ഒന്നു ശ്രദ്ധിച്ചാല്‍ ഈ ലോകത്തെ മാറ്റാം

Wednesday 10 January 2018 2:30 am IST

ഇന്ന് വല്ല നല്ല പ്രവൃത്തിയും ചെയ്യണമെന്ന് ഉറച്ച് അയാള്‍ വീട്ടില്‍നിന്നും ഇറങ്ങി. റോഡിലേക്കിറങ്ങിയപ്പോള്‍ തന്നെ, റേഷന്‍കടയില്‍ ക്യൂ തെറ്റിച്ച് നിന്നതിന് താന്‍ വഴക്കുപറഞ്ഞ ലംബോദരനെ കണ്ടു. മണിക്കൂറുകളായി കാത്തുനില്‍ക്കുമ്പോഴാണ് കുറച്ചുപേര്‍ കാല്‍ കഴച്ച് ഒന്ന് ഇരുന്ന തക്കത്തിന് അവന്‍ ചാടിക്കേറി മുന്‍പില്‍ നിന്നത്. 

മുഖം തരാതെ നടക്കുകയായിരുന്നു കുറേനാളായി. ഞാനും മുഖം കൊടുക്കാറില്ലായിരുന്നു. ഞാന്‍ എന്നെത്തന്നെ തിരുത്താന്‍ ശ്രമിച്ചു. അവന് വല്ല അത്യാവശ്യവും ഉള്ളതിനാലാവാം ക്യൂ തെറ്റിച്ച് മുന്നിലെത്തിയതെന്ന് ആശ്വസിച്ചു. അവന്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി ഒന്നു നേരെനോക്കി. അവന്‍ കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തി. ഞാന്‍ വീണ്ടും അവനെത്തന്നെ നോക്കി. ഒരു ചിരി വെറുതെ വരുത്തി. അതാ, അവന്‍ ഇങ്ങോട്ടു നോക്കുന്നു.

ഒരു മിന്നല്‍പോലെ ചെറുചിരി അവന്റെ മുഖത്ത് വിടരുന്നു. അവന്‍ വന്ന് എന്റെ കയ്യില്‍ പിടിച്ച് സാറ് കാലത്തേ എങ്ങോട്ടു പോണൂ, അവന്‍ കുശലം ചോദിച്ചു. ഞാന്‍ ഉത്തരം കൊടുത്തു. ശരി, സാര്‍ എന്നുപറഞ്ഞ് അവന്‍ എന്റെ കൈപിടിച്ച് കുലുക്കി മുഖംനിറഞ്ഞ ചിരിയോടെ കടന്നുപോയി. ഇത്രയേ ഉള്ളൂ പ്രശ്‌നം!

കെ.എന്‍. സുധാകരന്‍, കുണ്ടറ, കൊല്ലം

 

ഇനിയെങ്കിലും നിര്‍ത്തിക്കൂടേ ഈ ദുഷ്പ്രയോഗങ്ങള്‍?

മനുഷ്യന്‍ എത്രതന്നെ ഉന്നത നിലയിലെത്തിയാലും, കാലം എത്രതന്നെ കഴിഞ്ഞാലും, പരിഷ്‌കാരം അത്യുന്നതിയിലെത്തിയാലും ചില പദപ്രയോഗങ്ങള്‍ കൊണ്ട് അവനെ താഴ്ത്തിക്കെട്ടുന്ന പ്രവണത നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിലനിന്നിരുന്ന തീണ്ടല്‍ പോലുള്ള ദുരാചാരങ്ങള്‍ മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍ മുതലായ സമുദായോദ്ധാരകരുടെ പരിശ്രമഫലമായി സമൂഹത്തില്‍നിന്നും നീങ്ങിക്കൊണ്ടിരിക്കുമ്പോഴും, അവയെ വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് അനാവശ്യമായ പദപ്രയോഗങ്ങള്‍ ആവര്‍ത്തിക്കുന്നത് ഉചിതമാണോ? ചണ്ഡാളന്‍, ദളിതന്‍, അധഃകൃതന്‍, സവര്‍ണന്‍, അവര്‍ണന്‍ മുതലായ പ്രയോഗങ്ങള്‍ ഉന്നതശ്രേണിയിലെത്തിയ വ്യക്തികളുടെ പേരില്‍പോലും ഇന്നും ചാര്‍ത്തുന്ന പ്രവണത സമൂഹത്തില്‍നിന്ന് ജാതിവ്യവസ്ഥ ഒരുകാലത്തും നീങ്ങരുതെന്നുള്ള ദുരുദ്ദേശ്യംകൊണ്ടാണെന്ന് കരുതണമോ?

എന്റെ വിദ്യാഭ്യാസകാലത്തൊന്നും സഹപാഠികളുടെ ജാതി ചോദിക്കുകയോ മനസ്സിലാക്കുകയോ അറിയാന്‍  ശ്രമിക്കുകയോ ചെയ്യാതെയാണ് കൂട്ടുകാരായി വളര്‍ന്നുവന്നത്. അവരില്‍ വിവിധ ജാതിയിലുള്ളവരുമായി ഇന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കുവാനും സാധിക്കുന്നു. അന്നത്തെ അധ്യാപകരും രക്ഷിതാക്കളും ജാതിവിഷം അടിച്ചേല്‍പ്പിച്ചിരുന്നില്ല. 

