ഈശ്വരൻ യഥാർത്ഥ ബന്ധു

Sunday 7 January 2018 2:45 am IST

മക്കളേ, 

ഈശ്വരന്‍ മാത്രമാണ് എന്നെന്നുമുള്ള നമ്മുടെ യഥാര്‍ത്ഥ ബന്ധു. ഈ ലോകത്തില്‍ ശാശ്വതമായി ഒന്നും തന്നെയില്ല. ജീവിതത്തിന്റെ സ്വഭാവം തന്നെ അസ്ഥിരതയാണ്. നല്ലതും ചീത്തയുമായ പലതും ജീവിതത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുവരാറുണ്ട്. ഇന്നത്തെ സുഹൃത്ത് നാളത്തെ ശത്രുവാകാം. ഇന്നത്തെ ശത്രു നാളത്തെ മിത്രമാകാം. എത്രയായാലും ബന്ധങ്ങള്‍ക്കും ഭൗതികവസ്തുക്കള്‍ക്കും ശാശ്വതമായ സുഖം നല്‍കാന്‍ കഴിയില്ല. അതിനാല്‍ ഉള്ളില്‍ നമുക്ക് ഈശ്വരനോടു മാത്രമായിരിക്കണം ബന്ധം. ലോകത്തിന്റെയും ലോകവസ്തുക്കളുടെയും സ്വഭാവം മനസ്സിലാക്കിയാല്‍ നമുക്ക് ഈശ്വരനില്‍ ആശ്രയഭാവം വളരും. 

വൃക്ഷത്തിന്റെ ശിഖരത്തിലല്ല, ചുവട്ടിലാണു വെള്ളമൊഴിക്കേണ്ടത്. എങ്കിലേ അതിന്റെ എല്ലാ ഭാഗത്തും വെള്ളം ലഭിക്കുകയുള്ളു. അതുപോലെ നമ്മള്‍ ഈശ്വരനെ സ്‌നേഹിക്കുന്നതിലൂടെ സര്‍വ്വ ജീവരാശികളെയും സ്‌നേഹിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയായാല്‍ കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴും ദുഃഖകാരണമായ മമതയ്ക്ക് നമ്മള്‍ അടിപ്പെടുകയില്ല. 

പലവിധ ഉത്തരവാദിത്തങ്ങള്‍ കാരണം ഈശ്വരനെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലെന്ന് പറയുന്നവരുണ്ട്. ആവശ്യമുള്ള ഏതു കാര്യത്തിനും നമുക്കു സമയമുണ്ടാകും. ഒന്നിനും സമയമില്ലെന്നു നൂറു വട്ടം പറയുന്നവര്‍ പോലും സ്വന്തം കുഞ്ഞിന് അസുഖമുണ്ടായാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമയം കണ്ടെത്താതിരിക്കുമോ? അസുഖം ഭേദമാകാന്‍ മൂന്നുനാലു മാസം വേണമെന്നു പറഞ്ഞാലും കുഞ്ഞിനെ ആശുപത്രിയില്‍ വിട്ടിട്ട് ജോലിക്കു പോകില്ല. അതുപോലെ, തന്നെ രക്ഷിക്കുന്നത് ഈശ്വരനാണ്. അവിടുത്തെ ആശ്രയിക്കാതെ ജീവിതത്തില്‍ ശാന്തി ലഭിക്കില്ലെന്നു ബോദ്ധ്യമായാല്‍, ഈശ്വരനെ ആശ്രയിക്കാനും സമയം കിട്ടും. 

