അര്‍ജ്ജുനാ, നീ എഴുന്നേല്‍ക്കൂ! (11-33)

Monday 8 January 2018 9:45 pm IST

ഭീഷ്മദ്രോണാദികളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും വധിക്കാമോ എന്ന് സംശയിക്കേണ്ടതില്ല. മയൈവൈതേനിഹതാഃ- ഞാന്‍ തന്നെ, പണ്ടേ ഇവരെ വധിച്ചിരിക്കുന്നു. ഞാന്‍ നിശ്ചയിച്ച പരിപാടിയനുസരിച്ചുതന്നെയാണ് പ്രപഞ്ചത്തിലെ മുഴുവന്‍ പ്രവര്‍ത്തനവും സംഭവിക്കുന്നത്. ഒന്നുപോലും ആകസ്മിക സംഭവങ്ങളല്ല. ബദ്ധരായ ജീവാത്മക്കളെ ഭഗവാന്റെ സ്വന്തം നാമത്തില്‍ എത്തിക്കുക തന്നെയാണ് ഭഗവാന്റെ ലോകം. ഈ ഭാരതയുദ്ധം വേണ്ടിവന്നതും ഭഗവാന്റെ നിശ്ചയമാണ്. അസുരാംശ സംഭവന്മാരായ രാജാക്കന്മാരുടെ ജീവാത്മക്കളെ ഭഗവത് പദത്തില്‍ എത്തിക്കാന്‍ അവരുടെ ഇപ്പോഴത്തെ ഭൗതികദേഹം തടസ്സമാണ്. ആ ദേഹം നശിപ്പിക്കാന്‍ അര്‍ജ്ജുനാ നീയൊരുകാരണമായിത്തീരൂ. ''നിമിത്ത മാത്രം ഭവ!''

നീ ദുഃഖിക്കേണ്ട; യുദ്ധം ചെയ്‌തോളൂ! (11-34)

പരശുരാമനില്‍നിന്ന് ദിവ്യാസ്ത്രങ്ങള്‍ നേടിയ എന്റെ ഗുരുനാഥന്‍ ദ്രോണര്‍, തന്റെ ഇഷ്ടമനുസരിച്ചു മാത്രം മരണം സംഭവിക്കുന്ന ഭീഷ്മപിതാമഹന്‍, കൃപന്‍, അശ്വത്ഥാമാവ്, സൂര്യഭക്തനും ദിവ്യാസ്ത്ര സമ്പന്നനുമായ കര്‍ണന്‍, ഈ ദുര്‍ജയന്മാരായവരെ വധിച്ച് എങ്ങനെയാണ് രാജ്യസുഖം അനുഭവിക്കുക? എങ്ങനെയാണ് കീര്‍ത്തിനേടുക? ഇതാണ് അര്‍ജ്ജുനന്റെ ആശങ്ക. ഈ ആശങ്ക മാറ്റുകയാണ് ഭഗവാന്‍ ചെയ്യുന്നത്. നീ അജേയന്മാരെന്ന് സങ്കല്‍പിക്കുന്ന ഈ യുദ്ധവീരന്മാരെയെല്ലാം കാലസ്വരൂപനായ ഞാന്‍ വധിച്ചിരിക്കുകയാണ്. നിന്റെ അസ്ത്രം അവരുടെ ശരീരത്തില്‍ തറയ്‌ക്കേണ്ട താമസമേയുള്ളൂ. അവര്‍ മരിച്ചു വീഴാന്‍! അതുകൊണ്ട് നീ സംശയിക്കേണ്ട, ദുഃഖിക്കേണ്ട, യുദ്ധം ചെയ്‌തോളൂ! നീ ശത്രുക്കളെ ജയിക്കും, തീര്‍ച്ച.

ശത്രു രാജാക്കന്മാരെ വധിക്കണം എന്ന് എന്തിനാ പിടിവാശി?

