കേരള മോഡല്‍ വെറും മിഥ്യ

Monday 8 January 2018 2:30 am IST

കേരള മോഡല്‍ എന്നത് സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മിഥ്യയാണെന്ന് മനസ്സിലാവും. നൊബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യാ സെന്‍ കേരളത്തെ വിശേഷിപ്പിച്ചത് ആഗോള വികസന മാതൃക എന്നാണ്. കേരളത്തിന്റെ ചില ഘടകങ്ങളെ ഉയര്‍ത്തിക്കാണിച്ച് ഇത് ലോകത്തിനു മാതൃക എന്നു പറഞ്ഞാല്‍ അതിനെ പ്രത്യയശാസ്ത്രപക്ഷപാതിത്വം എന്നുമാത്രമേ പറയാന്‍ കഴിയൂ.

കേരളത്തിന്റെ ആരോഗ്യമേഖല വികസിത രാജ്യങ്ങളുടേതിന് തുല്യമാണെന്ന് കാലങ്ങളായി നമ്മുടെ ഭരണാധികാരികളും മറ്റും ഊറ്റംകൊള്ളാറുണ്ട്. അതിനാസ്പദമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത് കുറഞ്ഞ ശിശുമരണ നിരക്കും കൂടിയ ആയുര്‍ദൈര്‍ഘ്യവുമാണ്. ഈ രണ്ട് കാരണങ്ങളാല്‍ ഒരു സംസ്ഥാനത്തിന്റെ ആരോഗ്യത്തെ അളക്കുവാന്‍ കഴിയുമോ? ഇന്ത്യയിലെ ചെറിയ പ്രദേശം മാത്രമാണ് കേരളം.

ഒരു ചെറിയ ചുറ്റളവിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും, ജില്ലകള്‍ തോറും ഉയര്‍ന്നുവരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ജില്ലാ ഹോസ്പിറ്റലുകളും, താഴെത്തട്ടിലുള്ള പിഎച്ച് സെന്ററുകളുംവരെ പരിശോധിക്കുമ്പോള്‍ സ്ഥിതി വളരെ ദയനീയമാണ്. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ചവിട്ടുപടികളിലും വരാന്തകളിലും വരെ രോഗികള്‍ പുഴുക്കളെപ്പോലെ നിറഞ്ഞുകവിഞ്ഞു കിടക്കുന്ന കാഴ്ചകള്‍ എവിടെയും കാണാം. ഇത് ജനതയുടെ ആരോഗ്യത്തെയാണോ സൂചിപ്പിക്കുന്നത്?  കൂടിയ ആയുര്‍ദൈര്‍ഘ്യം ആരോഗ്യത്തിന്റെ അളവുകോലാണെങ്കില്‍ മുതിര്‍ന്നവരെ സംരക്ഷിക്കാനുള്ള സംവിധാനംകൂടി വേണ്ടേ? വികസിതരാജ്യങ്ങളില്‍ അതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഉണ്ടെന്നിരിക്കെ, കേരളത്തില്‍ മുതിര്‍ന്നവരെ നടതള്ളുന്നത് ആചാരമായി മാറിയിരിക്കുന്നു.

പോഷകാഹാരക്കുറവുമൂലം മരിച്ചുവീഴുന്ന ആദിവാസികളായ ഗര്‍ഭിണികളും നവജാത ശിശുക്കളും കേരളത്തില്‍ വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികള്‍ കേരളത്തിലാണ്. ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഭീകരമാം വിധം പെരുകുന്നു. 2015 ല്‍ തിരുവനന്തപുരം ആര്‍സിസിയില്‍ മാത്രം ചികിത്‌സ തേടിയവര്‍ 15940 ആണ്. മറ്റ് ഹോസ്പിറ്റലുകളിലെ കണക്കുകള്‍ വേറെയും. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദ രോഗികളുള്ള സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 28 ശതമാനമാണ് കൂടുതലായി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

തൈറോയ്ഡ് കാന്‍സര്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ പെണ്‍കുട്ടികളിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 63.3 ശതമാനമാണ് കാണിക്കുന്നത്. ഇതെല്ലാം സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ കണക്കാണെങ്കില്‍, സ്വകാര്യമേഖലയിലെ കണക്കുകൂടി പരിശോധിക്കുമ്പോള്‍ ഞെട്ടും.. ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ കേരളത്തോട് മത്‌സരിക്കുന്ന മറ്റൊരു സംസ്ഥാനം പഞ്ചാബാണ്.  അവര്‍ക്ക് പറയാന്‍ കൃഷിയുണ്ട്. കൃഷിയിടങ്ങളിലെ അമിതമായ വളപ്രയോഗവും കീടനാശിനി പ്രയോഗവുമുണ്ട്. എന്നാല്‍  കേരളത്തില്‍ വളരെ ചെറിയ അളവില്‍ മാത്രമാണ് കൃഷിയും വ്യാവസായവും.

