സഭയുടെ ഭൂമി വിവാദം പരിഹരിക്കാന്‍ പ്രത്യേക സമിതി

Tuesday 9 January 2018 3:28 pm IST

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി വിവാദം പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. അഞ്ച് ബിഷപ്പുമാര്‍ അടങ്ങുന്നതാണ് സമിതി. മാര്‍ മാത്യു മൂലക്കാട്ടാണ് സമിതിയുടെ അധ്യക്ഷന്‍. സിനഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് സമിതിയെ വയ്ക്കാന്‍ തീരുമാനമായത്. ഉടന്‍ തന്നെ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണാനാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്.  

സ്ഥലമിടപാടിലെ ക്രമക്കേട് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വൈദിക സമിതി സിനഡ് അംഗങ്ങളായ ബിഷപ്പുമാർക്ക് കത്ത് നൽകിയിരുന്നു. അതിരൂപതയിൽ നടന്നത് ഭൂമി കുംഭകോണമാണെന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ ഒപ്പിട്ട കത്തിൽ ആരോപിച്ചിരുന്നു. സിനഡിൽ പ്രശ്നം ഗൗരവമായി ചർച്ച ചെയ്യണമെന്നും, സഭയുടെ സൽപേരിനായി മാന്യമായ പരിഹാരം കണ്ടെത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഭൂമി കുംഭകോണത്തെക്കുറിച്ച് നേരത്തെ അന്വേഷിച്ച ആറംഗ കമ്മീഷന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റു രണ്ടു വൈദികര്‍ക്കും ഭൂമി വില്‍പ്പനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ കര്‍ദിനാളിനോടും വൈദികരായ ഫാ.ജോഷി പുതുവയോടും വിശദീകരണം തേടിയെങ്കിലും അവരത് നല്‍കിയില്ല.  

സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 13 വരെയാണ് മെത്രാന്മാരുടെ സിനഡ് നടക്കുന്നത്. സഭയുടെ ഇരുപത്തിയാറാമത് സിനഡിന്റെ ആദ്യ ഭാഗമാണ് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ജോർജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.