''സമോഹം സര്‍വ്വഭൂതേഷു, നമേദ്വേഷ്യോസ്തി;നപ്രിയഃ'' (=എനിക്ക് എല്ലാപ്രാണികളോടും സമഭാവനയാണുള്ളത്. എനിക്ക് ആരോടും കൂടുതല്‍ സ്‌നേഹമോ ദ്വേഷമോ ഇല്ല.) (ഗീ. 9-29) ഇത് ഭഗവാന്റെ പ്രഖ്യാപനമാണ്. പിന്നെ എന്തുകൊണ്ടാണ് ദേവന്മാര്‍ക്കും ഭക്തന്മാര്‍ക്കും അനുഗ്രഹവും അസുരന്മാര്‍ക്ക് നിഗ്രഹവും കൊടുക്കുന്നത്? ഒരമ്മയ്ക്ക് രണ്ടു കുട്ടികളാണുള്ളതെങ്കില്‍ രണ്ടുപേരോടും സ്‌നേഹം സമമാണ്. നല്ല രീതിയില്‍ പെരുമാറുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കുട്ടിയോട് ആ രീതിയില്‍ തന്നെ പെരുമാറും. വികൃതിത്തരം കാട്ടുന്നു. അനുസരണ ഇല്ലാതിരിക്കുന്ന കുട്ടിയോട് അതിനനുസരിച്ച് അടിക്കുകയോ ശകാരിക്കുകയോ ചെയ്യും. അമ്മ സ്‌നേഹക്കുറവുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്.

അധാര്‍മിക കര്‍മ്മങ്ങളാല്‍ പാപമാലിന്യത്തില്‍ മൂടുകയും ഭഗവാനെ ദ്വേഷിക്കുകയും ഭഗവാനോടു ക്രോധഭാവം നിലനിര്‍ത്തുകയും ചെയ്യുന്ന അസുരന്മാരെ വധിച്ച്, പാപമാലിന്യം നിറഞ്ഞ ദേഹത്തില്‍നിന്ന് അസുരജീവന്മാരെ മോചിപ്പിക്കുന്നു. അതിനുവേണ്ടിയാണ് വധിക്കുന്നത്. അസുരവംശത്തില്‍ ജനിച്ച, പ്രഹ്ലാദന്‍, ബലി, രാക്ഷസവംശത്തില്‍ ജനിച്ച വിഭീഷണന്‍ മുതലായവരെ വധിച്ചില്ലല്ലോ. ഈ ഭാരതയുദ്ധത്തിലെ പടയാളികളായ എല്ലാ അസുര രാജാക്കന്മാരെയും വധിക്കാനും അവരെ പാപത്തില്‍നിന്ന് മോചിപ്പിക്കാനുമാണ് ഭഗവാന്‍ അര്‍ജ്ജുനനോട് ആവശ്യപ്പെടുന്നത്. പാപമോചിതരായ അവര്‍ക്ക് സച്ചിദാനന്ദ സ്വരൂപനായ ഭഗവാന്റെ മുഖപങ്കജം കണ്ടുകൊണ്ടുതന്നെ മരിക്കാനും. ഭഗവത്പദം പ്രാപിക്കാനും കഴിയും. ഇതാണ് ഭാരതയുദ്ധത്തിന്റെ ഉദ്ദേശ്യം! ശ്രീമദ് ഭാഗവത്തില്‍, ഭഗവാന്റെ നിദ്യദാസനായ ഉദ്ധവന്‍ വിദുരമഹാശയനോടു ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്:

''തഥൈവചാന്യേ നരലോകവീരാഃ

യ ആഹവേ കൃഷ്ണമുഖാരവിന്ദം

നേത്രൈ! പിബന്തോ നയനാഭിരാമം

പാര്‍ത്ഥാസ്ത്രപൂതാഃ പദമാപുരസ്യ (3-2-20)

(=യയേ ആഹവേ, ഭാരതയുദ്ധത്തില്‍, പങ്കെടുത്ത എല്ലാ വീരരാജാക്കന്മാരും സൈന്യങ്ങളും പാര്‍ഥാസ്ത്രപൂതാ അര്‍ജ്ജുനന്റെ ശരവര്‍ഷം ഏറ്റു. ആ വേദന സഹിച്ചു പാപങ്ങളില്‍നിന്ന് മുക്തതതതരാവുകയും ശുദ്ധരാവുകയും ചെയ്തു. അവര്‍ എല്ലാ ആളുകളുടെയും നേത്രങ്ങളെ അഭിരമിപ്പിക്കുന്ന ഭഗവന്മുഖ പങ്കജമാത്രമല്ല, സ്വരൂപം മുഴുവനും നോക്കി ശരീരം ഉപേക്ഷിക്കാന്‍ കഴിഞ്ഞതുകൊണ്ട് ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരുകയും ചെയ്തു.

അസുരന്മാര്‍ക്കും മോക്ഷം കൊടുക്കുക എന്ന എന്റെ കാര്യത്തില്‍ പങ്കാളിയാവൂ! യുദ്ധം ചെയ്യൂ എന്നാണ് അര്‍ജ്ജുനനോട് ഭഗവാന്‍ പറയുന്നത്.

 

ഭാഗവതാചാര്യന്‍ 

കാനപ്രം കേശവന്‍ നമ്പൂതിരി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.