ചെറുത്തുതോല്‍പ്പിക്കേണ്ട മയക്കുമരുന്ന് ഭീഷണി

Wednesday 10 January 2018 2:42 am IST

പേടിപ്പെടുത്തുന്നതാണ് നമ്മുടെ യുവ സമൂഹത്തിന്റെ പോക്ക്. പുതുയുഗത്തിന്റെ നേരറിവുകളിലേക്ക് ശാസ്ത്രത്തിന്റെ കൈപിടിച്ച് കുതിക്കുമ്പോള്‍ തന്നെ അവര്‍ മറ്റൊരു ലോകത്തിന്റെ ക്ഷണികസുഖം നുകരാനാണ് തത്രപ്പെടുന്നത്. ശാസ്ത്രത്തിന്റെ വിസ്മയാവഹമായ രീതികള്‍ പോലും അതിനായി വഴിതിരിച്ചുവിടുന്നു. ഭാവിഭാഗധേയം കെട്ടിപ്പടുക്കേണ്ട അവര്‍ മയക്കുമരുന്നിനും അതുമായി ബന്ധപ്പെട്ട സംഗതികള്‍ക്കുമായി ജീവിതം മാറ്റിവയ്ക്കുകയാണോ എന്ന സംശയം അസ്ഥാനത്തല്ല.

സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ഭീതിദമാം വണ്ണം മയക്കുമരുന്നുകളുടെ സ്വാധീനം വര്‍ധിച്ചുവരികയാണ്. എന്തു വിലകൊടുത്തും അവ വാങ്ങാന്‍ അവര്‍ തിരക്കുകൂട്ടുന്നു. സാമ്പത്തികമായി മുന്നേറിയ കുടുംബങ്ങളിലെ കുട്ടികള്‍ മാത്രമല്ല ഇതിന്റെ കെടുതിയില്‍ അകപ്പെട്ടു പോവുന്നത്. സ്‌കൂള്‍-കോളജ് ജീവിതത്തിന്റെ വര്‍ണാഭമായ മുഖത്തിനു പിന്നില്‍ അപകടകരമായ മയക്കുമരുന്നു മാഫിയ ഫണം വിടര്‍ത്തി നില്‍ക്കുകയാണ്. മദ്യത്തിനെതിരെയുള്ള നിലപാടുകള്‍ കര്‍ക്കശമാക്കിയതും അതിന്റെ ലഭ്യത തുലോം കുറഞ്ഞതും മയക്കുമരുന്നു മാഫിയയെ കളംമാറി ചവിട്ടാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. നിസ്സഹായരും പാവങ്ങളുമായ കുട്ടികളെയാണ് ഇത്തരക്കാര്‍ ചൂണ്ടയില്‍ കോര്‍ക്കുന്നത്.

മയക്കുമരുന്നിന്റെ ലഭ്യത വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ കുറ്റകൃത്യനിരക്കില്‍ റോക്കറ്റ് വേഗതയാണുണ്ടായിരിക്കുന്നതെന്ന് എക്‌സൈസ് വിഭാഗത്തിലെ ഉന്നതര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.  കൊണ്ടു നടക്കാന്‍ അത്ര വലിയ ബുദ്ധിമുട്ടില്ലാത്തതിനാല്‍ മയക്കുമരുന്ന് കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ലഹരി നുണയാന്‍ എത്തുന്നുവെന്നതാണ് ഇതിലെ ഏറ്റവും അപകടകരമായ  വശം. സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014 ല്‍ ഇത്തരത്തില്‍ 2239 കേസുകള്‍ ഉണ്ടായെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എണ്ണം ഇരട്ടിയില്‍ കൂടുതലായി. 2017 അവസാനമായപ്പോഴേക്കും എണ്ണം 6450 ആയെന്ന് കാണുമ്പോള്‍ തന്നെ യുവ സമൂഹത്തില്‍ മയക്കുമരുന്നിന്റെയും അനുബന്ധ പദാര്‍ത്ഥങ്ങളുടെയും സ്വാധീനം എത്രയെന്ന് കാണാം.

മയക്കുമരുന്നിന്റെ ഉപയോഗം വ്യക്തിയെ മാത്രമല്ല,  കുടുംബത്തെയും അവരുമായി ബന്ധപ്പെടുന്നവരെയും തീരാവ്യഥയിലേക്കാണ് തള്ളിവിടുന്നത്. നഗരവല്‍ക്കരണത്തിന്റെ അപകടകരമായ മുഖംകൂടിയാണ് ഇതെന്ന് കാണുമ്പോള്‍ പ്രത്യാഘാതങ്ങള്‍ എന്താവുമെന്ന് ഈഹിക്കാവുന്നതേയുള്ളു. സംസ്ഥാനത്ത് കൊച്ചിയാണ് അതിവേഗത്തില്‍ വികസിക്കുന്ന നഗരമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അതിന്റെ ക്രിയാത്മക വശത്തെ പുറന്തള്ളി ലഹരി മാഫിയ ആര്‍ത്തുല്ലസിക്കുന്ന സ്ഥിതിയാണുള്ളത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മാത്രം 90ലേറെ കേസുകളാണ് അവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 60 പേര്‍ അറസ്റ്റിലുമായി. 40 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.

മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ സന്ധിയില്ലാത്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും യുവജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയുമാണ് ഈ വിപത്ത് ഇല്ലായ്മ ചെയ്യാനുള്ള നടപടികളില്‍ പ്രധാനം. സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളെ കാരിയര്‍മാരാക്കിയും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കര്‍ക്കശമായി നിരീക്ഷിച്ച് നടപടിയെടുക്കണം. സര്‍ക്കാര്‍-പൊലീസ് വിഭാഗങ്ങളുടെ ഉത്തരവാദിത്തം മാത്രമാണ് ഇതെന്ന് കരുതാന്‍ വയ്യ. പൊതുസമൂഹവും അവര്‍ക്കൊപ്പം ജാഗ്രതയോടെ നിലയുറപ്പിക്കണം. യുവസമൂഹം കൗതുകത്തിനുവേണ്ടിയും അറിയാതെയും ഇത്തരം മയക്കുമരുന്നുകള്‍ ഉപയോഗിച്ച് കെണിയില്‍പ്പെടുകയാണ്. ആഡംബരങ്ങളോടും മറ്റുമുള്ള അമിതാഗ്രഹവും ഇതിനവരെ പ്രേരിപ്പിക്കുന്നുണ്ടാവാം. അതൊക്കെ കണ്ടെത്താന്‍ രക്ഷിതാക്കളും ശ്രദ്ധിച്ചെങ്കിലേ ഇതിനെ നേരിടാനാവൂ. അതിന്  നിതാന്ത ജാഗ്രതയും നടപടികളുമാണ് വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.