ഭഗവാന്‍ മറുപടി പറയുന്നു (11-32)

Monday 8 January 2018 2:30 am IST

കാലഃഅസ്മി- ഞാന്‍ കാലനാണ്. കാലന്‍ എന്നു പറഞ്ഞാല്‍ ആര്? കല-വിദ്രാവണേ, ബന്ധനേ സംഹരണേ, ജ്ഞാനേ, ഇങ്ങനെ കല ധാതുവിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടല്ലോ? അതില്‍ ആരാണ് അങ്ങ്? എല്ലാ അര്‍ത്ഥങ്ങളും എനിക്ക് യോജിക്കും. ഞാന്‍ ലോകങ്ങളെ-ജനങ്ങളെ ഓടിക്കും, സംഹരിക്കും, അറിവുകൊടുക്കും. എല്ലാം ഞാന്‍ ചെയ്യും.

എന്തിനുവേണ്ടി ഈ ഉഗ്രരൂപം ധരിച്ചു. പറയാം. ലോകക്ഷയകൃല്‍-ഞാന്‍ ജനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയാണ് വന്നത്. ഈ യുദ്ധ രംഗത്ത് വന്നെത്തിയ മുഴുവന്‍ ജനങ്ങളെയും സംഹരിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. ഞാന്‍ പ്രവൃദ്ധനാണ്-ഏതു ദേശത്തും ഏതു കാലത്തും നിറഞ്ഞുനില്‍ക്കുകയാണ്.

യോദ്ധാവായ ഞാന്‍ യുദ്ധം ചെയ്തില്ലെങ്കില്‍ ഈ പ്രവൃത്തി എങ്ങനെ നടക്കും? ഈ സംശയം അര്‍ജ്ജുനന്‍ ചോദിച്ചില്ല; എങ്കിലും ഭഗവാന്‍ മറുപടി പറയുന്നു.

ത്വാം ഋതേ അപി-

നീ യുദ്ധം ചെയ്തില്ലെങ്കിലും നിന്നെ കൂടാതെ തന്നെ- നിന്റെ സഹായമില്ലാതെ തന്നെ- ഈ പടയാളികളാരും ബാക്കിയുണ്ടാവില്ല; എല്ലാവരും നശിക്കും. ഭീഷ്മന്‍, ദ്രോണന്‍, കര്‍ണ്ണന്‍ തുടങ്ങിയവരെല്ലാം പ്രതിപക്ഷത്തു യുദ്ധസന്നദ്ധരായിരിക്കുന്നവരെല്ലാം എന്റെ വ്യാപാരംകൊണ്ട് നാശമടയും മഹാമൃത്യുവായ ഞാന്‍ ഇവിടെ നില്‍ക്കേ, ആരാണ് ജീവിക്കുക, ഇവരെയെല്ലാം ഞാന്‍ ഭക്ഷിക്കാന്‍-സമാഹര്‍ത്തും- തുടങ്ങിക്കഴിഞ്ഞു എന്നാണ് ഞാന്‍ കാട്ടിത്തന്നത്.

അപ്പോള്‍ കുന്തിയുടെ മക്കളായ ഞങ്ങളും മരണമടയുമോ? അര്‍ജ്ജുനന്റെ സംശയമാണ്. ഇല്ല. ഋതേ അപിത്വാം- നീ മാത്രമല്ല, നിങ്ങള്‍ പാണ്ഡവര്‍ ഒഴികെ എല്ലാവരും നശിക്കും എന്ന് മനസ്സിലാക്കുക.

''കൗന്തേയ, പ്രതിജാനീഹി

നമേഭക്തഃ പ്രണശ്യതി''

(അര്‍ജ്ജുനാ, നീ പ്രതിജ്ഞ ചെയ്യൂ! എന്റെ -ഈ കൃഷ്ണന്റെ- ഭക്തന്‍ നശിക്കുകയില്ല) എന്ന് മുമ്പേതന്നെ (9-31) ഞാന്‍ പറഞ്ഞത് മറന്ന് പോയോ?

ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

ഫോണ്‍: 9961157857

ഗീതാദര്‍ശനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.