എന്നാല്‍ ഇന്ന് അല്‍പം താഴെത്തട്ടിലുള്ള ഒരു വ്യക്തി നല്ല നിലയിലെത്തിയാല്‍ രാഷ്ട്രീയ-മാധ്യമ സമൂഹം ആ വ്യക്തിയുടെ ജാതകം പരിശോധിച്ച് പൂര്‍വ്വകാലത്തെപ്പറ്റി അപഗ്രഥനം നടത്തി വീണ്ടും താഴ്ത്തിക്കെട്ടി സമൂഹ മനഃസാക്ഷിക്കു മുമ്പില്‍ വേര്‍തിരിച്ചു നിര്‍ത്തുവാന്‍ ശ്രമിക്കുന്ന കാഴ്ച വേദനാജനകമാണ്. മാത്രമല്ല, അക്ഷന്തവ്യമായ അപരാധവും ഭരണഘടനാപരമായ കുറ്റവുമാണ്. മനുഷ്യമനസ്സിലെ മുറിവുകള്‍ ഉണങ്ങിവരുമ്പോള്‍ വീണ്ടും ചൊറിഞ്ഞ് വ്രണമാക്കുന്ന അവസ്ഥയ്ക്ക് ഒരു പരിസമാപ്തിയുണ്ടായാല്‍ ജാതിവ്യവസ്ഥ സമൂഹത്തില്‍നിന്ന് നീക്കംചെയ്യാന്‍ (േകരളത്തില്‍ പ്രത്യേകിച്ചും) സാധിക്കുമെന്നതിന് യാതൊരു സംശയവുമില്ല.

അഡ്വ. പി. ബാലകൃഷ്ണന്‍, കോഴിക്കോട്

ഗാനഗന്ധര്‍വനും ഞാനും

ജനുവരി നാലിലെ 'ജന്മഭൂമി'യില്‍ ചേര്‍ത്ത നിഖില്‍ കെ.പി, മാവിലായിയുടെ 'ഗാനഗന്ധര്‍വനെക്കുറിച്ച്' എന്ന കത്ത് വായിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. 

ഈശ്വരനിശ്ചയമാണെന്നു തോന്നുന്നു, എന്റെയും  ഗാനഗന്ധര്‍വന്റെയും ജനനം 1940-കളിലാണ്. അദ്ദേഹം ജനിച്ചത് േഫാര്‍ട്ടുകൊച്ചി പ്രദേശത്തായിരുന്നതുപോലെ എന്റെ ജനനവും ആ പ്രദേശത്തുതന്നെ (അമരാവതി) ആയിരുന്നു. ചെറിയ പരിപാടികളില്‍ പങ്കെടുക്കവെ, വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ തന്നെ ഗാനഗന്ധര്‍വന്‍ ആലപിച്ച ഗാനങ്ങളായിരുന്നു ഞാന്‍ പാടിയിരുന്നത്. 1970 കളുടെ അവസാനം മുതല്‍ ഇന്നുവരെയും, സേവനം ചെയ്ത ബാങ്കിലെ പരിപാടികളില്‍ ഞാന്‍ പാടാറുണ്ട്. ആ ഗാനങ്ങള്‍ യേശുദാസ് ഹിന്ദിഗാനങ്ങളുടെ തുടക്കം കുറിച്ച 'ചിറ്റ്‌ചോര്‍' എന്ന ഹിന്ദി ചലച്ചിത്രത്തിലേതാണ്. 'ജബ് ദീപ് ജലെ ആനാ...' എന്ന യുഗ്മഗാനമാണ് ഞാന്‍ അധികവും പാടുക. ഗാനഗന്ധര്‍വന്റെ സപ്തതി ആഘോഷിച്ചത് എറണാകുളം ടൗണ്‍ഹാളിലായിരുന്നു. 

ഒരു ക്രിസ്ത്യാനിയായിട്ടാണ് ജനിച്ചതെങ്കിലും, താന്‍ ഒരു ഭാരതീയനാണെന്നും, ഭാരത സംസ്‌കാരം തന്റെയും ഭാഗമാണെന്നും ഇന്നും അദ്ദേഹം ദൃഢമായി വിശ്വസിച്ച് ആചരിച്ചുവരുന്നു. അദ്ദേഹത്തിന്റെ ഒരു ആഗ്രഹംകൂടി ബാക്കിയുണ്ട്. അതുടന്‍ സഫലീകരിക്കാന്‍ അദ്ദേഹത്തിന്റെ 79-ാം ജന്മദിനത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

വാ. ലക്ഷ്മണപ്രഭു, എറണാകുളം

ഹസ്സന്റെ പ്രസ്താവന ദുരുപദിഷ്ടം

മുത്തലാഖ് ബില്ലിന്റെ പേരില്‍ എഐസിസി നിലപാടിനെതിരെ പ്രതികരിച്ച കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഇന്ത്യ മതേതരരാജ്യമാണെന്ന കാര്യം ദേശീയ പാര്‍ട്ടി നേതാവായ ഹസ്സന്‍ മറന്നുപോയിരിക്കുന്നു. മുത്തലാഖ് ശരിക്കും സ്ത്രീപീഡനമാണെന്നു കണ്ടതിനാലാണ് സുപ്രീംകോടതി അതിനെതിരെ ഉത്തരവിറക്കിയത്. ഇതിനെ എതിര്‍ക്കുന്നത് നിയമവിരുദ്ധമാണ്.

സ്ത്രീയുടെ നേരെ വിരല്‍ചൂണ്ടുന്നതുപോലും സ്ത്രീപീഡനമായി കണക്കാക്കാന്‍ നിയമനിര്‍മാണമുള്ള നമ്മുടെ രാജ്യത്ത്, ഒരു കാരണവും കൂടാതെ മൂന്നുപ്രാവശ്യം വേണ്ടയെന്നുരുവിട്ട് മൊഴിചൊല്ലുന്ന ഏര്‍പ്പാട് സ്ത്രീപീഡനമാണ്. ശക്തമായ തീവ്രവാദമുള്ള മുസ്ലിംരാഷ്ട്രങ്ങളില്‍പ്പോലും മുത്തലാഖ് നിയമവിരുദ്ധമായിരിക്കെ മതേതര രാഷ്ട്രമായ ഇന്ത്യ അതിനെ സംരക്ഷിക്കുന്നതെന്തിനാണ്?

മതേതര രാഷ്ട്രത്തിനുവേണ്ടത് ഏകീകൃത സിവില്‍ നിയമമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44- ല്‍ ഇതു സംബന്ധിച്ച വ്യക്തമായ പ്രതിപാദ്യമുണ്ട്. ഇന്ത്യ മുസ്ലിം രാഷ്ട്രമല്ലെന്ന കാര്യം ഹസ്സന്‍ മറക്കരുത്. കോണ്‍ഗ്രസിന് തത്ത്വദീക്ഷയും ആര്‍ജവവുമുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ടതാണ്.

പി.കെ. ശങ്കരന്‍കുട്ടി, കഴക്കൂട്ടം

ആലപ്പുഴയ്ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ലേ?

പുതിയ ട്രെയിനുകളെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചു. കോട്ടയം റൂട്ടിലാണെന്ന് പറഞ്ഞിരിക്കുന്നു. ചിരി വരുന്നു സര്‍, കോട്ടയം റൂട്ടാണെന്ന് എടുത്തുപറയേണ്ട ആവശ്യമേയില്ല. ഏത് പുതിയ ട്രെയിനാണെങ്കിലും അത് കോട്ടയം വഴിയായിരിക്കുമെന്ന് ഞങ്ങള്‍ ആലപ്പുഴക്കാര്‍ക്കറിയാം. തിരുവനന്തപുരത്തേക്കും, തിരിച്ചും ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ട്രെയിന്‍ ഇന്റര്‍സിറ്റി മാത്രം. അസമയത്തുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍കൊണ്ട് എന്തു നേട്ടം? ആലപ്പുഴയ്ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല. കോട്ടയത്തെ അപേക്ഷിച്ച് ആലപ്പുഴ റെയില്‍ റൂട്ടിന് സമയലാഭം ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. എന്തു പ്രയോജനം?

രാജലക്ഷ്മി, തിരുവമ്പാടി, ആലപ്പുഴ

പൗലോസു തൊട്ടാല്‍...

പൗലോസു തൊട്ടാല്‍ പരിശുദ്ധമായി എന്നു കേട്ടിട്ടില്ലേ. ഒരു പഴമൊഴിയാണ്. എം.പി. വീരേന്ദ്രകുമാറിന്റെ കാര്യത്തിലും മേല്‍പറഞ്ഞ ചൊല്ല് അന്വര്‍ത്ഥമാകാന്‍ പോകുന്നു.

ഇടതു പാളയത്തിലെത്തിയാല്‍ ഏവരും പരിശുദ്ധര്‍! അത് ബാലകൃഷ്ണപിള്ളയായാലും മാണിയായാലും കോണിയായാലും എല്ലാം തഥൈവ!

വീരേന്ദ്രകുമാറിന്റെ പേരില്‍ ഇടതുപക്ഷം ഉന്നയിച്ചിരുന്ന വയനാട്ടിലെ ഭൂമികയ്യേറ്റ ആരോപണവും മറ്റും പിന്നെ സ്വയം ആവിയായി പൊയ്‌ക്കൊള്ളും. അതാണ് നാട്ടുനടപ്പ്. ഏതായാലും ഒരു കാര്യം പറയാതെ വയ്യ. ചിലരുടെ തൊലിക്കട്ടി അപാരംതന്നെ. കാണ്ടാമൃഗത്തെപ്പോലും വെല്ലുന്നതരം.

എം. ശ്രീധരന്‍, വരവൂര്‍, തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.