ഭൂരിപക്ഷത്തെക്കുറിച്ച്‌ തര്‍ക്കം, സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്‌

Wednesday 20 July 2011 10:56 pm IST

തിരുവനന്തപുരം: ധനവിനിയോഗ ബില്‍ ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ പാസാക്കിയെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ബില്ല്‌ പരിഗണിക്കുമ്പോള്‍ ഭരണപക്ഷത്തിന്‌ ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രസംഗം നീട്ടിക്കൊണ്ടുപോയതും വോട്ടെടുപ്പ്‌ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അനുവദിക്കാത്തതും വന്‍ ബഹളത്തിന്‌ കാരണമായി.
പ്രതിപക്ഷാംഗങ്ങള്‍ ഒന്നടക്കം നടുത്തളത്തില്‍ ഇറങ്ങി. അരമണിക്കൂര്‍ നീണ്ട ബഹളത്തിനിടയില്‍ സഭയിലുള്ള ഭരണകക്ഷി അംഗങ്ങള്‍ പുറത്തിറങ്ങി ഫോണ്‍വിളിച്ചും അല്ലാതെയും പുറത്തായിരുന്ന അംഗങ്ങളെ തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നാണ്‌ വോട്ടിംഗിന്‌ സ്പീക്കര്‍ അനുമതി നല്‍കിയത്‌.
ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കുശേഷം പാസാക്കാനായി മൂന്നാം വായനയ്ക്ക്‌ സ്പീക്കര്‍ ധനമന്ത്രി കെ.എം. മാണിയെ വിളിച്ചു. മാണി വായിച്ചു തുടങ്ങിയപ്പോള്‍ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണന്‍ ക്രമപ്രശ്നവുമായി എഴുന്നേറ്റു. ബദല്‍ ധവളപത്രം അവതരിപ്പിക്കാന്‍ തോമസ്‌ ഐസക്കിനെ അനുവദിക്കാത്തതിനെക്കുറിച്ചായിരുന്നു കോടിയേരിയുടെ പ്രശ്നം. സ്പീക്കര്‍ കോടിയേരിയുടെ ആവശ്യം നിരാകരിച്ചു. ഇതിനിടയില്‍ ബില്‍ വോട്ടിനിട്ടാല്‍ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായതിനാല്‍ കെ.എം. മാണി തന്റെ പ്രസംഗം തീര്‍ന്നില്ലായെന്ന്‌ പറഞ്ഞ്‌ വീണ്ടും പ്രസംഗിക്കാന്‍ എഴുന്നേറ്റു. ഇതിനെ പ്രതിപക്ഷം എതിര്‍ത്തു.
ധനവിനിയോഗ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട്‌ ധനമന്ത്രി കെ.എം. മാണി പ്രസംഗം ദീര്‍ഘിപ്പിച്ചെന്ന്‌ ആരോപിച്ച്‌ ബഹളം തുടങ്ങി. ഭരണപക്ഷ അംഗങ്ങള്‍ എല്ലാം സീറ്റില്‍ ഇല്ലാത്തതുകൊണ്ടാണ്‌ മന്ത്രി പ്രസംഗം നീട്ടിയതെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി. നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിന്‌ ബില്‍ അവതരിപ്പിക്കാന്‍ അവകാശമില്ലെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.
ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നതായി പിന്നീട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. സഭയില്‍ പാസ്സാക്കിയ ധനവിനിയോഗ ബില്‍ അംഗീകരിക്കരുതെന്ന്‌ പ്രതിപക്ഷം ഗവര്‍ണറോട്‌ ആവശ്യപ്പെട്ടു. സഭയിലില്ലാതിരുന്ന ഒരു അംഗത്തിന്റെ വോട്ട്‌ ആരോ ചെയ്തെന്നും പ്രതിപക്ഷം ഗവര്‍ണറോട്‌ പരാതിപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ നിയമവശം മനസ്സിലാക്കിയ ശേഷം നടപടിയെടുക്കുമെന്ന്‌ ഗവര്‍ണര്‍ അറിയിച്ചു.
യുഡിഎഫ്‌ ചീഫ്‌ വിപ്പ്‌ ഉള്‍പ്പെടെയുളളവര്‍ സഭയില്‍ ഉണ്ടായിരുന്നില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിപക്ഷം വോട്ടിംഗ്‌ ആവശ്യപ്പെട്ടിട്ടും അതു നീട്ടിവച്ച നടപടി ധിക്കാരപരവും ജനാധിപത്യവിരുദ്ധവും ആണെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷി അംഗങ്ങള്‍ ചായക്കടയിലും കള്ളുഷാപ്പിലും പോയിരിക്കുകയായിരുന്നു എന്നും ഇവര്‍ക്കു വേണ്ടി മാണി പ്രസംഗം അരമണിക്കൂറോളം നീട്ടിയെന്നും വിഎസ്‌ ആരോപിച്ചു.
സ്വന്തം ലേഖകന്‍