മുത്തലാഖില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്

Tuesday 9 January 2018 2:30 am IST

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസാകാഞ്ഞതിനെക്കുറിച്ച്...

ഇത്രമാത്രം വിപ്ലവകരമായ ബില്‍ നിയമമാക്കുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം തടഞ്ഞത് നിര്‍ഭാഗ്യകരമായി. ഷാബാനോ കേസില്‍ കോണ്‍ഗ്രസ് വരുത്തിയ ചരിത്രപരമായ ഭീമാബദ്ധം  തിരുത്താന്‍ അവര്‍ തയ്യാറാവുമെന്നാണ് കരുതിയത്. പക്ഷേ അവര്‍ പിഴവ് ആവര്‍ത്തിച്ചു. മുത്തലാഖിനെതിരെയുള്ള ഈ ബില്ലിന് മതബന്ധമില്ല, ആരുടെയും അഭിമാനപ്രശ്‌നവുമല്ല. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന തുല്യാവകാശം ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ക്കും ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇന്ത്യന്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഭരണഘടന അനുവദിക്കുന്ന നീതിയും തുല്യാവകാശവും നിഷേധിക്കാനാണ് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നത്. ഇത്രമാത്രം പരിഷ്‌കരണ വിപ്ലവത്തിനു സഹായിക്കുന്ന ബില്‍ നിയമമാക്കാന്‍ സഹായിക്കാതെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിന് കോണ്‍ഗ്രസ് അനുഭവിക്കും.

കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും ബില്ലില്‍ ആവശ്യപ്പെടുന്ന മാറ്റങ്ങളെക്കുറിച്ച് എന്തുപറയുന്നു?

സര്‍ക്കാര്‍ ചര്‍ച്ചയ്ക്കും കൂടിയാലോചനയ്ക്കും തയ്യാറാണ്. നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. ആവശ്യമെന്ന് ബോധ്യമായാല്‍ ബില്ലില്‍ എന്തു മാറ്റത്തിനും തയ്യാര്‍. പക്ഷേ എന്തു മാറ്റങ്ങളാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്? അവര്‍ ആവശ്യപ്പെടുന്നത് മുത്തലാഖ് ചൊല്ലുന്നവര്‍ക്കുള്ള ജയില്‍ശിക്ഷ വ്യവസ്ഥ ഉപേക്ഷിക്കണമെന്നാണ്. അതിനു കാരണം പറയുന്നത്, കുറ്റവാളി ജയിലില്‍ പോയാല്‍ ആ പുരുഷന്മാരുടെ സംരക്ഷണത്തില്‍ കഴിയുന്ന കുടുംബത്തിലെ മറ്റു സ്ത്രീകളുടെ ജീവിതം ഗതിമുട്ടുമെന്നാണ്. എന്നാല്‍ ഞാന്‍ ചോദിക്കട്ടെ, എന്തിനാണ് ഭര്‍ത്താവ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും, ജയിലില്‍ പോകുന്ന സാഹചര്യം ഉണ്ടാക്കുന്നതും? ഭരണഘടനാ വിരുദ്ധമായിരിക്കെ എന്തിനാണ് നിയമം ഉണ്ടാക്കുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. കൊലപാതകം ഭരണഘടനാ വിരുദ്ധമല്ലേ? കൊള്ളയും നക്‌സലിസവും ഭരണഘടനാ വിരുദ്ധമല്ലേ? അവയ്‌ക്കെതിരെ നിയമമില്ലേ? പ്രതിപക്ഷത്തിന്റെ വാദം വൈരുദ്ധ്യമുള്ളതാണ്. ലോക്‌സഭയില്‍ ബില്‍ പരിഗണിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു തര്‍ക്കവുമില്ലായിരുന്നു, ബില്‍ പാസാക്കി. രാജ്യസഭയില്‍ വന്നപ്പോള്‍ എതിര്‍പ്പുയര്‍ത്തി, സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ശാഠ്യം പിടിച്ചു. ഇതാണ് ഇരട്ടത്താപ്പ്. കോണ്‍ഗ്രസിന് ഒരു വിഷയത്തില്‍ രണ്ടിടത്ത് രണ്ട് നിലപാട്. നിസ്സഹായതകൊണ്ടാണ് ലോക്‌സഭയില്‍ പിന്തുണച്ചത്.

