കെഎസ്ആര്‍ടിസിയോട് എന്തുകൊണ്ടീ നിസ്സംഗത?

Tuesday 9 January 2018 2:30 am IST

 

കെഎസ്ആര്‍ടിസിയെ വലിയൊരു കടക്കെണിയില്‍ എത്തിച്ച് ഈ പരുവത്തിലാക്കാന്‍ പങ്കുവഹിച്ചത് ധനമന്ത്രി തോമസ് ഐസക്കാണ്.
അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഐസക്കുതന്നെയായിരുന്നല്ലോ ധനമന്ത്രി. അന്ന് ഓരോ ബജറ്റിലും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കായി ആയിരം ബസ്സിറക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനെക്കുറിച്ച് നിയമസഭയില്‍ വാചാലനാവുകയും ചെയ്യുമായിരുന്നു.  അക്കാലയളവിലെ അഞ്ചു ബജറ്റിലൂടെ 5,000 ബസ് ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും, 4666 ബസ്സ് പുതിയതായി ഇറക്കുകയും ചെയ്തു. എന്നാല്‍ ഈ ബജറ്റുകളില്‍ ഐസക്ക് പ്രഖ്യാപിച്ച ബസ്സുകള്‍ ഇറക്കാനായി സര്‍ക്കാര്‍ ഒരു പൈസപോലും മുടക്കിയിട്ടില്ല. അതിനായി കെഎസ്ആര്‍ടിസിയെക്കൊണ്ട് 18 ശതമാനം പലിശയ്ക്ക് കെടിഡിഎഫ്‌സിയില്‍നിന്നും കടമെടുപ്പിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കിയതായി ഊറ്റംകൊള്ളുകയും ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നയം നടപ്പിലാക്കാനുള്ള ചെപ്പടിവിദ്യയെന്ന നിലയ്ക്ക് കെഎസ്ആര്‍ടിസിയെക്കൊണ്ട് ഐസക്ക് എടുപ്പിച്ച ലോണും പലിശയുമാണ് ഇൗ സ്ഥാപനത്തെ ഇന്ന് വലിയൊരു കടബാധ്യതയില്‍ കൊണ്ടെത്തിച്ചത്. ഇതിലൂടെ  ഈ സ്ഥാപനം പ്രതിസന്ധിയിലാകുകയും, കെടിഡിഎഫ്‌സി തടിച്ചുകൊഴുക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസിയെ വന്‍ കടബാധ്യതയില്‍ കൊണ്ടെത്തിച്ച ആള്‍തന്നെ പെന്‍ഷന്‍ സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് ട്വീറ്റ് ചെയ്യുന്നു. ഐസക്ക് കഴിഞ്ഞ പ്രാവശ്യം ധനമന്ത്രിയായിരുന്നപ്പോള്‍ കെഎസ്ആര്‍ടിസിയെ മാത്രമല്ല പ്രതിസന്ധിയില്‍ എത്തിച്ചത്. അന്ന് കേരള ലോട്ടറി സംവിധാനത്തെ സ്തംഭിപ്പിച്ചു. പകരമൊരു മാര്‍ഗ്ഗം കണ്ടെത്താനുള്ള ഭാവനാശൂന്യതകൊണ്ട് ലക്ഷക്കണക്കിന് ലോട്ടറിത്തൊഴിലാളികളെ വഴിയാധാരമാക്കി. പിന്നീട് ലോട്ടറി തൊഴിലാളികളെ രക്ഷിക്കാനും ഇന്നത്തെ സംവിധാനത്തില്‍ ലോട്ടറി നടപ്പിലാക്കാനും കെ.എം. മാണി ധനമന്ത്രിയായി വരേണ്ടിവന്നു.

വാര്‍ധക്യകാല നിയമങ്ങളും പരിരക്ഷകളും നിര്‍ബന്ധമായി നടപ്പിലാക്കണമെന്ന് ഐക്യരാഷ്ട്രസംഘടന നിഷ്‌കര്‍ഷിക്കുകയും വാര്‍ധക്യകാല അവകാശങ്ങള്‍ പാസാക്കുകയും ചെയ്തിരിക്കുന്ന കാലഘട്ടത്തിലാണ് നിങ്ങള്‍ പട്ടിണി കിടന്ന് മരിച്ചോളൂ, ഞങ്ങള്‍ക്കത് പ്രശ്‌നമല്ലെന്ന് ഐസക്ക് പറയുന്നത്. ഈ പെന്‍ഷന്‍കാരെ പീഡിപ്പിച്ചുകൊണ്ട് വയോജന ദിനത്തില്‍ വൃദ്ധരുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഐസക്ക് ഉദ്‌ഘോഷിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി പെന്‍ഷന്റെ പ്രതിബദ്ധതയില്‍നിന്നും സര്‍ക്കാരിന് എങ്ങനെ ഒഴിഞ്ഞുമാറാനാകും?
കെഎസ്ആര്‍ടിസിയിലെ 38000 ത്തോളം പെന്‍ഷന്‍കാര്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. ഞങ്ങള്‍ക്കിനി പെന്‍ഷന്‍ എന്നു കിട്ടുമെന്ന് ഒരു എത്തുംപിടിയുമില്ല. പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസമോ വിവേചനമോ പാടില്ലെന്ന് കോടതിയും മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ അത് മാനിക്കണം.

എം. ജോണ്‍സണ്‍ റോച്ച്,
കെഎസ്ആര്‍ടിസി പെന്‍ക്ഷണര്‍, നെയ്യാറ്റിന്‍കര

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.