ബ്രഹ്മശാസ്ത്രാവായി വാഴും

Tuesday 9 January 2018 2:30 am IST

പവിത്രനഗരമായ കാഞ്ചീപുരത്തെ പ്രധാനക്ഷേത്രങ്ങളില്‍ ഒന്നത്രെ ഏഴു മോക്ഷപുരികളില്‍ ഒന്നായ ശ്രീ കുമരംകോട്ടം മുരുകന്‍ ക്ഷേത്രം.

ഉള്ളിലെ തീവ്ര മുരുക ഭക്തിയാല്‍ പ്രചോദിതനായി കാച്ചിയപ്പ ശിവാചാര്യര്‍ എന്ന ഋഷിതുല്യനായ പണ്ഡിതന്‍ നിത്യവും മുരുകസ്തുതികള്‍ രചിക്കുക പതിവായിരുന്നു. അന്നന്നു പൂര്‍ത്തിയാക്കിയ സ്തുതികള്‍ വൈകുന്നേരം മൂലസ്ഥാനത്ത് സമര്‍പ്പിച്ച് അദ്ദേഹം മടങ്ങും. ഓരോ രാത്രിയിലും ഭഗവാന്‍ തന്നെ വന്ന് കൃതികളില്‍ ആവശ്യമായ തിരുത്തലുകള്‍ നടത്തുന്നതും പതിവായിരുന്നു. അതുകൊണ്ടുതന്നെ മുരുകന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ 'സ്‌കന്ദപുരാണം' പൂര്‍ണമായും ആധികാരികമാണ് എന്ന് തറപ്പിച്ച് പറയാം.

പ്രണവമന്ത്രത്തിന്റെ അര്‍ത്ഥം വ്യക്തമാക്കാന്‍ കഴിയാതിരുന്ന ബ്രഹ്മാവിന്റെ അജ്ഞത മനസ്സിലാക്കിയ മുരുകന്‍ കുപിതനായി ബ്രഹ്മാവിന്റെ നാഭിയില്‍ മുഷ്ടിചുരുട്ടി ഇടിച്ചു; ബന്ധിതനാക്കുകയും ചെയ്തു. തുടര്‍ന്ന് സ്വയം ബ്രഹ്മാവിന്റെ സൃഷ്ടികര്‍മ്മം ഏറ്റെടുക്കുകകയും ചെയ്തു. അങ്ങനെ കുമരംകോട്ടം ക്ഷേത്രത്തില്‍ ശ്രീ മുരുകന്‍ സ്വയം സ്രഷ്ടാവായാണ് (ബ്രഹ്മശാസ്താവ്) പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. ബ്രഹ്മാവിനെ മോചിപ്പിക്കാന്‍ അച്ഛനായ ശിവന്‍ ആവശ്യപ്പെട്ടുവെങ്കിലും അത് അനുസരിക്കാതിരുന്നതില്‍ പശ്ചാത്തപിച്ച മുരുകന്‍ ശിവലിംഗം പ്രതിഷ്ഠിച്ച് ഇവിടെ തപസ്സിരുന്നു എന്നാണ് ഐതിഹ്യം.

ഉത്സവകാലങ്ങളില്‍ എഴുന്നള്ളിപ്പ് നടക്കുമ്പോള്‍ കാഞ്ചീപുരത്തെ എല്ലാ ദേവീദേവന്മാരുടെയും എഴുന്നള്ളത്ത് കുമരംകോട്ടം ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്നു എന്നതും ശ്രീ മുരുകന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഏകാംബരേശ്വര ക്ഷേത്രത്തിന്റെയും ശ്രീ കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിന്റെയും ഏതാണ്ട് മധ്യത്തിലായി വരുന്ന കുമരംകോട്ടം സോമസ്‌കന്ദ പ്രതിഷ്ഠയെ ഓര്‍മ്മിപ്പിക്കുന്നു.

രണ്ടു പ്രാകാരങ്ങള്‍ ഉള്ളതാണ് ക്ഷേത്രം. ഉപദേവന്മാര്‍ക്കെല്ലാം വെവ്വേറെ ആലയങ്ങളുണ്ട്. മുരുകന്‍ ഇരിക്കുന്ന രൂപത്തിലാണ് മുഖ്യ പ്രതിഷ്ഠ. വള്ളിയും ദേവയാനിയും ഇല്ലെങ്കിലും അവരുടെ ഉത്സവമൂര്‍ത്തികള്‍ അരികില്‍തന്നെയുണ്ട്. സൃഷ്ടിയുടെ  ചുമതല വഹിക്കുന്നതുകൊണ്ട് വലതുകൈ അഭയമുദ്രയിലാണ്. മുകളിലെ കയ്യില്‍ കമണ്ഡലം പിടിച്ചിരിക്കുന്നു.

ക്ഷേത്രത്തിനകത്തെ ചുറ്റുമതിലിലെ വര്‍ണ്ണചിത്രങ്ങള്‍ കമനീയങ്ങളാണ്. ചൊവ്വാഴ്ചകളും എല്ലാ മാസങ്ങളിലെയും കാര്‍ത്തികനാളുകളും ഇവിടെ ദര്‍ശനം നടത്തിയാല്‍ ഉത്തമം. ഒക്‌ടോബര്‍-നവംബറിലായി ദീപാവലി കഴിഞ്ഞ ഉടന്‍ വരുന്ന സ്‌കന്ദഷഷ്ഠിയും ദീപാവലിയും പ്രധാന ഉത്സവങ്ങളാണ്. വൈശാഖ ഉത്സവവും ഉണ്ട്. (ഏപ്രില്‍-മെയ് മാസത്തില്‍)

കാഞ്ചീപുരം ടൗണില്‍ ബസ്സ്റ്റാന്റില്‍നിന്ന് അര കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി വെസ്റ്റ് രാജസ്ട്രീറ്റിലാണ് ക്ഷേത്രം.

രാവിലെ 7 മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കും. ഉച്ചതിരിഞ്ഞ് 3.30 ന് തുറന്ന് രാത്രി 8 ന് അടയ്ക്കും.

 

അമ്പലനടയില്‍

ഡോ. പി.ബി. ലല്‍കാര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.