രാജീവ്‌ വധത്തെപ്പറ്റി നിര്‍ണായക വെളിപ്പെടുത്തല്‍

Tuesday 30 October 2012 9:51 pm IST

ന്യൂദല്‍ഹി: രാജീവ്‌ ഗാന്ധി വധവുമായി ബന്ധപ്പെട്ട്‌ വളരെ നിര്‍ണായകമായൊരു തെളിവ്‌ അന്നത്തെ ഐബി മേധാവി എം.കെ.നാരായണന്‍ ഒളിപ്പിച്ചുവെന്ന വിവാദ വെളിപ്പെടുത്തലുമായി പുസ്തകം."കോണ്‍സ്പിറസി ടു കില്‍ രാജീവ്‌ ഗാന്ധി ഫ്രം സിബിഐ ഫയല്‍സ്‌" എന്ന പുസ്തകം എഴുതിയത്‌ കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ കെ.രഘൂത്തമനാണ്‌. ശ്രീപെരുമ്പത്തൂരിലെ സംഭവസ്ഥലത്തേയ്ക്ക്‌ രാജീവ്‌ ഗാന്ധിയെത്തുന്നതിന്‌ മുമ്പ്‌ ബെല്‍റ്റ്‌ ബോംബുമായി കാത്തുനില്‍ക്കുന്ന തനുവിന്റെ വീഡിയോ ദൃശ്യമാണ്‌ മുക്കിയത്‌. ഇക്കാര്യം അറിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ടി.ആര്‍.കാര്‍ത്തികേയന്‍ എം.കെ.നാരായണനെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. രാജീവ്‌ ഗാന്ധി എത്തുന്നതിന്‌ രണ്ടര മണിക്കൂറിന്‌ മുമ്പ്‌ തന്നെ ശിവരശനും സംഘവും പരിസരത്തുണ്ടായിരുന്നു. രാജീവ്ഗാന്ധി എത്തിയതിനുശേഷമാണ്‌ തനു ആളുകള്‍ക്കിടയിലേക്ക്‌ നുഴഞ്ഞുകയറിയതെന്ന തമിഴ്‌നാട്‌ പോലീസിന്റെ കള്ളവാദം തെളിയിക്കാനാണ്‌ വിഡിയോ ദൃശ്യം ഒളിപ്പിച്ചതെന്ന്‌ പുസ്തകത്തില്‍ പറയുന്നു. സംഭവസ്ഥലത്തുവെച്ച്‌ തനു ആരൊക്കെയായി സംസാരിച്ചുവെന്ന തെളിവും നശിപ്പിക്കണമായിരുന്നു. കേസ്‌ ആദ്യം അന്വേഷിച്ച്‌ സംഘത്തിന്റെ തലവനായിരുന്നിട്ടും കാര്‍ത്തികേയന്‍ തന്നെ അവിശ്വസിച്ചുവെന്നും തെളിവ്‌ നഷ്ടപ്പെട്ട കാര്യം അറിയിച്ചിട്ടും അതിനെ അവഗണിക്കുകയായിരുന്നെന്ന്‌ രഘൂത്തമന്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.