ഫെര്‍ണാണ്ടസിന്റെ ഗോളില്‍ ഡല്‍ഹി ഡൈനാമോസ് കരകയറി

Sunday 7 January 2018 9:47 pm IST

ചെന്നൈ : അവസാന നിമിഷത്തില്‍ ഗോള്‍ നേടി ഗുയോണ്‍ ഫെര്‍ണാണ്ടസ് ഡല്‍ഹി ഡൈനാമോസിനെ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തി. ഇന്ത്യന്‍ സൂ്പ്പര്‍ ലീഗില്‍ അവര്‍ ചെന്നൈയിന്‍ എഫ് സിയെ സമനിലയില്‍ തളച്ച് പോയിന്റു പങ്കുവച്ചു. (2-2). തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കുശേഷം ഡല്‍ഹിയുടെ ആദ്യ സമനിലയാണിത്.

രണ്ടാം പകുതിയുടെ 51-ാം മിനിറ്റുമുതല്‍ 1-2 ന് പിന്നിട്ടുനിന്ന ഡല്‍ഹി ഡൈനാമോസ് അവസാന നിമിഷങ്ങളില്‍ നടത്തിയ പോരാട്ടമാണ് അവര്‍ക്ക് സമനില സമ്മാനിച്ചത്. 90-ാം മിനിറ്റില്‍ കാലു യൂചേയുടെ തലകൊണ്ടുള്ള പാസ് സ്വീകരിച്ച് ഫെര്‍ണാണ്ടസ് ഗോള്‍ മുഖത്തിനടുത്ത് നിന്ന് തൊടുത്തുവിട്ട ഷോട്ട് ചെന്നൈയുടെ വലയില്‍ കയറി നിന്നു.നേരത്തെ ഡല്‍ഹിക്കായി ഡേവിഡ് ഗോള്‍ നേടിയിരുന്നു.ചെന്നൈയിന്‍ എഫ്‌സിയുടെ രണ്ട് ഗോളും ജെജെ ലാല്‍പെഖുലയുടെ ബൂട്ടില്‍ നിന്നാണ് പിറവിയെടുത്തത്.

ചെന്നൈയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയതെങ്കിലും ആദ്യ ഗോള്‍ നേടിയത് ഡല്‍ഹിയാണ്. 24-ാം മിനിറ്റില്‍ ചെന്നൈയുടെ പ്രതിരോധ തകര്‍ച്ച മുതലാക്കി ഡേവിഡാണ് സ്‌കോര്‍ ചെയ്തത്.

ആദ്യ പകുതിയവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജെജെ ലാല്‍പെഖുലയുടെ ഗോളില്‍ ചെന്നൈ സമനില പിടിച്ചു. രണ്ടാം പകുതിയുടെ ആറാം മിനറ്റില്‍ ലാല്‍പെഖുല വീണ്ടും വല ചലിപ്പിച്ചതോടെ ചെന്നൈ 2-1 ന് മുന്നിലെത്തി. 

ഈ സമനിലയോടെ ചെന്നെയ്ക്ക് ഒമ്പത് മത്സരങ്ങളില്‍ 17 പോയിന്റായി.  എട്ട് മത്സരങ്ങളില്‍ നാലു പോയിന്റു മാത്രം നേടിയ ഡല്‍ഹി പോയിന്റു നിലയില്‍ ഏറ്റവും പിന്നിലാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.