പിണറായിക്ക് എന്ത് കലോത്സവം?

Sunday 7 January 2018 2:47 am IST

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരോത്സവം എന്ന് കേരളം ലോകമാകെ അഭിമാനത്തോടെ ആഘോഷിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കലോത്സവം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പിണറായി തൃശ്ശൂരിലെത്താതെ സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിന് പോയി. അവസാന നിമിഷമാണ് മുഖ്യമന്ത്രി എത്തില്ലെന്ന സന്ദേശം സംഘാടകര്‍ക്ക് ലഭിച്ചത്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പകരക്കാരനായി. 

മുഖ്യമന്ത്രിയുടെ നടപടി ഉദ്ഘാടനച്ചടങ്ങിന്റെ ശോഭ കെടുത്തി. കൊല്ലത്ത് മുന്‍കൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാലാണ് മുഖ്യമന്ത്രി എത്താതിരുന്നതെന്നാണ്  വിശദീകരണം. പാര്‍ട്ടിയില്‍ പിണറായിക്കെതിരെ ശക്തമായ വിഭാഗീയതയുള്ള ജില്ലയാണ് കൊല്ലം. പഴയ വിഎസ് വിഭാഗത്തിന്റെ അടിയൊഴുക്കുകള്‍ ഇവിടെ ശക്തമാണ്.  എം.എ. ബേബിയുടെ നേതൃത്വത്തില്‍ പിണറായിക്കെതിരെ ഉയരുന്ന പുതിയ നീക്കവും ഇവിടെയാണ്.  ഇത് കണക്കിലെടുത്താണ്  കലോത്സവ ഉദ്ഘാടനം വേണ്ടെന്ന്‌വച്ച് പിണറായി കൊല്ലത്ത് തങ്ങിയത്. ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിലടക്കം കൊല്ലത്ത് പിണറായിക്ക് വിമര്‍ശങ്ങള്‍ നേരിടേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ട്. 

മുഖ്യമന്ത്രി വിട്ടുനിന്നതിനെതിരെ കലോത്സവ വേദിയിലും സമൂഹമാധ്യമങ്ങളിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിപ്രവര്‍ത്തനമാണ് വലുതെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് അതിന് പോകണമെന്ന തരത്തിലാണ് പരിഹാസങ്ങള്‍.  

മുഖ്യമന്ത്രി എത്താത്തതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ രാവിലെ ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. പ്രകടനത്തിന് സംസ്ഥാന സമിതിയംഗം ശരത്ത് ശിവന്‍, ജില്ല ജോ. കണ്‍വീനര്‍ കെ. വിഷ്ണു, രാഖി പത്മനാഭന്‍, ലക്ഷ്മിപ്രിയ ഗോവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.

ടി.എസ്. നീലാംബരന്‍  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.