ഇന്ത്യയിലെതന്നെ ഏറ്റവുമധികം പ്രമേഹരോഗികളുള്ള സംസ്ഥാനം കേരളമാണ്. ഏഴ് വയസുള്ള കുട്ടികള്‍ മുതല്‍ ഇന്ന് പ്രമേഹബാധിതരാണ്. ലോകത്തെവിടെയും ഇല്ലാത്ത ഒരു പ്രതിഭാസമായാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. സന്ധിവാതം, വൃക്ക രോഗം, കരള്‍രോഗം എന്നിവ ഏത് ഗ്രാമവാസികളുടെയും കൂടപ്പിറപ്പായി മാറിയിരിക്കുന്നു.

രാജ്യത്ത് ഏറ്റവുമധികം മദ്യ ഉപഭോഗമുള്ള സംസ്ഥാനമാണ് കേരളം. സ്ത്രീ മദ്യപാനികള്‍ ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. അടുത്തകാലത്ത് മദ്യ ഉപഭോഗത്തില്‍ കേരളം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇവിടുത്തെ മദ്യപാനം കുറഞ്ഞതുകൊണ്ടല്ല. നമ്മളെക്കാള്‍  കൂടുതല്‍ മദ്യ ഉപഭോഗം അവിടെ കൂടിയതുകൊണ്ടുമാണ്. 

പല സംസ്ഥാനങ്ങളിലും മദ്യ ഉപഭോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയാണ്. ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനമാണ് നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ പണം എത്തുന്നത് മദ്യ ഉല്‍പാദനവും വിപണനവും വഴിയാണ്. ബിവറേജസ് കോര്‍പ്പറേഷന്‍ അതിന്റെ ഔട്‌ലെറ്റുകള്‍ വഴി കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍വരെ മദ്യം സുലഭമാക്കിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യത്തിന്റെ മാതൃകയെക്കുറിച്ച് പറയുന്നവര്‍ ജനങ്ങളില്‍ മദ്യാസക്തി അടിച്ചേല്‍പ്പിച്ച് അനാരോഗ്യത്തെ ക്ഷണിച്ചുവരുത്തുകയാണ്.

നമ്മുടെ കിണറുകളും അരുവികളും തോടുകളും കുളങ്ങളും തടാകങ്ങളും നദികളും കായലുകളും ഇന്ന് മലീമസമാണ്. നമ്മള്‍ കുടിക്കുന്ന 33 ശതമാനം കുടിവെള്ളവും മാരകമായ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നതും നിക്ഷേപിക്കുന്നതും ഇന്ന് ശീലമായി മാറിയിരിക്കുന്നു. എവിടെയും ജലമുണ്ടെങ്കിലും ഇന്ന് മലയാളിക്ക് ശുദ്ധജലം കിട്ടാനില്ല എന്ന അവസ്ഥ വന്നിരിക്കുന്നു.

 ഒരുകാലത്ത് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിച്ചിരുന്ന മലയാളികള്‍ ഇന്ന് ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് മാറിയിരിക്കുന്നു. പുരുഷന്മാരിലെ വദനാര്‍ബുദത്തിന് കാരണം പ്രധാനമായും ഫാസ്റ്റ് ഫുഡ് സംസ്‌കാരമാണ്. ഈ ഭക്ഷണങ്ങളില്‍ രുചി കൂട്ടുന്നതിനും മറ്റുമായി ചേര്‍ക്കുന്ന അജിനാമോട്ടോ, യായോനൈസ് എന്നിവ മാരകമായ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. 

പരമ്പരാഗതമായ കൃഷിരീതികള്‍ ഉപേക്ഷിച്ചതും ഒരു പരിധിവരെ ഇതിനു കാരണമായിട്ടുണ്ട്. തരിശുനിലങ്ങളുടെ അളവ്  വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം ജലാശയങ്ങള്‍ മണ്ണിട്ട് നികത്തി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും നമ്മുടെ ആവാസ വ്യവസ്ഥിതിയെ മാറ്റിമറിക്കുന്നു. 1974-75 ല്‍ സര്‍ക്കാര്‍ കണക്കുപ്രകാരം 876000 ഹെക്ടറിലും, 2013 ല്‍ 197277 ഹെക്ടറിലുമാണ് കൃഷിയുണ്ടായിരുന്നത്. (കൃഷിമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്) നിലവില്‍ 1.78 ലക്ഷം ഹെക്ടറില്‍ മാത്രമാണ് നെല്‍കൃഷിയുള്ളത്. 39 വര്‍ഷംകൊണ്ട് ഇല്ലാതായത് ഏഴ് ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമാണ്. ഒരു ഹെക്ടര്‍ നെല്‍പ്പാടത്തിന് അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം ശേഖരിച്ചുവയ്ക്കാന്‍ കഴിയും. നിബിഡവനത്തിലെ മണ്ണില്‍ 50000 ലിറ്റര്‍ വെള്ളമേ ശേഖരിച്ചുവയ്ക്കാന്‍ കഴിയൂ. ഒരു ഹെക്ടര്‍ നെല്‍പ്പാടം കരഭൂമിയായി മാറുമ്പോള്‍ 470000 ലിറ്റര്‍ വെള്ളമാണ് ഇല്ലാതാകുന്നത്. െനല്‍കൃഷി വര്‍ഷംേതാറും 18000 ഹെക്ടര്‍ വീതം കുറഞ്ഞുവരുന്നു. മലയാളിയുടെ ഇന്നത്തെ കൃഷിയില്‍ അല്‍പമെങ്കിലും ആശ്വസിക്കാവുന്നത് നാണ്യവിളകളില്‍ മാത്രമാണ്. നാണ്യവിളക്കാരുടെ അവസ്ഥയും ദുഷ്‌കരമായി നിലനില്‍ക്കുന്നു.