നിസ്സഹായതയെന്ന് എങ്ങനെ പറയാന്‍ കഴിയും?

കാരണം, എല്ലാ കാര്യത്തിലും മതം കൊണ്ടുവരുന്ന ഒരു വിഭാഗം മതഭ്രാന്തരുടെ സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസ്. മതവും വിശ്വാസവും സതി നിരോധനകാലത്തും ഉണ്ടായി. ഒരു ചെറുവിഭാഗം വിശ്വാസവും മതവും പറഞ്ഞ് സതി നിരോധത്തിനെതിരെ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന് കത്തെഴുതി. ശൈശവ വിവാഹ നിരോധന വേളയിലും ഇത് സംഭവിച്ചു. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ മോദി സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഇവിടെയും ചിലര്‍ മതവും വിശ്വാസവും കൊണ്ടുവരുന്നു. കോണ്‍ഗ്രസ് വീണ്ടും വോട്ടുബാങ്ക് രാഷ്ട്രീയം ഉയര്‍ത്തുന്നു. അതുവഴി മുസ്ലിംസമുദായത്തിന്റെ വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുന്നു.

അതെങ്ങനെയെന്ന് വിശദീകരിക്കാമോ?

ചില മുസ്ലിം മതഭ്രാന്തന്മാരും കോണ്‍ഗ്രസും ഈ നിയമംകൊണ്ട് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന് കരുതുന്ന മറ്റുചില പാര്‍ട്ടികളും മാത്രമാണ് ബില്‍ നിയമമാക്കുന്നതിനെ എതിര്‍ക്കുന്നത്. എന്നാല്‍, ഇതൊരു രാഷ്ട്രീയ വിഷയമല്ല. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടായിരിക്കും, ഷാബാനോ കേസില്‍ മൊഴിചൊല്ലപ്പെടുന്ന സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കണമെന്ന, മുസ്ലിം സ്ത്രീകള്‍ക്ക് ഏറെ ഗുണകരമായ വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. ആ നിര്‍ദ്ദേശം മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അന്ന് ഒട്ടേറെ മുസ്ലിം സംഘടനകള്‍ ഉണ്ടായിരുന്നുവെന്നെങ്കിലും പറയാം. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത് വോട്ടുബാങ്ക് രാഷ്ട്രീയം നോക്കിയാണ്. പക്ഷേ, ഇന്ന് എവിടെയെങ്കിലും മുത്തലാഖിനെതിരായ നിയമനിര്‍മ്മാണത്തോട് അന്നത്തെപ്പോലെ പ്രതിഷേധം കാണുന്നുണ്ടോ? ഇല്ല. ഏതാനും മുസ്ലിം മതഭ്രാന്തന്മാര്‍ മാത്രമാണ് ഈ വിഷയത്തെ മതവും വിശ്വാസവുമായി ബന്ധിപ്പിച്ച് പറയുന്നത്. ഇത് അവര്‍ക്ക് മുസ്ലിം സമൂഹത്തിലും സമുദായത്തിലും ആധികാരികതയും മേല്‍ക്കോയ്മയുമുണ്ടെന്ന് സ്ഥാപിക്കാനാണ്. മുസ്ലിം സമൂഹം ഒട്ടുമുക്കാലും ഈ നിയമനിര്‍മ്മാണത്തിന് അനുകൂലമാണ്. അവര്‍ പിന്തുണയ്ക്കുന്നു. ഇക്കാലംകൊണ്ട് മുസ്ലിം സമൂഹം ഏറെ മാറിപ്പോയി. അവര്‍ക്ക് ദോഷമുണ്ടാകുമ്പോഴും ചില പാര്‍ട്ടികള്‍ വെറും രാഷ്ട്രീയം കളിക്കുകയാണെന്ന് മുസ്ലിം സമൂഹം തിരിച്ചറിയുന്നു.

അതായത് മുസ്ലിം സമൂഹം ഈ നിയമത്തിന് അനുകൂലമാണെന്നാണോ താങ്കള്‍ പറയുന്നത്?


