ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഉദാരവത്കരിക്കണം - ഹിലരി

Wednesday 20 July 2011 5:46 pm IST

ചെന്നൈ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഉദാരവത്കരിക്കപ്പെടണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഇതിന്റെ പ്രയോജനം ദക്ഷീണേഷ്യയ്ക്ക് മുഴുവന്‍ ഉണ്ടാകുമെന്നും ഹിലരി ചെന്നൈയില്‍ പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളില്‍ അനിഷേധ്യവും നിര്‍ണയാകവുമായ നേതൃസ്ഥാനത്തിലേക്ക്‌ ഇന്ത്യ ഉയരണമെന്നും ഹിലരി ആവശ്യപ്പെട്ടു. ഇന്ത്യയുടെ എക്കാലത്തെയും കരുത്തായ നേതൃത്വപരമായ കഴിവുകളെ രാജ്യം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഏഷ്യാ പസഫിക്ക്‌ രാജ്യങ്ങളുടെ ഭാവി തീരുമാനിക്കപ്പെടുന്നത്‌. ഇന്ത്യയും അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ഹിലരി ക്ലിന്റണ്‍ നിര്‍ദ്ദേശിച്ചു. ചെന്നൈ അണ്ണാ സെന്റിനറി ഹാളില്‍ സംസാരിക്കുകയായിരുന്നു ഹിലരി. പ്രാദേശിക സഖ്യമായ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യന്‍ നാഷന്‍സ്‌ (ആസിയാന്‍) ലും ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഈസ്റ്റ്‌ ഏഷ്യാ ഉച്ചക്കോടിയിലും അമേരിക്കയുടെ സഖ്യരാജ്യമെന്ന നിലയില്‍ ഇന്ത്യ മുഖ്യപങ്കു വഹിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സൗത്ത്‌ ഏഷ്യയില്‍ തുടരുന്ന ആക്രമങ്ങളില്‍ തകര്‍ക്കപ്പെട്ട വ്യാപാരബന്ധങ്ങള്‍ പ്രോത്‌സാഹിപ്പിക്കാന്‍ ഇന്ത്യക്ക്‌ കഴിയണം. അത്‌ ഇന്ത്യ, പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ ഇന്ത്യയ്ക്കൊപ്പം സമൃദ്ധിയും സമാധാനവും നല്‍കും. പുതിയതായി ലഭ്യമാകുന്ന അവസരങ്ങളെ ഉപയോഗിക്കാനും നയിക്കാനും കഴിയണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയിലും അദ്ദേഹം ഉയര്‍ത്തിയ ആവശ്യം ഇന്ത്യ ഇത്തരത്തില്‍ ഏറ്റെടുക്കേണ്ട ചുമതലകളെ കുറിച്ചായിരുന്നു. ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇന്ത്യ ഇടപെടണമെന്നും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും ഹിലരി പറഞ്ഞു. ഹിലരിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ചെന്നൈയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയിലെ അമേരിക്കന്‍ കമ്പനി പ്രതിനിധികളുമായി ഹിലരി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വാ‍ര്‍ത്തകളുണ്ട്. ചെന്നൈയിലെ കലാക്ഷേത്രയിലെത്തി ഭരതനാട്യവും കഥകളിയും ആസ്വദിക്കാനും ഹിലരി സമയം കണ്ടെത്തും. ഹിലരിയുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാവും.