ഓഖി ഫണ്ടെടുത്ത് പിണറായിയുടെ ആകാശയാത്ര

Tuesday 9 January 2018 8:25 pm IST

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്ന് ലക്ഷങ്ങളെടുത്ത് ചെലവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തിനായി ഹെലിക്കോപ്ടറില്‍ പറന്നു. വിവരം പുറത്തായതോടെ നാണം കെട്ട് ഉത്തരവ് പിന്‍വലിച്ചു. 

ഡിസംബര്‍ 26ന് സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരികെ തൃശ്ശൂരിലേക്കും പോയതിനാണ് ഹെലികോപ്ടര്‍ വാടക ഇനത്തില്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നു എട്ടു ലക്ഷം രൂപ ചെലവഴിച്ചത്. എട്ട് ലക്ഷം മുഖ്യമന്ത്രിയുടെ പാര്‍ട്ടി പരിപാടിക്കായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ്  നല്‍കിയത്. 

ഡിസംബര്‍ 26ന് തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി. ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘവുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും മന്ത്രിസഭായോഗവും അന്ന് നടത്താന്‍ തീരുമാനിച്ചിരുന്നു. തൃശ്ശൂരില്‍ രാവിലെ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം ഹെലിക്കോപ്ടറിലായിരുന്നു മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയത്. 

കൂടിക്കാഴ്ചയും മന്ത്രിസഭായോഗവും കഴിഞ്ഞ ശേഷം വൈകുന്നേരത്തോടെ തൃശ്ശുരിലെ പാര്‍ട്ടി സമ്മേളന വേദിയിലേക്ക് മുഖ്യമന്ത്രി തിരികെ ഹെലിക്കോപ്ടറില്‍ പോയി. ചിപ്‌സണ്‍ ഏവിയേഷന്റെ ഇരട്ട എഞ്ചിനുള്ള ഹെലിക്കോപ്ടറാണ് വാടകയ്ക്ക് എടുത്തത്. 13,09,800 രൂപ വാടക ഇനത്തില്‍ കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍ വിലപേശി എട്ടു ലക്ഷമാക്കി.

പേലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശാനുസരണം ജനുവരി ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യന്‍ ആണ് പണം നല്‍കാന്‍ ഉത്തരവിറക്കിയത്. സാധാരണ മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാ ചെലവുകള്‍ പൊതുഭരണ വകുപ്പില്‍ നിന്നാണ് നല്‍കുന്നത്. ചട്ടങ്ങളെല്ലാം ലംഘിച്ചായിരുന്നു അതീവ രഹസ്യമായി ഉത്തരവിറക്കി പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തതിന്  ദുരന്തനിവാരണ ഫണ്ടില്‍ നിന്നു തുക ചെലവഴിച്ചത്. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.