തൊഴിലാളി ക്ഷേമപദ്ധതി: അടവ് വിഹിതം ഇരട്ടിയാക്കി

Wednesday 10 January 2018 2:30 am IST

കൊച്ചി: അസംഘടിത തൊഴില്‍ മേഖലയിലെ തൊഴിലാളി ക്ഷേമ പദ്ധതിയുടെ അംശദായ നിരക്ക് ഇരട്ടിയിലേറെയാക്കി സര്‍ക്കാര്‍. പുതിയതായി രൂപീകരിച്ച അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് വര്‍ദ്ധന. വിവിധ ക്ഷേമനിധികളില്‍ പ്രതിവര്‍ഷം 50രൂപ മുതലുണ്ടായിരുന്ന അംശദായങ്ങളാണ് ഒറ്റയടിക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചത്. നേരത്തെ ക്ഷേമനിധിയിലേക്കുള്ള ഏറ്റവും ഉയര്‍ന്ന തുക 480 രൂപയായിരുന്നു. ഇതില്‍ പകുതി തുക തൊഴിലാളിയും, ബാക്കി തൊഴിലുടമയുമാണ് അടച്ചിരുന്നത്. തോട്ടം, തയ്യല്‍ മേഖലയിലുള്ളവരായിരുന്നു ഈ വിഭാഗത്തിലുണ്ടായിരുന്നത്. ഇവര്‍ ഇനി മുതല്‍ 1200 രൂപ അടയ്‌ക്കേണ്ടി വരും.

പഴയ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് ദീര്‍ഘകാലം അംശദായം അടച്ചവരുടെ മുന്‍കാല സര്‍വീസ് സംരക്ഷിക്കുന്നതിനെപ്പറ്റിയും ഉത്തരവില്‍ വ്യക്തമായി പറയുന്നില്ല. പുതിയ പദ്ധതിയിലുള്ള സര്‍ക്കാര്‍ വിഹിതത്തെപ്പറ്റിയും പരാമര്‍ശമില്ല. 2016 ഫെബ്രുവരിയിലാണ് പുതിയ പദ്ധതി നിലവില്‍ വന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ കാലയളവ് തൊട്ടുള്ള കുടിശ്ശികയും ചേര്‍ത്ത് അംശദായം അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. തുച്ഛമായ വരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നതാണ് പുതിയ തീരുമാനം.

നേരത്തെ അസംഘടിത മേഖലയിലെ ആറ് ക്ഷേമ പദ്ധതികള്‍ അസാധുവാക്കിയാണ് 2016ല്‍ പുതിയ പദ്ധതി നടപ്പാക്കിയത്. കേരള കൈ തൊഴിലാളി- വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍- ബ്യൂട്ടീഷ്യന്‍സ് ക്ഷേമപദ്ധതി, അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി, പാചകത്തൊഴിലാളി ക്ഷേമനിധി, ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി എന്നിവയുടെ പ്രവര്‍ത്തനമാണ് റദ്ദാക്കിയത്. ഇതില്‍ അംഗങ്ങളായിരുന്നവര്‍ പുതിയ പദ്ധതിയിലും അംഗങ്ങളായിരിക്കണം.

2008ലെ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ആക്ട് പ്രകാരം രേഖകള്‍ സൂക്ഷിക്കാനും, തൊഴിലാളികളുടെ രജിസ്ട്രേഷനും ജില്ലാ ഭരണകൂടത്തെയാണ് ഏല്‍പ്പിച്ചിരുന്നത്. അന്ന് പദ്ധതിയുടെ ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കായിരുന്നു. പിന്നീട് ഈ അധികാരം കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്ക് കൈമാറിയിരുന്നു. റവന്യു വകുപ്പിന്റെ ശുപാര്‍ശകൂടി കണക്കിലെടുത്താണ് അധികാരങ്ങള്‍ ബോര്‍ഡിന് കൈമാറിയത്.

അജയ് ആര്‍. കാര്‍ണവര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.