മണ്ണാങ്കട്ടയും കരിയിലയും കണ്ണാരം പൊത്തി കളിക്കാന്‍ പോയ കഥ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. ചെറിയ കുട്ടികള്‍ക്കു പഠിക്കുവാനുള്ള കഥയാണത്. എന്നാല്‍ വലിയ അര്‍ത്ഥം അതിലടങ്ങിയിട്ടുണ്ട്. മണ്ണാങ്കട്ടയും കരിയിലയും കൂടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു കാറ്റു വന്നു. മണ്ണാങ്കട്ടയ്ക്ക് വിഷമമായി, 'അയ്യോ! കഷ്ടം! കരിയില പറന്നുപോകുമല്ലോ'. മണ്ണാങ്കട്ട കരിയിലയുടെ പുറത്തു കയറിയിരുന്നു. അങ്ങനെ കരിയിലയെ രക്ഷിച്ചു. കുറച്ചു കഴിഞ്ഞ് മഴ വന്നു. കരിയില മണ്ണാങ്കട്ടയുടെ പുറത്തിരുന്നു. അങ്ങനെ മണ്ണാങ്കട്ടയെ രക്ഷിച്ചു. അല്‍പം കഴിഞ്ഞ് കാറ്റും മഴയും ഒരുമിച്ചുവന്നു. എന്തുണ്ടായി? കരിയില പറന്നും പോയി മണ്ണാങ്കട്ട അലിഞ്ഞും പോയി. ഇതുപോലെയാണ് നമ്മുടെ ജീവിതം. നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചു നില്‍ക്കുമ്പോള്‍, ചെറിയ ചെറിയ നേട്ടങ്ങളും വിജയങ്ങളും നമുക്കു നേടാന്‍ സാധിച്ചെന്നുവരാം. എന്നാല്‍ വലിയ ആപത്തു വരുമ്പോള്‍ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അവിടെ  ഈശ്വരനോടുള്ള സമര്‍പ്പണം ഒന്നു മാത്രമേ നമുക്ക് ആശ്രയമുള്ളൂ. അവിടുത്തോടുള്ള ശരണാഗതി ഒന്നു മാത്രമാണ് നമ്മുടെ ജീവിതത്തിന്റെ ഏകരക്ഷ. അതൊന്നു മാത്രമാണ് ജീവിതത്തിലെന്നും ശാന്തിയും സംതൃപ്തിയും നിലനിര്‍ത്താനുള്ള വഴി.

ഭാര്യയെയും മക്കളെയും ഒന്നും സ്‌നേഹിക്കരുതെന്നല്ല ഇതിന്നര്‍ത്ഥം. അവരെ അന്യരെപ്പോലെ കാണണമെന്നുമല്ല. അവരെ സ്‌നേഹിക്കണം. അവര്‍ക്കുവേണ്ടതൊക്കെ ചെയ്തുകൊടുക്കണം. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ബന്ധം ഈശ്വരനോടുമാത്രമായിരിക്കണം. അതുകൊണ്ട് എല്ലായ്‌പ്പോഴും ഭഗവാനെത്തന്നെ ആശ്രയിക്കുക. ചുള്ളിക്കമ്പിലിരിക്കുന്ന കിളി പറക്കാന്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കും. കാരണം അതിനറിയാം ചെറിയ ഒരു കാറ്റുവന്നാല്‍ മതി ചുള്ളിക്കമ്പ് അതിനെ ചെറുത്ത്, തന്നെ താങ്ങിനിര്‍ത്തില്ല എന്ന്. അത് ഒടിഞ്ഞുപോകും. അതുപോലെ ലോകബന്ധങ്ങള്‍ ഒന്നും തന്നെ വലിയൊരു പ്രതിസന്ധിയില്‍ നമുക്കു  തുണയാകില്ല. 

ഈശ്വരനെ ആശ്രയിച്ചാല്‍ ജീവിതത്തില്‍ യാതൊരു ദുഃഖങ്ങളും കഷ്ടപ്പാടുകളും ഉണ്ടാവുകയില്ല എന്നല്ല ഇതിനര്‍ത്ഥം. പ്രയാസങ്ങളുണ്ടാകും എന്നാല്‍ അവ നല്ലൊരളവു കുറഞ്ഞിരിക്കും. മാത്രമല്ല, പ്രയാസങ്ങളുടെയെല്ലാം നടുവിലും പതറാതെ ആത്മവിശ്വാസവും ആന്തരികമായ സംതൃപ്തിയും കാത്തുസൂക്ഷിക്കാന്‍ നമുക്കു കഴിയും.

മിക്കവരും ഈശ്വരനെ ആശ്രയിക്കുന്നത് ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടന്‍വേണ്ടി മാത്രമാണ്. അത്  ഈശ്വരനോടുള്ള സ്‌നേഹമല്ല, കാര്യലാഭം പ്രതീക്ഷിച്ചുള്ള സ്‌നേഹമാണ്. ഈശ്വരനോട് നിഷ്‌കളങ്കമായ പ്രേമം വളരണം. എങ്കിലേ പൂര്‍ണ്ണമായ സംതൃപ്തി നേടുവാന്‍ കഴിയൂ. ശര്‍ക്കരയില്‍ എന്തുചെന്നു വീണാലും അതു മധുരമായിത്തീരുന്നു. അതുപോലെ ഈശ്വരസമര്‍പ്പണത്തില്‍ എപ്പോഴും ശാന്തിയുണ്ടാകും. റാണി ഈച്ചയെ മാത്രം പിടിച്ചാല്‍ മതി മറ്റുള്ള ഈച്ചകളൊക്കെ കൂടെപ്പോരും. അതുപോലെ ഈശ്വരനെ ആശ്രയിച്ചാല്‍ ആദ്ധ്യാത്മികവും ഭൗതികവുമായ സകല നേട്ടങ്ങളും വന്നുചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.