3.21 കോടി കടത്താന്‍ ശ്രമം ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരി പിടിയില്‍

Tuesday 9 January 2018 12:48 pm IST

ന്യൂദല്‍ഹി: വിമാനയാത്രക്കിടെ 480,200 യുഎസ് ഡോളര്‍ (3.21 കോടി രൂപ) കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരി ദല്‍ഹിയില്‍ പിടിയില്‍. ദല്‍ഹി-ഹോങ്കോങ് വിമാനം വഴി കടത്താന്‍ ശ്രമിക്കവേ എയര്‍ഹോസ്റ്റസായ ദേവ്ഷി കുല്‍ശ്രേഷ്ഠയാണ് പിടിയിലായത്. 

വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് കള്ളപ്പണം കടത്താന്‍ ശ്രമിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിമാനത്താവളത്തിലെ സ്‌കാനറില്‍ പെട്ടന്ന് കണ്ടുപിടിക്കാന്‍ സാധിക്കാത്ത ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞാണ് വിമാന ജീവനക്കാരി കള്ളപ്പണം കടത്തിയിരുന്നത്. ദല്‍ഹി കേന്ദീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് കള്ളപ്പണം കടത്തുന്നതെന്ന് സ്ത്രീ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ കള്ളപ്പണം വിദേശത്തെത്തിച്ച് പകരം സ്വര്‍ണ്ണമാക്കി കടത്തി വരികയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി വരികയാണ്. കള്ളപ്പണ ഇടപാട് നടത്തുന്ന വ്യവസായികളില്‍ നിന്ന് പണം ശേഖരിച്ചശേഷം വിമാന ജിവനക്കാരില്‍ എത്തിച്ചു നല്‍കുന്ന ഏജന്റ് ട്രാവല്‍ കമ്പനി ഉടമയായ വിവേക് മല്‍ഹോത്രയും ഡിആര്‍ഐയുടെ പിടിയിലായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പത്ത് വ്യവസായികളും വിമാനക്കമ്പനി ജീവനക്കാരും വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

തിങ്കളാഴ്ച ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാരിയില്‍ നിന്ന് കള്ളപ്പണം പിടിച്ചെടുത്തതായി ജെറ്റ് എയര്‍വെയ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നും എയര്‍വെയ്‌സ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.