അരുണ്‍‌കുമാറിനെതിരായ ആരോപണം: സതീശന്‍ സമിതി ചെയര്‍മാന്‍

Wednesday 20 July 2011 3:46 pm IST

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതിയുടെ അധ്യക്ഷനായി വി.ഡി. സതീശനെ നിയമിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചട്ടങ്ങള്‍ ലംഘിച്ച് ഐ.സി.ടി അക്കാദമിയുടെ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ച് എന്നാണ് ആരോപണം. പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും സമിതി അന്വേഷണം നടത്തുക. ഒമ്പതംഗ സമിതിയില്‍ അഞ്ചുപേര്‍ ഭരണപക്ഷത്തുനിന്നും നാലുപേര്‍ പ്രതിപക്ഷത്തുനിന്നുമായിരിക്കും. ആകെ ഒമ്പത് അംഗങ്ങളുണ്ടാകും. കോണ്‍ഗ്രസില്‍ നിന്ന് രണ്ടും മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനത എന്നിവയില്‍ നിന്ന് ഓരോ അംഗങ്ങളും വീതമാകും സമിതിയിലുണ്ടാവുക. സി.പി.എമ്മില്‍ നിന്ന് രണ്ടും സി.പി.ഐ, ജനതാദള്‍ എന്നിവയില്‍നിന്ന് ഓരോരുത്തരും സമിതിയില്‍ വരും. മുന്‍ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് അരുണ്‍കുമാറിനെ സഹകരണസ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത ഐ.സി.ടി. അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചത് അഴിമതിയാണെന്ന് പി.സി. വിഷ്ണുനാഥ് നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ആരോപണം പിന്‍വലിക്കണമെന്നും അഥവാ അതില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ സമിതിയെ സ്പീക്കര്‍ പ്രഖ്യാപിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് നിയമസഭാ സമിതി രൂപീകരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.