ഈ നിയമത്തിന്മേല്‍ ഹിതപരിശോധന നടത്തിയാല്‍, കോണ്‍ഗ്രസിന്റെ നിലപാട് തെറ്റാണെന്ന് മുസ്ലിങ്ങള്‍ നിശ്ചയമായും വ്യക്തമാക്കും. മുത്തലാഖ് മറ്റു പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ഒരാള്‍ മുത്തലാഖ് ചൊല്ലിയാല്‍ അയാളെ ചാട്ടവാറിന് അടിക്കണമെന്ന ഏറ്റവും കടുത്ത ശിക്ഷയാണ് ഇസ്ലാം മതനിയമം വിധിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസാകട്ടെ, ഈ നിയമ വിരുദ്ധ നടപടിക്ക് ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. ഇന്ത്യയില്‍ ഭരണഘടനാ പ്രകാരമാണ്, മതനിയമപ്രകാരമല്ല ഭരണം. നമ്മുടെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്, ആ വിശുദ്ധഗ്രന്ഥം ആണിനും പെണ്ണിനും തുല്യാവകാശമാണ് നല്‍കുന്നത്.

പക്ഷേ, ബില്‍ തയ്യാറാക്കുമ്പോള്‍ സമുദായാംഗങ്ങളുടെ അഭിപ്രായം കേട്ടിട്ടില്ലെന്നാണല്ലോ പ്രതിപക്ഷം പറയുന്നത്?
ഈ വിഷയം വര്‍ഷങ്ങളായി കോടതിയിലായിരുന്നു. അവിടെ വിവിധ വിഭാഗങ്ങള്‍ അവരവരുടെ കാഴ്ചപ്പാടും നിലപാടും അവതരിപ്പിച്ചതാണ്. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ പോലും അഭിപ്രായം പറഞ്ഞതാണ്.  സര്‍ക്കാര്‍ പറയുന്നു, എല്ലാറ്റിലും എല്ലാത്തരം ചര്‍ച്ചയ്ക്കും വാദങ്ങള്‍ക്കും തയ്യാറാണെന്ന്. കൂടിയാലോചന നടത്തിയിട്ടില്ലെന്നു പറയുന്ന കോണ്‍ഗ്രസിനും മറ്റു പാര്‍ട്ടികള്‍ക്കും ചര്‍ച്ചാവേളയില്‍ നിലപാട് പറയാന്‍ അവസരം കിട്ടുകയും ചെയ്‌തേനെ.  പക്ഷേ, കോണ്‍ഗ്രസിന്റെ താല്‍പര്യം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനും പൊതുവേദിയായ പാര്‍ലമെന്റില്‍ നിലപാട് പറയുന്നതിനു പകരം രഹസ്യമായി കമ്മിറ്റിയില്‍ അഭിപ്രായം പറയാനുമാണ്. പാര്‍ലമെന്റില്‍ പറഞ്ഞാല്‍ ആര്‍ക്കും കേള്‍ക്കാനും അറിയാനുമുള്ള അവസരമുണ്ട്. അതിനു പകരം രഹസ്യ ഇടപാടിനാണ് കോണ്‍ഗ്രസ് താല്‍പര്യം.

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമമാക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ?

ഈ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും തുല്യമായ അവകാശം നല്‍കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ഈ ബില്‍ നിയമമാക്കി നമ്മുടെ മുസ്ലിം സഹോദരിമാരെ കടുത്ത അനീതിയില്‍നിന്ന് രക്ഷിക്കണമെന്ന് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു, അതിന് പ്രതിജ്ഞാബദ്ധവുമാണ്. ഈ സഭാ സമ്മേളത്തില്‍ കോണ്‍ഗ്രസിന് സഭ തടസ്സപ്പെടുത്തി ബില്‍ തടയാന്‍ കഴിഞ്ഞെങ്കിലും അടുത്ത സമ്മേളനത്തില്‍ ബില്‍ പാസാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, ഈ സാമൂഹ്യപ്രശ്‌നത്തില്‍ രാഷ്ട്രീയം കളിച്ചതില്‍ മുസ്ലിം സ്ത്രീകള്‍ കോണ്‍ഗ്രസിനോട് കടുത്ത കോപത്തിലാണെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.