മാനേജിങ് ട്രസ്റ്റികള്‍. ഇവര്‍ക്കെതിരെയും  നടപടിയില്ല. ഐഎസ് ബന്ധത്തിന്  പിടിയിലായ ചിലര്‍ക്ക് പീസ് സ്‌കൂളുമായും അനുബന്ധ സംഘടനകളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഐഎസ് ബന്ധത്തിന് അറസ്റ്റിലായ യാസ്മിന്‍ പീസ് സ്‌കൂളില്‍ അധ്യാപികയായിരുന്നു.  സിറിയയിലുള്ള എറണാകുളം തമ്മനം സ്വദേശി മെറിനും ഭര്‍ത്താവ്  യഹിയയും പീസ് സ്‌കൂളിലെ ജീവനക്കാരായിരുന്നു. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത  തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ് പീസ് സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു. ഇസ്ലാമിക പഠനത്തിനായി  മുംബൈ ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷന്‍ പുസ്തകങ്ങളാണ് പീസ് സകൂളില്‍ ഉപയോഗിക്കുന്നത്. 

പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.എം. അക്ബര്‍ ഇപ്പോള്‍ ഖത്തറിലാണ്. സ്‌കൂളുകള്‍ക്കെതിരെ അന്വേഷണം തുടങ്ങിയപ്പോഴാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്. 

കെ.എസ്. ഉണ്ണികൃഷ്ണന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.