കണ്ണൂര്‍ ജില്ലാ സമ്മേളനം: സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം

Monday 8 January 2018 10:29 pm IST


കണ്ണൂര്‍:  ഈ മാസം 27 മുതല്‍ 29 വരെ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം സംബന്ധിച്ച് പാര്‍ട്ടിക്കുളളില്‍ ആശയക്കുഴപ്പവും വിഭാഗീയതയും രൂക്ഷം. പ്രചാരണം മുറപോലെ നടക്കുന്നുണ്ടെങ്കിലും  പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പാര്‍ട്ടി അംഗങ്ങളുടേയും ജനങ്ങളുടേയും പങ്കാളിത്തം തീരെക്കുറവാണ്. സമ്മേളന നഗരിയുടെ കാര്യത്തില്‍പ്പോലും അനിശ്ചിതത്വം. നായനാര്‍ അക്കാദമിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അക്കാദമി ഹാള്‍ ഒഴിവാക്കി പരിസരത്ത് നടത്താനാണ് പുതിയ തീരുമാനം. അക്കാദമിയുടെ പണി പൂര്‍ത്തിയാകാത്തതാണ്  കാരണമായി  പറയുന്നതെങ്കിലും നേതൃത്വത്തിന്റെ അതൃപ്തിയാണ് പിന്നില്‍.

ഉദ്ഘാടനത്തിന് മുന്നേ അക്കാദമിയില്‍ പതാക ഉയര്‍ത്തി  ജില്ലാ സെക്രട്ടറി പി.ജയരാജന്‍  സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി പിടിച്ചുവാങ്ങിയിരുന്നു. അക്കാദമി നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പക്ഷെ പണി പൂര്‍ത്തിയായിട്ടില്ല എന്നാണ് നേതൃത്വം പറയുന്നത്.
 ജയരാജനെതിരെ വ്യക്തികേന്ദ്രീകൃത പ്രചാരണമെന്ന ആരോപണവും കണ്ണൂര്‍ സ്വദേശിയായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പൂജാ വിവാദവും കത്തി നില്‍ക്കുന്നതിനാല്‍ സമ്മേളനം പ്രക്ഷുബ്ധമാകും.

ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങളില്‍  ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു  പി.ജയരാജന്‍. എന്നാല്‍  മൂന്നുമാസത്തിനിപ്പുറം ജില്ലാ സമ്മേളനം നടക്കാനിരിക്കെ ഇദ്ദേഹം വിവാദത്തിലാണ്. കണ്ണൂരില്‍ നേതൃമാറ്റമുണ്ടാകുമെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ മാറണം എന്ന ഘടകം ജയരാജന് പ്രതികൂലമാണ്. സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്നതിന്റെ പേരിലുണ്ടായ വിവാദവും വിനയാകും.  മിക്ക നേതാക്കളും ജയരാജന്റെ സെക്രട്ടറി സ്ഥാനത്തേക്കുളള നാലാംവരവ്   തടയാനുള്ള ശ്രമത്തിലാണ്.

പെരുമാറ്റ ദൂഷ്യ ആക്ഷേപങ്ങളെത്തുടര്‍ന്ന് പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോള്‍ 2010ലാണ് ജയരാജന്‍ സെക്രട്ടറിയായത്. തുടര്‍ന്ന് 2011, 2014 വര്‍ഷങ്ങളില്‍ ജില്ലാ സമ്മേളനങ്ങളില്‍ സെക്രട്ടറിയായി. എന്തെങ്കിലും സംസ്ഥാനചുമതല നല്‍കി ജയജരാജനെ ജില്ലാ നേതൃത്വത്തില്‍ നിന്ന് മാറ്റാനുളള നീക്കങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി.ജയരാജനൈ സെക്രട്ടറി സ്ഥാനത്തെത്തിക്കാനുളള ചരടുവലികള്‍ ഒരു വിഭാഗം ആരംഭിച്ചു.

 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.