ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപ്പിടുത്തം

Monday 8 January 2018 7:05 pm IST

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറില്‍ തീപിടുത്തം. ന്യൂയോര്‍ക്ക് അഗ്‌നിശമന സേന ഇക്കാര്യം സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

58 നില കെട്ടിടത്തിലെ തീ കെടുത്താന്‍ ശ്രമം തുടരുന്നു. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പ്രാദേശിക സമയം രാവിലെ ഏഴിനാണ് അഗ്‌നിശമന സേനയ്ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളും ബിസിനസ് സ്ഥാപനങ്ങളുമാണ് ട്രംപ് ടവറിലുള്ളത്.

പ്രസിഡന്റാകുന്നതിനു മുമ്പ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയായിരുന്നു ട്രംപ് ടവര്‍. ആഢംബരങ്ങളുടെ അവസാന വാക്കായി ടവറിലെ ട്രംപിന്റെ വീടിനെ വിശേഷിപ്പിക്കാം. ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനവും ഇതുതന്നെ. പ്രശസ്ത ഡിസൈനര്‍ ആഞ്ജലോ ഡോഗ്ഹിയോ ആണ് ട്രംപ് ടവര്‍ അലങ്കരിച്ചിരുന്നത്. 

ട്രംപ് 1980കളില്‍ പണികഴിപ്പിച്ചതാണ് ഈ കെട്ടിടം. 24 കാരറ്റ് സ്വര്‍ണവും വിലയേറിയ മാര്‍ബിളുകളുമാണ് കെട്ടിടത്തിന്റെ അലങ്കരിക്കാനായി ഉപയോഗിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.