പരിഷ്‌ക്കരണം പാളി; താളംതെറ്റി മേള

Sunday 7 January 2018 10:47 pm IST

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മാന്വല്‍ പരിഷ്‌കരണവും മത്സരദിനങ്ങള്‍ കുറച്ചതും മേളയെ താളംതെറ്റിക്കുന്നു. നിശ്ചയിച്ച സമയത്ത് ഇനങ്ങള്‍ പൂര്‍ത്തിയാക്കാനോ ആരംഭിക്കാനോ കഴിയാതെ കടുത്ത സമ്മര്‍ദ്ദത്തിലാണ് സംഘാടകര്‍. 

വേദി ഒന്നില്‍ ശനിയാഴ്ച രാത്രി പത്തിന് ആരംഭിച്ച ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം അവസാനിക്കുമ്പോള്‍ ഞായര്‍ നേരം പുലര്‍ന്നു. രാത്രി മുഴുവന്‍ നീണ്ടുനിന്ന മത്സരങ്ങള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വിധികര്‍ത്താക്കളെയും അവശരാക്കി. രാവിലെ ആരംഭിക്കേണ്ട ഇനങ്ങളും ഇതുമൂലം വൈകി. ആദ്യമായാണ് രാത്രി മുഴുവന്‍ മത്സരങ്ങള്‍ നീളുന്നത്.

ഏഴു ദിവസങ്ങളായി നടന്നിരുന്ന മേള അഞ്ച് ദിവസമാക്കി കുറച്ചതാണ് സമയത്തിന്റെ സമ്മര്‍ദ്ദം ഇത്രയും രൂക്ഷമാകാനിടയാക്കിയത്. അപ്പീലുകള്‍ കുറയ്ക്കാനാണ് ശ്രമമെന്ന് പറയുമ്പോഴും ഭരതനാട്യത്തില്‍ ഇന്നലെ വേദിയിലെത്തിയത് 46 പേര്‍. ഇതില്‍ 30 പേര്‍ അപ്പീല്‍ വഴി വന്നവരാണ്. എല്ലാ ഇനങ്ങളിലും ഇതു തന്നെ അവസ്ഥ. മത്സരിക്കുന്ന 90 ശതമാനം പേര്‍ക്കും എ ഗ്രേഡ് ലഭിക്കുമെന്നായതോടെ അപ്പീല്‍ വഴി വരുന്നവരുടെ എണ്ണം കൂടി. ഗ്രേഡിങ് സമ്പ്രദായം ഉദാരമാക്കിയതും മത്സരദിനങ്ങള്‍ കുറച്ചതും ഉള്‍പ്പെടെ തിരക്കിട്ട് നടപ്പാക്കിയ മാന്വല്‍ പരിഷ്‌കരണങ്ങള്‍ പാളി.   

പല വേദികളിലും രണ്ടാം ദിവസവും മത്സരങ്ങള്‍ വൈകി. ഉദ്ഘാടന ദിവസവും പലയിടത്തും മത്സരങ്ങള്‍ വൈകിയാണ് ആരംഭിച്ചത്. നാടക മത്സരം നടന്ന റീജ്യണല്‍ തിയേറ്ററിലും നാടന്‍പാട്ട് മത്സരം നടന്ന സാഹിത്യ അക്കാദമിയിലും തര്‍ക്കത്തെത്തുടര്‍ന്ന് മത്സരങ്ങള്‍ വൈകി. മത്സരങ്ങള്‍ അനന്തമായി നീളുന്നതില്‍ എല്ലാ വേദികളിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.