പുത്തന്‍ തന്ത്രങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്

Wednesday 10 January 2018 2:45 am IST

ന്യൂദല്‍ഹി: പുതിയ കോച്ചും പുതിയ താരവും പുതിയ തന്ത്രങ്ങളുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ രണ്ടാം എവേ മത്സരത്തിന് ഇന്ന് ഇറങ്ങും. ദല്‍ഹി ഡൈനാമോസാണ് എതിരാളികള്‍.

കൊച്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ പൂനെ സിറ്റിയെ 1-1ന് സമനില പിടിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നിറംകെട്ട പ്രകടനം നടത്തിയ ബ്ലാസ്‌റ്റേഴ്‌സിനെ പകുതി വഴിയില്‍ വച്ച് കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ ഉപേക്ഷിച്ചുപോയി. പിന്നീട് ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും േകാച്ചുമായ ഡേവിഡ് ജെയിംസ് ചുമതലയേറ്റശേഷം നടന്ന ആദ്യ മത്സരത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് പൂനെയെ സമനിലയില്‍ തളച്ചത്. ആദ്യ പകുതിയില്‍ കളിക്കാരുടെ പ്രകടനങ്ങള്‍ നിരീക്ഷിച്ചശേഷം രണ്ടാം പകുതിയില്‍ ഡേവിഡ് ജെയിംസ് വരുത്തിയ മാറ്റങ്ങള്‍ നിര്‍ണായകമായി. അതുവരെ കണ്ട ബ്ലാസ്‌റ്റേഴ്‌സായിരുന്നില്ല പിന്നീട് കളത്തില്‍.  ബെര്‍ബറ്റോവിന് പകരം കളത്തിലെത്തിയ ഉഗാണ്ടയുടെ 20കാരന്‍ കെസിറോണ്‍ കിസിറ്റോയുടെ കളി മികവ് ബ്ലാസ്‌റ്റേഴ്‌സിന് പുതിയ ദിശാബോധം നല്‍കുന്നതാണ് കണ്ടത്. ചടുലമായ വേഗവും ഡ്രിബ്ലിങ് പാടവുംകൊണ്ട് കിസിറോണ്‍ എതിരാളികളെ അമ്പരപ്പിക്കുകയായിരുന്നു. 

 രണ്ടാം പകുതിയില്‍ കേളി ശൈലിയിലും ജെയിംസ് മാറ്റം വരുത്തി. ആദ്യപകുതിയിലെ 4-1-3-1 രീതിയില്‍ നിന്ന്  തന്റെ ഇഷ്ട ഫോര്‍മേഷനായ 4-4-2 രീതിയിലേക്ക് ടീമിനെ മാറ്റുകയും ചെയ്തു. ഇതോടെ മുന്നേറ്റത്തില്‍ സിഫ്‌നിയോസിനും ഹ്യൂമിനും യഥേഷ്ടം അവസരങ്ങളാണ് ലഭിച്ചത്.

 സസ്‌പെന്‍ഷന്‍ കഴിഞ്ഞ പെസിച്ച് കളിക്കാനെത്തുമ്പോള്‍ ആദ്യ ഇലവനില്‍ കിസിറ്റോ ഉണ്ടാവുമോ എന്നാണ് ഇനി അറിയാനുള്ളത്. കിസിറ്റോ ഇറങ്ങിയാല്‍ വെറ്ററന്‍ താരങ്ങളായ ബെര്‍ബറ്റോവോ വെസ് ബ്രൗണോ പകരക്കാരുടെ ബെഞ്ചിലേക്ക് മാറിയേക്കും. കൂടാതെ കിസിറ്റോയെ പ്ലേ മേക്കറായി ഇറക്കി ബെര്‍ബയെ സ്‌ട്രൈക്കറായി നിയോഗിക്കാനും സാധ്യതയുണ്ട്. അതേസമയം സി.കെ. വിനീത് ഇന്ന് കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല.

 ഡേവിഡ്—ജെയിംസ്—ടീമില്‍ വിശ്വാസം രേഖപ്പെടുത്തി. കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കളിക്കാരില്‍ ചിലര്‍ക്ക്—കായികക്ഷമതാ പരിശോധന നടത്തിയതായി അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ എല്ലാ കളിക്കാരും പോരാടാന്‍ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എട്ട്— മത്സരങ്ങളില്‍ കേവലം ഒരു ജയം മാത്രമാണ്—കേരള ബ്ലാസറ്റേഴ്‌സിനുള്ളത്. എട്ട് പോയിന്റുമായി എട്ടാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് ദല്‍ഹിയെ പരാജയപ്പെടുത്തിയാല്‍ 11 പോയിന്റുമായി 6-ാം സ്ഥാനത്തേക്ക് ഉയരാന്‍ കൊമ്പന്മാര്‍ക്ക് കഴിയും.

അതേസമയം ദല്‍ഹിക്കും ഇന്ന് പലതും തെളിയിക്കാനുണ്ട്. തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്കുശേഷം എവേ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയുമായി 2-2ന് സമനില പാലിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്  ഡൈനാമോസ് ഇന്ന് കളിക്കാനിറങ്ങുന്നത്. മികച്ച താരങ്ങളുണ്ടായിട്ടും ടീമെന്ന നിലയില്‍ ഒത്തിണങ്ങാന്‍ കഴിയാത്തതാണ് അവരെ ബുദ്ധിമുട്ടിലാക്കുന്നത്.  എട്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ആറ് പരാജയവുമടക്കം 4 പോയിന്റുമായി ഏറ്റവും പിന്നിലാണ് ദല്‍ഹി  . ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകള്‍ മാത്രം അടിച്ച അവര്‍ വാങ്ങിക്കൂട്ടിയത് 21 എണ്ണം. 

കേരള ബ്ലാസറ്റേഴ്‌സ്—വളരെ പരിചസമ്പത്തുള്ള ടീമാണ്—അതേപോലെ അവരുടെ പ്രതിരോധവും വളരെ ശക്തമാണ്. ഇത്രയേറെ കെട്ടുറപ്പുള്ള ഒരു ടീമിനെ തകര്‍ക്കുക ദുഷ്‌കരമാണ്. എന്നിരുന്നാലും സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന ഞങ്ങള്‍ക്കു  ഇന്ന് ജയിച്ചേ തീരൂ, ദല്‍ഹി ഡൈനാമോസിന്റെ പരിശീലകന്‍ മിഗുവേല്‍ എഞ്ചല്‍ പോര്‍ച്ചുഗല്‍ പറഞ്ഞു. 

കഴിഞ്ഞ മൂന്നു സീസണുകളിലായി ദല്‍ഹി എട്ടു തവണ കേരള ബ്ലാസറ്റേഴ്‌സിനെതിരെ കളിച്ചു. ഇതില്‍ രണ്ടു തവണ ജയിച്ചു. മൂന്നു തവണ തോറ്റു. മൂന്നു തവണ സമനിലയില്‍ സമാപിച്ചു. ഇരുടീമുകളും വിജയം മാത്രം ലക്ഷ്യമാക്കിയായിരിക്കും ഇന്ന് മൈതാനത്തിറങ്ങുക എന്ന് പരിശീലകര്‍ വ്യക്തമാക്കിയതോടെ വാശിയേറിയ പോരാട്ടത്തിനായിരിക്കും ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.