അതിരൂപത ഭൂമി വിവാദം: അന്വേഷണത്തിന് സമിതി, സിനഡില്‍ സജീവ ചര്‍ച്ച

Wednesday 10 January 2018 2:30 am IST

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാട് വിവാദത്തില്‍ ഉചിതമായ പരിഹാരമുണ്ടാകണമെന്ന് സീറോ മലബാര്‍സഭ സിനഡ്. വിവാദം സിനഡില്‍ വിശദമായി ചര്‍ച്ച ചെയ്തു. പ്രശ്‌നപരിഹാരത്തിനായി സിനഡ് പുതിയ സമിതി രൂപീകരിച്ചു. 

ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് കണ്‍വീനര്‍. ബിഷപ്പുമാരായ മാര്‍ ജേക്കബ്ബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണ് അംഗങ്ങള്‍. കഴിയും വേഗം ഭൂമി വില്‍പ്പന  അന്വേഷിച്ച് ഉചിതമായ പരിഹാരം നിര്‍ദ്ദേശിക്കണമെന്നാണ് സിനഡ് നിര്‍ദ്ദേശം. തീരുമാനം വരുന്നതുവരെ പരസ്യ ചര്‍ച്ചയും വിലക്കി.

കഴിഞ്ഞ ദിവസം സിനഡ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ സിനഡിനെ വിശദമായി ധരിപ്പിച്ചിരുന്നു. സാങ്കേതികമായ നോട്ടക്കുറവുമൂലം വീഴ്ച സംഭവിച്ചതായാണ് അദ്ദേഹം പറഞ്ഞത്.  ഭൂമി ഇടപാട് അങ്കമാലി അതിരൂപതയുടെ മാത്രം കാര്യമാണെന്നും സഭയെ ഒന്നടങ്കം ബാധിക്കുന്നതല്ലെന്നും അതിനാല്‍ സിനഡിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ തീരുമാനം. എന്നാല്‍ മാര്‍ ആലഞ്ചേരി തന്നെ പ്രശ്‌നം സിനഡില്‍ ഉന്നയിച്ചു. സിനഡില്‍ ഇത് ചര്‍ച്ച ചെയ്യണമെന്ന് പാതിരി സമിതി കത്തു നല്‍കുകയും ചെയ്തിരുന്നു. 

സിനഡില്‍ നിന്ന് സ്ഥാനമൊഴിയുന്ന ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് പകരം പുതിയ മെത്രാനെ നിയമിക്കുന്നത് സംബന്ധിച്ച് സിനഡില്‍ ധാരണയായി. പുതിയ മെത്രാന്റെ പേര്‍ വത്തിക്കാന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കുന്ന മുറയ്ക്ക് പുതിയ മെത്രാനെ പ്രഖ്യാപിക്കും.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.