അമര്‍സിങിനെ ചോദ്യം ചെയ്യാന്‍ അനുമതി

Wednesday 20 July 2011 4:58 pm IST

ന്യൂദല്‍ഹി: വോട്ടിന് കോഴ വിവാദത്തില്‍ അമര്‍സിങ്ങിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ദല്‍ഹി പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. അമര്‍ സിങ്ങിന് പുറമേ രണ്ട് എം.പിമാരെക്കൂടി പോലീസ് ചോദ്യം ചെയ്യും. കോഴപ്പണം നല്‍കിയത് അമര്‍സിങ്ങാണെന്ന് ഇടനിലക്കാരന്‍ സുഹൈല്‍ ഹിന്ദുസ്ഥാനി ദല്‍ഹി പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ആണവകരാറിനെതുടര്‍ന്ന് ഒന്നാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടതു പാര്‍ട്ടികള്‍ പിന്‍‌വലിച്ചപ്പോള്‍ നടന്ന വിശ്വാസവോട്ടെടുപ്പിലാണ് വിവാദ സംഭവം ഉണ്ടായത്. എം.പിമാരെ ഒപ്പം നിര്‍ത്താന്‍ അമര്‍സിങ് നല്‍കിയ പണമെന്ന് പറഞ്ഞ് ബി.ജെ.പി എം.പിമാര്‍ സഭയില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇപ്പോള്‍ സുപ്രീംകോടതിയുടെ ശാസനയെ തുടര്‍ന്നാണ് ദല്‍ഹി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഇന്നു രാവിലെയാണു സുഹൈല്‍ ചോദ്യം ചെയ്യലിനു ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി കഴിഞ്ഞ ദിവസം പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നു സുഹൈല്‍ ചോദ്യം ചെയ്യലിനു മുന്‍പ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബി.ജെ.പി എം.പിമാരെ സ്വാധീനിച്ചാല്‍ പ്രമുഖ കമ്പനിയില്‍ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. അമര്‍ സിങ്ങിന്റെ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിക്കണമെന്നും സുഹൈല്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.