സ്റ്റേഷനുകളില്‍ തെറിയും മര്‍ദ്ദനവും വേണ്ട

Sunday 7 January 2018 11:17 pm IST

കൊല്ലം: പാര്‍ട്ടി സമ്മേളനങ്ങളില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നതിന്റെ ദേഷ്യം പോലീസിനോടു തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.  

പോലീസ് സ്റ്റേഷനുകളില്‍ തെറിയും മര്‍ദ്ദനവും വേണ്ടെന്നും അങ്ങനെയുള്ളവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കൊല്ലം സിറ്റി പോലീസിന് ഐഎസ്ഒ അംഗീകാരം നല്‍കിയ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പോലീസ്. ഇക്കാര്യം പോലീസിന് ഓര്‍മ്മവേണം. അത്തരക്കാര്‍ക്ക് സര്‍വ്വീസില്‍ തുടരാനും ബുദ്ധിമുട്ടാകും. ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സംരക്ഷിക്കില്ല. കൊല്ലത്ത് ഇന്നലെ നടന്ന പോലീസ് അതിക്രമത്തെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കാലം മാറിയിട്ടും സ്വയം മാറില്ല എന്ന ചിന്തയുള്ള ചിലര്‍ പോലിസിലുണ്ട്. തെറ്റായ പ്രവര്‍ത്തനരീതി സേനയ്ക്കാകെ ദുഷ്‌പേരുണ്ടാക്കും. കുറ്റകൃത്യത്തെ കുറ്റകൃത്യമായി കണ്ട്— നടപടിയെടുക്കണം. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളും ജനമൈത്രി സംവിധാനത്തിലേക്ക്— മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രണ്ട് ദിവസവും രൂക്ഷമായ വിമര്‍ശമാണ് ഉണ്ടായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരസ്യമായ പ്രതികരണം പോലീസിന് നേരെ ഉണ്ടായത്. 

സിപിഎം സമ്മേളന വേദിക്ക് സമീപം ശനിയാഴ്ച പാര്‍ട്ടി നേതാവിനെ പോലീസ് മര്‍ദ്ദിച്ചതും സമ്മേളനത്തില്‍ വിമര്‍ശനത്തിന് കാരണമായി. കിളികൊല്ലൂര്‍ വില്ലേജ് സെക്രട്ടറി നന്ദുവിനാണ് ഈസ്റ്റ് സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐയില്‍ നിന്നും മര്‍ദ്ദനമേറ്റത്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.