കേരളം ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമാണെന്ന് നമുക്ക് അഭിമാനിക്കാം. ആദ്യമായി കേരളത്തില്‍ സാക്ഷരതയെക്കുറിച്ച് ചിന്തിക്കുകയും കോട്ടയം കളക്ടറായി ഇരുന്ന് ആ ജില്ലയെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി മാറ്റിയ അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് കേന്ദ്രമന്ത്രിയാണ് എന്നതിലും നമുക്ക് അഭിമാനിക്കാം. വിദ്യാസമ്പന്നരായ യുവാക്കളുടെ കഴിവുകളെ ഉപയോഗപ്പെടുത്താന്‍ പുതുതായി എന്താണ് ഇവിടെ ഉണ്ടായത്? പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി മേഖലകള്‍ മരണശയ്യയിലാണ്. 

തിരുവിതാംകൂര്‍ മഹാരാജാവുണ്ടാക്കിയ കെഎസ്ആര്‍ടിസി പോലും സംരക്ഷിക്കുവാന്‍ കേരളസര്‍ക്കാരിനാവുന്നില്ല. പുതിയതും പ്രതീക്ഷ അര്‍പ്പിക്കാവുന്നതുമായ ഒരു സംരംഭവും കേരളത്തില്‍ ഉണ്ടാകുന്നില്ല. എല്ലാ രംഗത്തും രാഷ്ട്രീയ ഗുണ്ടായിസം നടപ്പിലാക്കാന്‍  സര്‍ക്കാര്‍തന്നെ കൂട്ടുനില്‍ക്കുന്നു. ഇതാണ് അഭ്യസ്തവിദ്യരുണ്ടായിട്ടും സാഹചര്യങ്ങളുണ്ടായിട്ടും തൊഴിലവസരങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയാതിരിക്കുന്നത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നത്. വിദേശമലയാളികള്‍ അയയ്ക്കുന്ന പണത്തെ ആശ്രയിച്ചാണ്. സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റി (എസ്എല്‍ബിസി) പുറത്തുവിട്ട കണക്കനുസരിച്ച് ഏകദേശം ഒരു ലക്ഷം കോടി വിദേശത്തുനിന്നും കേരളത്തില്‍ എത്തുന്നു. 16.3 ലക്ഷം മലയാളികള്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നു എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവര്‍ തിരികെ  വന്നാല്‍ അവര്‍ക്ക് തൊഴില്‍ കൊടുക്കാന്‍, മുതല്‍മുടക്കാന്‍ ചൂണ്ടിക്കാണിക്കുവാന്‍ ഏതു മേഖലയാണുള്ളത്?

കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ രാജ്യത്ത് ഒന്നാംസ്ഥാനമാണ് കേരളത്തിന്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 50.9 ശതമാനമാണ് കേരളത്തിലെ നിരക്ക്. രാജ്യത്ത് രണ്ട് വയസുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 90 വയസ്സുള്ള വൃദ്ധജനങ്ങള്‍ വരെ മൃഗീയമായി പീഡിപ്പിക്കപ്പെടുന്നു. 12 വയസ്സുകാരന്‍ മുതല്‍ 85 വയസ്സുകാരന്‍വരെ ഇത്തരം കേസുകളില്‍ പ്രതികളാകുന്നു.

രാജ്യത്ത് ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണ്. സര്‍ക്കാര്‍ പിന്‍ബലത്തോടുകൂടി രാഷ്ട്രീയ അതിക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നു. ഇതെല്ലാം യാഥാര്‍ത്ഥ്യമായിരിക്കെ കേരളം മാതൃകയാണെന്നും, അതിനെല്ലാം ഉത്തരവാദി തങ്ങളാണെന്നും ഊറ്റംകൊള്ളുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഏത് ലോകത്താണ്?

മധു പരുമല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.