മാനവസേവ തന്നെയാണ്‌ മാധവസേവ

Wednesday 31 October 2012 7:06 pm IST

നിങ്ങള്‍ ഈശ്വരനില്‍ നിന്നാണ്‌ വന്നത്‌. ഈശ്വര ചൈതന്യത്തിന്റെ ഒരു തീപ്പൊരിയാണ്‌ നിങ്ങള്‍. ആ ദിവ്യാനന്ദ സാഗരത്തിന്റെ ഒരു ചെറുതിരയാണ്‌ നിങ്ങള്‍. നിങ്ങള്‍ ആ അലകടലാണെന്നറിയുകയും അതില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നതുവരെ ശാന്തിയെന്താണെന്നറിയുകയില്ല.
വിശ്വാസത്തിനും ഭക്തിക്കും ലോപം വന്നതോടെ മനുഷ്യന്‍ ഒരേ ഉദരത്തില്‍ പിറന്ന സ്വന്തം സഹോദരനെ ശത്രുവായിക്കരുതുന്നു. തങ്ങള്‍ ഇരുവരുടെയും പ്രഭവസ്ഥാനം ഒന്നുതന്നെയെന്നും തന്നെപ്പോലെ സ്വന്തം സഹോദരനും ഈശ്വരന്റെ ഒരു പ്രതിരൂപമാണെന്നും ഉള്ള സത്യം അറിഞ്ഞാല്‍ പിന്നെ ശത്രുത്വത്തിന്‌ സ്ഥാനമെവിടെ?
സ്നേഹത്തിന്‌ പ്രതിഫലമാഗ്രഹിച്ചുകൂട. ഫലാപേക്ഷ കൂടാതെയുള്ള കര്‍മ്മം പോലെ ഫലാപേക്ഷ കൂടാതെയുള്ള സ്നേഹവും ഉത്തമമത്രേ. സ്നേഹിക്കുന്നതിലുള്ള ആനന്ദം തന്നെയാണ്‌ സ്നേഹത്തിന്റെ പ്രതിഫലം. സ്നേഹിക്കുന്നതിലും സ്നേഹിക്കപ്പെടുന്നതിലുമുള്ള ആനന്ദം വിശുദ്ധവും നിന്ദ്യവുമാണ്‌. ആ സ്നേഹം ഈശ്വരനിലേക്ക്‌ നയിക്കപ്പെടുമ്പോള്‍ അതിനെ നാം ഭക്തി എന്നു വിളിക്കുന്നു. ഈശ്വരന്റെ അനന്തമായ ശക്തിചൈതന്യങ്ങളെയും അപാരകാരുണ്യത്തെയും അറിയുന്ന ആരാണ്‌ ആ പരം പൊരുളിനെ ആരാധിക്കാതിരിക്കുന്നത്‌? സ്നേഹം പുറത്തേക്ക്‌ പ്രവഹിക്കുന്നത്‌ വഴിമുടക്കിനിന്ന അഹന്ത എന്ന ചുമരിനെ തട്ടിത്തകര്‍ത്തുകൊണ്ടാണ്‌ യഥാര്‍ത്ഥമായ സ്നേഹം സ്വാര്‍ത്ഥതയുടെ തകര്‍ച്ചയില്‍ നിന്നേ ഉറവ പൊട്ടൂ. പ്രേമം നമ്മെ സാധുസേവനിരതരാക്കും. സ്നേഹത്തിന്റെ പുത്രിയാണ്‌ സഹാനുഭൂതി. സ്നേഹശൂന്യനായ ഒരാള്‍ക്ക്‌ സഹജീവികളോട്‌ കരുണയുണ്ടാവില്ല. സ്വാര്‍ത്ഥതയുടെ സന്താനമായ ദ്വേഷം സഹായത്തിന്റെയും സേവനത്തിന്റെയും വഴികള്‍ വേലികെട്ടിയടയ്ക്കുമ്പോള്‍ സ്നേഹത്തിന്റെ സന്താനമായ സഹാനുഭൂതി എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിടും. സ്നേഹസമ്പന്നര്‍, കഷ്ടപ്പെടുന്നവര്‍ക്ക്‌ സഹായഹസ്തം നീട്ടാന്‍ കിട്ടുന്ന ഓരോ അവസരവും അനുഗ്രഹമായിക്കരുതും. എന്തെന്നാല്‍ മാനവസേവ തന്നെയാണ്‌ മാധവസേവ എന്നവര്‍ ശരിക്കും അറിയുന്നുണ്ട്‌.
ആദ്ധ്യാത്മികമായ വിരുന്നില്‍ വിളമ്പുന്ന വിഭവങ്ങള്‍ എന്തെല്ലാമെന്ന്‌ പറയാം. നന്മ, വിദ്യാഭ്യാസം, മനോനിയന്ത്രണം, ഭക്തി, അനാസക്തി, സമത്വം എന്നിവ. ഈ വിശിഷ്ടവിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലൂടെ ഉണ്ടാകുന്ന സംതൃപ്തി അത്യന്തം ഉത്തേകജമത്രേ.
ഈശ്വരമഹിമയെപ്പറ്റിയുള്ള പ്രകീര്‍ത്തനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക. വിവേചനശക്തിയുപയോഗിച്ച്‌ അവയെ അപഗ്രഥിക്കുക. ഏകാഗ്രതയോടെ ധ്യാനനിരതനാവുക. ക്രമേണ സത്യത്തിന്റെ പൂവ്‌ വിടര്‍ന്നുവരികയും സംശയത്തിന്റെ ഇലകള്‍ കൊഴിഞ്ഞുപോവുകയും ചെയ്യുന്നതായി അനുഭവപ്പെടും.
നെറ്റിയില്‍ വിഭൂതിയിടുന്നത്‌. ഈ ലോകത്തിലുള്ള എല്ലാം അതായത്‌ വിഭൂതിയാല്‍ അലങ്കരിക്കപ്പെടുന്ന നെറ്റിത്തടം പോലും ആസന്നഭാവിയില്‍ ഭസ്മമാക്കപ്പെടുമെന്ന്‌ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്‌. തന്റെയും പ്രപഞ്ചത്തിന്റെയും നശ്വരതയെ പ്രഖ്യാപിക്കുന്ന പരസ്യഫലമാണ്‌ ആ വിഭൂതിതമായ നെറ്റിത്തടം.
സത്യസായി ബാബ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.