തിരുവാഭരണ ഘോഷയാത്ര 12ന് പുറപ്പെടും

Wednesday 10 January 2018 2:30 am IST

പന്തളം: മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നും പുറപ്പെടും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ നാളെ രാത്രി ഏറ്റുവാങ്ങുന്ന തിരുവാഭരണങ്ങള്‍ 12ന് പുലര്‍ച്ചെ 5 മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വയ്ക്കും. 11.30ന് പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മരാജയെ മേടക്കല്ലില്‍നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലെത്തിക്കും. 

12ന് പ്രത്യേക പൂജകള്‍ക്കായി നടയടയ്ക്കും. കര്‍പ്പൂരദീപവും നീരാജനവുമുഴിഞ്ഞ് വീരാളിപ്പട്ടു വിരിച്ച് തിരുവാഭരണപേടകം ഒരുക്കും. തുടര്‍ന്ന് മേല്‍ശാന്തി പൂജിച്ചു നല്‍കുന്ന ഉടവാള്‍ രാജപ്രതിനിധി പി. രാജരാജവര്‍മ്മയെ വലിയതമ്പുരാന്‍ ഏല്‍പ്പിക്കും. ക്ഷേത്രത്തിനുമുകളില്‍ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുകയും നക്ഷത്രമുദിക്കുകയും ചെയ്യുമ്പോള്‍ ഒരുമണിക്ക് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ള തിരുവാഭരണങ്ങള്‍ അടങ്ങുന്ന പേടകം ശിരസ്സിലേറ്റി ഘോഷയാത്ര ആരംഭിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.